മലയാളത്തിലെ പ്രശസ്ത നടൻ കെ.പി ഉമ്മർ(kp ummer) ഓർമയായിട്ട് ഇന്ന് 21 വർഷം. നാടകവേദികളിൽ നിന്നെത്തി മലയാള സിനിമയിൽ നായകനും വില്ലനും സ്വഭാവനടനുമൊക്കെയായിവളർന്ന ഉമ്മർ മലയാളമനസുകളിൽ ഇന്നും മായാത്ത ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ചാണ് കടന്നുപോയത്.
പ്രേം നസീര്‍ നായകനായിരുന്ന കാലത്ത് വില്ലനായ ഉമ്മര്‍ ‘സുന്ദരനായ വില്ലന്‍’ എന്ന വിശേഷണത്തിന് അര്‍ഹനായി. സ്നേഹജാൻ എന്ന പേരിൽ ആദ്യം അഭിനയിച്ച അദ്ദേഹം അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ‘മൂലധനം’ എന്ന ചിത്രത്തിലെ കെ പി ഉമ്മറിന്റെ ‘ശാരദേ ഞാനൊരു വികാരജീവിയാണ്’ എന്ന വാചകം, ഇന്നും, മിമിക്രി വേദികളെ ഹരം കൊള്ളിക്കുന്നതാണ്.
ADVERTISEMENT
കോഴിക്കോട് തെക്കേപ്പുറത്ത് 1930 ഒക്ടോബര്‍ 11 നായിരുന്നു കച്ചിനാംതൊടുക പുരയില്‍ ഉമ്മര്‍ എന്ന കെ പി ഉമ്മറിന്റെ ജനനം. ചെറുപ്പത്തിൽ ഫുട്ബോളായിരുന്നു കെ.പി.ഉമ്മറിന്റെ ഇഷ്ടമേഖല. വളരെ യാദൃച്ഛികമായാണ് ഉമ്മര്‍ അഭിനയരംഗത്തെത്തുന്നത്. ‘ആരാണപരാധി’ എന്ന നാടകത്തില്‍ ജമീല എന്ന സ്ത്രീയുടെ വേഷം കെട്ടിയാണ് ആദ്യമായി അദ്ദേഹം നാടകത്തില്‍ അഭിനയിക്കുന്നത്.
നാടക രംഗത്ത് തുടര്‍ന്ന ഉമ്മർ, കെ ടി മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ്’ എന്ന നാടകത്തിലെ ഹാജിയാരുടെ വേഷത്തിലൂടെ ആണ് ശ്രദ്ധിക്കപ്പെട്ടത്. കെ ടിയുടെ തന്നെ ‘മനുഷ്യന്‍ കാരാഗൃഹത്തിലാണ്’, ‘കറവവറ്റ പശു’ തുടങ്ങിയ നാടകങ്ങളും അദ്ദേഹത്തെ പ്രശസ്തനാക്കി. കെ ടി മുഹമ്മദിന്റെ നാടകങ്ങള്‍ സമ്മാനിച്ച ഖ്യാതിയാണ് അദ്ദേഹത്തെ കെ പി എ സിയിലെത്തിച്ചത്.
‘പുതിയ ആകാശം പുതിയ ഭൂമി’, ‘ശരശയ്യ’, ‘അശ്വമേധം’ തുടങ്ങി ഒരു പിടി നാടകങ്ങളില്‍ സജീവമായി നില്ക്കുന്നതിനിടെയാണ് 1956 ല്‍ ഭാസ്‌ക്കരന്‍ മാഷിന്റെ ‘രാരിച്ചന്‍ എന്ന പൗരനി’ലൂടെ സിനിമയിലെത്തുന്നത്. ആദ്യ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി. ആദ്യകാലങ്ങളില്‍ ഉമ്മര്‍ സ്‌നേഹജാന്‍ എന്ന പേരിലായിരുന്നു അദ്ദേഹം അഭിനയിച്ചിരുന്നത്.
