വിഴിഞ്ഞം സമരം;കലാപ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ദേശാഭിമാനി മുഖപ്രസംഗം

വി‍ഴിഞ്ഞത്തെ അക്രമ സമരം കലാപാഹ്വാനമെന്ന് ദേശാഭിമാനി മുഖപ്രസംഗം. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച സര്‍ക്കാര്‍ നടപടിക്കൊപ്പം നിന്ന് സമരക്കാര്‍ പിന്മാറണം. വിമോചനസമരത്തിന്‍റെ പാഠപുസ്തകം ചിലരിപ്പോളും കൈയില്‍ കരുതുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖപ്രസംഗം.

വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രക്ഷോഭം 100 ദിവസം പൂര്‍ത്തിയാകുമ്പോള്‍ സമരം വ്യാപക അക്രമങ്ങളിലേക്ക് വ‍ഴിതിരിഞ്ഞത് ചില ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണെന്ന് വ്യക്തമാവുകയാണ്. നാട്ടില്‍ ഉയര്‍ന്നുവരുന്ന വിവിധ വിഷയങ്ങളില്‍ പ്രതിഷേധവഴി തെരഞ്ഞെടുക്കുന്നത് തെറ്റല്ല. എന്നാൽ, സ്ഥാപിത താൽപ്പര്യക്കാരുടെ കൈയിലെ ആയുധമായി ആരു മാറിയാലും ജനാധിപത്യസമൂഹത്തിന്‌ അംഗീകരിക്കാനാകില്ലെന്നാണ് ദേശാഭിമാനി മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നത്.

വി‍ഴിഞ്ഞം സമരമുയര്‍ന്നുവന്ന ഘട്ടത്തില്‍ സര്‍ക്കാരും സിപിഐഎമ്മും നിരവധി തവണയാണ് സമരക്കാരുമായി ചര്‍ച്ച നടത്തിയത്. പ്രക്ഷോഭകരുടെ ഏ‍ഴില്‍ ആറ് ആവശ്യങ്ങളും അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ നിര്‍മാണത്തിന്‍റെ 80 ശതമാനവും പൂര്‍ത്തിയായ തുറമുഖത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകാത്തതാണ്.

സമരത്തിന്‌ വാർത്താപ്രാധാന്യം നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവാകണം കലാപത്തിലേക്ക് മുതിരാന്‍ സമരക്കാരെ പ്രേരിപ്പിച്ചത്. ആരില്‍ നിന്നും ഒരു പ്രകോപനവുമില്ലാതെയായിരുന്നു അഴിഞ്ഞാട്ടം. തെറിയഭിഷേകവുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഓടിയടുത്ത സമരക്കാര്‍ ഭീഷണിപ്പെടുത്താനും കല്ലെറിയാനും മുതിര്‍ന്നു. വനിതാമാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. വിമോചന’ സമരത്തിന്റെ പാഠപുസ്‌തകം ചിലർ ഇപ്പോഴും കൈയിൽകരുതുന്നുണ്ടോയെന്ന സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു. വിമോചനസമരങ്ങളുടെ നായകരിലൊരാളായ ഫാ. ജോസഫ്‌ വടക്കൻ ‘എന്റെ കുതിപ്പും കിതപ്പും’ ആത്മകഥയിൽ കുറ്റങ്ങള്‍ ഏറ്റുപറയാൻ നിർബന്ധിതനായത്‌ മറക്കാതിരിക്കണമെന്നും ദേശാഭിമാനി മുഖപ്രസംഗം ഓര്‍മിപ്പിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News