ADVERTISEMENT
മലയാളികൾ ഏറെ വായിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന എം മുകുന്ദന്റെ കഥയുടെ ചലച്ചിത്ര ആവിഷ്ക്കാരമാണ് ഇതേ ടൈറ്റിലിൽ എത്തിയ ചിത്രം. സുരാജ് വെഞ്ഞാറമ്മൂടും ആൻ അഗസ്റ്റിനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹരികുമാർ ആണ്. ഒരു സാഹിത്യസൃഷ്ടിയെ സിനിമയുമായി എങ്ങനെ മാറ്റി പരുവപ്പെടുത്തിയെടുക്കാം എന്നതിന്റെ ഒരു പുത്തൻ ഉദാഹരണമായി മാറിയിരിക്കുകയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രം.
തന്റെ കഥയ്ക്ക് എം മുകുന്ദൻ തന്നെ തിരക്കഥ രചിച്ച് ചിത്രം ഇന്നിന്റെ സ്ത്രീ ജീവിതത്തെ കുറിച്ചാണ് പറയുന്നത്. അനുകൽപ്പന സാധ്യതകളുടെ അസാധാരണ ഉൾച്ചേരലുകൾ എന്ന തന്നെ ചിത്രത്തെ വിശേഷിപ്പിക്കാം. മലയാളികൾ ഏറെ വായിച്ച ഒരു കഥ ചലച്ചിത്ര ഭാഷയിലേക്ക് മാറ്റി എഴുതപ്പെട്ടപ്പോൾ സാഹിത്യത്തോട് നീതി പുലർത്തിയും ചെറുകഥയുടെ ലാളിത്യം നഷ്ട്പെടാതെയുമാണ് ഹരികുമാർ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു കല സൃഷ്ട്ടി മറ്റൊരു രൂപത്തിലേക്ക് മാറ്റപെടുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികളെയെല്ലാം അതിജീവിക്കുന്ന തരത്തിലുള്ള തിരക്കഥ രചന തന്നെയാണ് എം. മുകുന്ദൻ നടത്തിയിട്ടുള്ളത്.
മീത്തലെപ്പുരയിലെ സജീവൻ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയിൽ ബാലന്റെ മകളായ രാധിക എന്ന ദൃഢനിശ്ചയമുള്ള പെൺകുട്ടി കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളായ എം മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന കഥ. ഇതേ കഥാപശ്ചാത്തലത്തിൽ തന്നെയാണ് സിനിമയും മുന്നോട്ട് പോകുന്നത്.
മലയാളി കുടുംബവ്യവസ്ഥയിൽ ഉത്തരവാദിത്തങ്ങളെ ധൈര്യത്തോടെ നേരിടുന്ന പെൺ ജീവിതങ്ങളുടെ പ്രതീകമാണ് ചിത്രത്തിലെ രാധിക എന്ന കഥാപാത്രം. ഒരിടവേളക്ക് ശേഷം ആൻ സിനിമയിലേക്ക് വീണ്ടും എത്തുമ്പോൾ ഇതോരുമൊരു കഥാപാത്രം തന്നെ തിരഞ്ഞെടുത്തതും ബോധപൂർവം തന്നെയാണെന്ന് പ്രതീക്ഷിക്കാം. എൽസമ്മ എന്ന ആൺകുട്ടിക്ക് ശേഷം ആൻ അഗസ്റ്റിന് ലഭിച്ച ശക്തമായ സ്ത്രീ കഥാപാത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യയിലെ രാധിക.
ഒരു സ്ത്രീപക്ഷ സിനിമയുടെ ഭാഗമാകാനും ആൻ അഗസ്റ്റിൻ സ്കോർ ചെയ്യുമ്പോഴൊക്കെ കൃത്യമായ പിന്തുണ നൽകാനും സുരാജിന് സാധിച്ചു.
കുറെ നാളുകൾക്ക് ശേഷം സുരാജിന്റെ കോമഡിയിലേക്കുള്ള പകർന്നാട്ടമാണ് ചിത്രം. സ്ഥിരം സീരിയസ് റോളുകളിൽ മാത്രം ഒതുങ്ങിക്കൂടുന്ന സുരാജ് വെഞ്ഞാറമൂട് പഴയ ഫോർമാറ്റിലേക്ക് തിരുച്ചെത്തുന്നുണ്ട്.
ഒരു സാധാരണ മലയാളി കുടുംബത്തെ ഭംഗിയോടെ വരച്ചിടുന്ന ചിത്രങ്ങൾ കുറഞ്ഞു വരുന്ന ഈ കാലത്ത് ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ വ്യത്യസ്തമാകുകയാണ്. കുടുംബ പ്രേക്ഷകർക്ക് ഇത്രയും കണക്ട് ആകുന്ന ചിത്രങ്ങൾ അടുത്ത് കാലത്ത് ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് വശം.
ഫ്രെഞ്ച് വാസുവായി എത്തിയ ജനാർദ്ദനൻ, സ്വാസിക, സജീവന്റെ അമ്മയായി എത്തിയ മനോഹരി ജോയി തുടങ്ങിയ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്. ഔസേപ്പച്ചൻ്റെ സംഗീത പശ്ചാത്തലവും അഴകപ്പൻ്റെ ഛായാഗ്രഹണവും ചിത്രത്തിനു മാറ്റുകൂട്ടുന്നുണ്ട്. ഇന്നലെ പ്രദർശനത്തിന് എത്തിയ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് നേടിയിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.