
വയനാട് വെളളമുണ്ടയിലെ ക്ഷീരകര്‍ഷകനാണ് സുരേഷ് .കന്നുകാലികളാണ് പ്രധാന ഉപജീവനമാര്‍ഗ്ഗം. സുരേഷിന്റെ പശുക്കളുടെ കാലില്‍ നീര് വന്നു. അവയുടെ ശരീരമാകെ വൃണമായി. വളരെ പെട്ടെന്ന് പശുക്കളെല്ലാം തളര്‍ന്ന് വീണു. ഒരു ദിവസം ശരാശരി അമ്പത് ലിറ്ററോളം പാല്‍ ലഭിച്ചിരുന്നു. പാലിന്റെ അളവ് ഗണ്യമായി കുറഞ്ഞു. സുരേഷിന്റെ ജീവിതം പ്രതിസന്ധിയിലായി. പശുക്കളിലും എരുമകളിലും അതിവേഗം
പടര്‍ന്നുകൊണ്ടിരിക്കുന്ന ചര്‍മമുഴ രോഗമാണ് സുരേഷ് ഉള്‍പ്പെടെയുളള കര്‍ഷകരെയെല്ലാം ദുരിതത്തിലാക്കിയിരിക്കുന്നത്. സുരേഷ് പറയുന്നു:-‘എന്റെ പശുക്കളൊന്നും മരിച്ചിട്ടില്ല. പക്ഷെ അവയെല്ലാം ചര്‍മമുഴ രോഗബാധിതരാണ്. പാല്‍ ഉല്പാദനം പൂര്‍ണ്ണമായും നിലച്ചു. എന്നാല്‍ അവയ്ക്ക് തുടര്‍ന്നും തീറ്റകൊടുക്കണം. അവയെ പരിപാലിക്കണം. ഭീമമായ ചെലവ് താങ്ങാനാകില്ല’.
എന്താണ് ചര്‍മമുഴ രോഗം?
കാഫ്രിപോക്‌സ് വൈറസ് വിഭാഗത്തില്‍പ്പെട്ട എല്‍ എസ് ഡി വൈറസുകള്‍ മുഖേനെയാണ് ചര്‍മമുഴരോഗം പടരുന്നത്. ചെളള് , കൊതുക് തുടങ്ങിയ പരാദങ്ങള്‍ മുഖേനയാണ് രോഗം പടരുന്നത്. കന്നുകാലികള്‍ തമ്മിലുളള സമ്പര്‍ക്കം മുഖേനെയാണ് രോഗം മുഖ്യമായും പടരുന്നത്. മുലപ്പാലിലൂടെ അമ്മ പശുവില്‍ നിന്ന് കുട്ടിപശുവിലേയ്ക്കും രോഗം പടരും. കര്‍ഷകനായ അനന്ദകൃഷണന്‍ പശുവില്‍ കണ്ടമാറ്റങ്ങള്‍ ഇങ്ങനെയായിരുന്നു.
‘എന്റെ പശുവിലെ പാലിന്റെ അളവ് ദിനം പ്രതികുറയുന്നതായി തോന്നി. ഒപ്പം തീറ്റയുടെ അളവ് കുറഞ്ഞു.പനി തുടങ്ങി.എപ്പോഴും കണ്ണില്‍ നിന്ന് വെളളം ഒലിച്ചിറങ്ങി.ഒപ്പം ശരീരത്തില്‍ ചെറിയ മുഴകളും പ്രത്യക്ഷപ്പെട്ടു’
പാല്‍ ഉല്പാദനം ഗണ്യമായി കുറയും. ഗര്‍ഭിണിപ്പശുക്കളുടെ ഗര്‍ഭം അലസ്സും. പശുക്കളുടെ പ്രത്യുല്പാദന ചക്രം താളംതെറ്റും ചര്‍മമുഴരോഗം മനുഷ്യരിലേയ്ക്ക് പടരില്ല. പക്ഷെ രോഗം കര്‍ഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും. പ്രശ്‌നങ്ങള്‍ രണ്ടാണ്.പശുക്കളില്‍ നിന്നുളള വരുമാനം ഗണ്യമായി കുറയും. ഒപ്പം രോഗബാധിതരായ പശുക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റണം. അവ മറ്റ് പശുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം.പല കര്‍ഷകര്‍ക്കും ഇതിനായുളള അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തികസ്ഥിതിയോ ഇല്ല.
