S Hareesh:എസ് ഹരീഷിന്റെ ‘ആഗസ്റ്റ് 17’ ബൗദ്ധികവും ഭാവനാസമ്പന്നവും ഭാഷാപരമായ ഔന്നിത്യമുള്ളതുമായ മലയാള നോവല്‍:SK പ്രതാപ്

(Vayalar Award)വയലാര്‍ അവാര്‍ഡ് ജേതാവ് എസ് ഹരീഷിന്റെ(S Hareesh) ഏറ്റവും പുതിയ നോവലായ(novel) ആഗസ്റ്റ് 17നെ കുറിച്ച് എസ് കെ പ്രതാപ്. ഇംഗ്‌ളീഷില്‍ ഓള്‍ട്ടര്‍നെറ്റ് ഹിസ്റ്ററി എന്ന് അറിയപ്പെടുന്ന നോവല്‍ രൂപത്തില്‍ എഴുതപ്പെട്ട നോവല്‍ ഒരുപക്ഷേ മലയാളത്തില്‍ ആദ്യത്തേതാകാം.

ഇതുപോലെ ബൗദ്ധികവും ഭാവനാസമ്പന്നവും ഭാഷാപരമായ ഔന്നിത്യമുള്ളതുമായ ഒരു മലയാള നോവല്‍ അടുത്തെങ്ങും വായിച്ചതായി ഓര്‍ക്കുന്നില്ല-എസ് കെ പ്രതാപ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണ രൂപം:-

എസ്. ഹരീഷിന്റെ ‘ആഗസ്റ്റ് 17’ വായിച്ചു. ഇതുപോലെ ബൗദ്ധികവും ഭാവനാസമ്പന്നവും ഭാഷാപരമായ ഔന്നിത്യമുള്ളതുമായ ഒരു മലയാള നോവല്‍ അടുത്തെങ്ങും വായിച്ചതായി ഓര്‍ക്കുന്നില്ല. ഇംഗ്‌ളീഷില്‍ ഓള്‍ട്ടര്‍നെറ്റ് ഹിസ്റ്ററി (Alternate History) എന്ന് അറിയപ്പെടുന്ന നോവല്‍ രൂപത്തില്‍ എഴുതപ്പെട്ട ഈ നോവല്‍ ഒരുപക്ഷേ മലയാളത്തില്‍ ആദ്യത്തേതാകാം. നമ്മള്‍ക്ക് ലഭ്യമായിട്ടുള്ള ചരിത്രത്തിലെ ഏതെങ്കിലും ഒരു നിര്‍ണായക മുഹൂര്‍ത്തത്തില്‍ നേര്‍വിപരീതമായ ഒന്ന് സംഭവിക്കുന്നതായി സങ്കല്പിച്ച് പിന്നീടുള്ള സംഭവവികാസങ്ങള്‍ ഭാവനയിലൂടെ സൃഷ്ടിക്കുന്ന രീതിയാണ് ഓള്‍ട്ടര്‍നെറ്റ് ഹിസ്റ്ററികള്‍ ചെയ്യാറുള്ളത്. ചരിത്രത്തിലെ ഈ സന്ദര്‍ഭത്തെ പോയിന്റ് ഓഫ് ഡൈവര്‍ജെന്‍സ് എന്ന് പറയുന്നു. രണ്ടാം ലോകമഹായുദ്ധചരിത്രവുമായി ബന്ധപ്പെട്ട് ഇത്തരം നിരവധി നോവലുകള്‍ അമേരിക്കന്‍ സാഹിത്യത്തിലും മറ്റുമുണ്ട്. ഇതിന്റെ ഒരു മികച്ച ഉദാഹരണം ഫിലിപ്പ് റോത്തിന്റെ ‘ദ് പ്ലോട്ട് എഗന്‍സ്റ്റ് അമേരിക്ക’ ആണ്. 1940ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചാള്‍സ് ലിന്റ്ബെര്‍ഗ്ഗ് എന്ന ഹിറ്റ്‌ലര്‍ ആരാധകന്‍ റൂസ്വേല്‍റ്റിനെ പരാജയപ്പെടുത്തി പ്രസിഡന്റ്‌റ് ആകുന്നതാണ് ഇതിലെ പോയിന്റ് ഓഫ്
ഡൈവര്‍ജെന്‍സ്.

