മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികളാവുന്ന ന്യൂജനറേഷന്‍ ഗര്‍ഭങ്ങള്‍

കാലം മാറി. ഒപ്പം, ബിസിനസ് പച്ച പിടിക്കാനുള്ള മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികളും. അതില്‍, ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും ഡിമാന്റേറിയ ന്യൂജനറേഷന്‍ മാര്‍ക്കറ്റിങ് സ്ട്രാറ്റജിയാണ് ഗര്‍ഭം! അന്യന്റെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞു നോക്കാനുള്ള നാമോരോരുത്തരുമടങ്ങുന്ന മലയാളിയുടെ താല്പര്യത്തെയാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ ലക്ഷ്യം വെയ്ക്കുന്നത്.

ബോളിവുഡ് താരം ആലിയ ഭട്ട് അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ കല്യാണ തീയതി എടുത്ത് വെച്ച് അതങ്ങട്ട് സെറ്റാവുന്നില്ലല്ലോ എന്നോര്‍ത്ത് ടെന്‍ഷനടിച്ചവര്‍ തന്നെയാണ് തെന്നിന്ത്യന്‍ താരം നയന്‍താര ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ ഇതെങ്ങനെയെന്ന് അന്താളിച്ചതും. ചുരുക്കിപ്പറഞ്ഞാല്‍, അന്യന്റെ ഗര്‍ഭത്തെക്കുറിച്ചുള്ള പൊതുജനത്തിന്റെ ഉത്കണ്ഠ കത്തി നില്‍ക്കുന്ന സമയത്ത് ഇതിനേക്കാള്‍ മികച്ച വേറെന്ത് ബിസിനസ് സ്ട്രാറ്റജിയാണുള്ളതെന്ന് ചോദിക്കേണ്ടി വരും.

‘So, the wonder begins’ എന്ന അടിക്കുറിപ്പോടെ ഒരു കൂട്ടം നടിമാര്‍ പോസിറ്റീവ് റിസള്‍ട്ട് കാണിക്കുന്ന പ്രെഗ്നന്‍സി ടെസ്റ്റിന്റെ ചിത്രം പങ്കുവെച്ചപ്പോള്‍, സോഷ്യല്‍ മീഡിയയില്‍ ചെറിയൊരു കോളിളക്കം തന്നെ അത് സൃഷ്ടിച്ചു. സമൂഹത്തിലെ ബഹുഭൂരിഭാഗത്തിന്റെയും, മറ്റൊരാളുടെ വ്യക്തിപരമായ കാര്യങ്ങളിലുള്ള ഈ അമിതതാല്പര്യമാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ ചൂഷണം ചെയ്യപ്പെട്ടതും. ഇത് മുതലെടുത്ത്, വളരെ ബുദ്ധിപൂര്‍വ്വം ഒരുകൂട്ടര്‍ നടത്തിയ പുതുമയുള്ള പ്രചാരണമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ ചര്‍ച്ചകളില്‍ ചൂടു പിടിക്കുന്നതും.

ഒരാള്‍ വിവാഹം ചെയ്യുന്നതും കുട്ടികളുണ്ടാകുന്നതും, ഇനി വിവാഹം ചെയ്യാതെ കുട്ടികളുണ്ടാകുന്നതുമെല്ലാം അയാളുടെ മാത്രം വ്യക്തിപരമായ കാര്യമാണെന്നിരിക്കെ, അത് ചികഞ്ഞ് കണ്ടുപിടിക്കാനുള്ള വ്യഗ്രത ഇവിടെ കബളിപ്പിക്കപ്പെട്ടിരിക്കുന്നു. എന്തിനേറെ പറയുന്നു, ഇത്തരം സെന്‍സേഷണല്‍ വാര്‍ത്തകള്‍ പതിന്മടങ്ങ് മോടി കൂട്ടി ഈ ലിങ്ക് തുറന്നാല്‍ നിങ്ങള്‍ ഞെട്ടുമെന്ന് പറയാന്‍ മറ്റൊരു കൂട്ടരും. ഏതായാലും, സമൂഹം ഒന്നു മാറി ചിന്തിക്കാന്‍ തയ്യാറാവുന്നത് വരെ ഇത്തരം വ്യാജ ഹൈപ്പുകള്‍ നമ്മെ കബളിപ്പിച്ചു കൊണ്ടേയിരിക്കുമെന്നതില്‍ സംശയമില്ല.

ആരാധകരേ.. ശാന്തരാകുവിന്‍..ഇനിയെങ്കിലും ഇത്തരം ന്യൂജനറേഷന്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികള്‍ കണ്ട് കണ്ണു തള്ളാതിരിക്കൂ..!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News