പിന്നീട് ‘സ്വര്‍ഗ്ഗരാജ്യം’, ‘ഉമ്മ’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും ഉമ്മർ നാടകത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും കെ പി എ സിയില്‍ സജീവമായി തുടരുകയും ചെയ്തു. 1965 ല്‍ എം ടിയാണ് ‘മുറപ്പെണ്ണ്’ എന്ന തന്റെ സിനിമയിലൂടെ ഉമ്മറിനെ വീണ്ടും ചലച്ചിത്രലോകത്തേക്ക് കൊണ്ടുവന്നത്.1966 ല്‍ പുറത്തിറങ്ങിയ ‘കരുണ’ അദ്ദേഹത്തിന്റെ കരിയര്‍ മാറ്റിമറിച്ചു. കരുണയിലെ ഉപഗുപ്തന്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഉമ്മറിനു കൂടുതല്‍ വേഷങ്ങള്‍ ലഭിച്ചു.
‘നഗരമേ നന്ദി’യിലെ വില്ലന്‍കഥാപാത്രം അദ്ദേഹത്തിന് പിന്നീട് തുടര്‍ച്ചയായി വില്ലന്‍ വേഷങ്ങള്‍ ആണ് നേടിക്കൊടുത്തത്. പ്രേം നസീറിന്റെ സ്ഥിരം പ്രതിനായകനായി ഉമ്മര്‍ അവരോധിക്കപ്പെടുകയായിരുന്നു. അതിനിടയില്‍ ‘ഡിറ്റക്ടീവ് 909 കേരളത്തില്‍’ എന്നൊരു ചിത്രത്തില്‍ നായകനായി അഭിനയിച്ചെങ്കിലും ചിത്രത്തിന് സ്വീകാര്യത ലഭിക്കാതെ പോയത് അദ്ദേഹത്തെ വീണ്ടും വില്ലന്‍ – ഉപനായക വേഷങ്ങളിലും നിലനിർത്തി.
ഇടവേളകളില്‍ പല ചിത്രങ്ങളിലും അദ്ദേഹം നായകനായി എങ്കിലും ചിത്രങ്ങള്‍ വിജയമാകാതിരുന്നത് അദ്ദേഹത്തെ വില്ലൻ കഥാപാത്രങ്ങളിൽ നിർത്തി. ഐ വി ശശിയുടെ ‘ഉത്സവ’മാണ് വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും ഉമ്മറിനെ പ്രധാന വേഷത്തിലേക്ക് കൊണ്ടു വന്നത്. പിന്നീടങ്ങോട്ട് ക്യാരക്റ്റര്‍ റോളുകളിലേക്ക് ഉമ്മർ മാറി.
‘നഗരമേ നന്ദി’, ‘തോക്കുകള്‍ കഥ പറയുന്നു’, ‘കരുണ’, ‘കാര്‍ത്തിക’, ‘ഭാര്യമാര്‍ സൂക്ഷിക്കുക’, ‘കടല്‍പ്പാലം’, ‘മൂലധനം’, ‘രക്തപുഷ്പം’, ‘വിരുന്നുകാരി’, ‘തച്ചോളി മരുമകന്‍ ചന്തു’, ‘അരക്കള്ളന്‍ മുക്കാക്കള്ളന്‍’, ‘ആലിബാബയും 41 കള്ളന്മാരും’, ‘1921’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടി.
അറുപതുകളുടെ തുടക്കത്തില്‍ മലയാള സിനിമയില്‍ അരങ്ങേറിയ നടൻ തൊണ്ണൂറുകളുടെ അവസാനം വരെ മലയാള സിനിമയെ സമ്പന്നമാക്കി. ഫാസിലിന്റെ ‘ഹരികൃഷ്ണന്‍സ്’ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. സംഗീത നാടക അക്കാദമി അവാര്‍ഡ്, തിക്കോടിയന്‍ അവാര്‍ഡ് എന്നീ ബഹുമതികൾ ഉമ്മറിനെ തേടി വന്നു. 2001 ഒക്ടോബര്‍ 29 നായിരുന്നു പ്രിയ നടന്റെ വിടവാങ്ങൽ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.