ഇതേത്തുടര്‍ന്ന് അമേരിക്ക ഹിറ്റ്ലറുമായി സന്ധിചെയ്യുകയും അമേരിക്കയില്‍ ഫാഷിസം സ്ഥാപിതമാകുകയും അവിടുള്ള യഹൂദര്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നതുമാണ് നോവല്‍ കാണിച്ചുതരുന്നത്. യുദ്ധത്തില്‍ ഫാഷിസ്റ്റ് ശക്തികള്‍ വിജയിച്ചതായി സങ്കല്പിച്ചെഴുതിയ നോവലുകളും അനവധിയുണ്ട്. ഇതുപോലെ തിരുവിതാംകൂര്‍ ചരിത്രപശ്ചാത്തലത്തില്‍ എഴുതിയ നോവലാണ് ആഗസ്റ്റ് 17. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ നാട്ടുരാജ്യങ്ങള്‍ എല്ലാം ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നു. എന്നാല്‍ തിരുവിതാംകൂര്‍ മാത്രം സ്വതന്ത്ര രാജ്യമായി നിലകൊള്ളുന്നു. രാജഭരണം തുടരുന്നു. ഈ ആള്‍ട്ടര്‍നെറ്റ് ചരിത്രമാണ് ഹരീഷ് സമര്‍ഥമായി വരച്ചിടുന്നത്. അങ്ങനെ സങ്കല്പിക്കുമ്പോള്‍ നമ്മുടെ വര്‍ത്തമാനകാലത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയുടെ കൂടി വിമര്‍ശനമായി അത് മാറുകയും ചെയ്യുന്നു.

ഒരു ത്രില്ലര്‍ ഇഫെക്റ്റ് കൂടിയുള്ള ധാരാളം അത്ഭുതപ്പെടുത്തുന്ന സന്ദര്‍ഭങ്ങളുമുള്ള രചനയായതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ നല്‍കി ഇനി വായിക്കാനിരിക്കുന്നവരുടെ രസം കെടുത്തുന്നില്ല. അതിഗംഭീരമായ ചരിത്രഗവേഷണം നടത്തിയാല്‍ മാത്രമേ ഇതുപോലൊരു പുസ്തകം എഴുതാന്‍ കഴിയൂ. ഇതോടൊപ്പം കേരളത്തിന്റെ, പ്രത്യേകിച്ച് തിരുവിതാംകൂര്‍ ഭാഗത്തെ ഭൂപ്രകൃതിയെപ്പറ്റിയുള്ള സൂക്ഷ്മമായ അറിവും 1930കള്‍ മുതല്‍ 1960കള്‍ വരെയുള്ള കാലയളവിലെ മലയാളി ജീവിതം, കൃഷി, സംസ്‌കാരം, മത ജാതി സമവാക്യങ്ങള്‍ എന്നിവയെപ്പറ്റിയുള്ള അസാധാരണമായ അവബോധവും അതിശക്തമായ ഗദ്യഭാഷയും ഹരീഷിനെ തുണയ്ക്കുന്നു. പലപ്പോഴും എഴുത്തുകാരന്റെ വിപുലമായ വായനയുടെ സ്വാധീനം അനുഭവപ്പെടുന്നുണ്ട്. ഉമ്പര്‍ട്ടോ ഇക്കോ, ജോര്‍ജ് ഓര്‍വെല്‍, ബോര്‍ഹെസ് ഉള്‍പ്പടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം എന്നിവയുടെയൊക്കെ അനുരണനങ്ങള്‍ കേള്‍ക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here