ഇപ്പോള്‍ പന്നികളില്‍ പടരുന്ന ആഫ്രിക്കന്‍ പന്നിപ്പനിപോലെ ചര്‍മമുഴരോഗത്തിന്റേയും തുടക്കം ആഫ്രിക്കയില്‍ നിന്നുതന്നെയായിരുന്നു 1929ല്‍ സാംമ്പിയയിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രോഗത്തിന്റെ മാരകാവസ്ഥ ബോധ്യപ്പെട്ടത് 1949ലാണ്. അന്ന് ദക്ഷിണാഫ്രിക്കയില്‍ 80 ലക്ഷം കന്നുകാലികള്‍ ചര്‍മമുഴ രോഗ ബാധികരായിരുന്നു.രാജ്യാന്തര തലത്തില്‍ ഗൗരവതരമായ പഠനങ്ങള്‍ ആരംഭിച്ചു. 1989ല്‍ കുതിരയീച്ചകളിലൂടെ ഇസ്രാലേയില്‍ എത്തിയ രോഗം ആ രാജ്യത്തും വന്‍ നാശം വിതച്ചു. 2019ലാണ് രോഗം ഇന്ത്യയില്‍ എത്തിയത്. ഒഡീഷയില്‍ ആദ്യ രോഗബാധ സ്ഥിരീകരിച്ചു. 2020തോടെ കേരളത്തിലുമെത്തി.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ചര്‍മമുഴരോഗം പടരുന്നതിന് പ്രധാന കാരണങ്ങളില്‍ ഒന്നാണെന്ന് കേരള വെറ്റിനറി സര്‍വകലാശാലയിലെ
ശാസ്ത്രജ്ഞനായ ഇ എം മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പ്രതിഫലനം പല കന്നുകാലികളിലും കാണാം. ആഫ്രിക്കന്‍ പന്നിപ്പനി ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് പന്നികര്‍ഷകര്‍ ഇതുവരെ മുക്തരായിട്ടില്ല.പന്നിയെ ഉപേക്ഷിച്ച് പശുവിലേയ്ക്ക് മാറിയാലോ എന്ന് ചിന്തിക്കുന്ന കര്‍ഷകര്‍ കേരളത്തിലുണ്ട്. അത്തരം കര്‍ഷകരെ ചര്‍മമുഴ രോഗം ആശങ്കയിലാക്കുന്നു.
ലക്ഷ്യം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍
ചര്‍മമുഴ രോഗത്തിന് കാരണമായ എല്‍ എസ് ഡി വൈറസ്സുകളെ പ്രതിരോധിക്കുവാനായി ഇതുവരെ ഫലപ്രദമായ വാക്‌സില്‍ ലോകത്ത് എവിടെയും കണ്ടെത്തിയിട്ടില്ല. ഇതിനായുളള ഗവേഷണങ്ങള്‍ ത്വരിത ഗതിയില്‍ പുരോഗമിക്കുന്നുണ്ട്. ആടുകള്‍ക്ക് വരുന്ന ഗോട്ട് പോക്‌സ് രോഗത്തിനെതിരെ നല്‍കുന്ന അതേ വാക്‌സിനാണ് ഇപ്പോള്‍ ചര്‍മ മുഴരോഗത്തെ പ്രതിരോധിക്കാനായി പശുക്കള്‍ക്ക് നല്‍കുന്നത്. ഗോട്ട് പോക്‌സ് വാക്‌സിന്‍ എങ്ങനെ ഫലപ്രദമാകും എന്നതിനെക്കുറിച്ച് തിരുവനന്തപുരം പാലോടിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസ്
അസിസ്റ്റന്റ് ഡയറക്ടര്‍ നന്ദകുമാര്‍ വീശദീകരിക്കുന്നതിങ്ങനെ:-
‘ രോഗം ബാധിച്ച പശുക്കള്‍ക്കും എരുമകള്‍ക്കും വാക്‌സിന്‍ നല്‍കിയതുകൊണ്ട് പ്രയോജനം ഇല്ല. സമീപ പ്രദേശത്തെ പശുക്കളിലേയ്ക്കും എരുമകളിലേയ്ക്കും പകരുന്നത് തടയുക എന്നതാണ് പ്രധാനം. മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേയ്‌ക്കോ രോഗം പടരില്ല.ഒരു പരിധിവരെ ചര്‍മമുഴ രോഗത്തെ പ്രതിരോധിക്കാന്‍ ഗോട്ട് പോക്‌സ് വാക്‌സിന് സാധിക്കും’
കേരളത്തില്‍ ആകെ 14 ലക്ഷം പശുക്കളും എരുമകളുമാണ് ഉളളത്. ഇവയിലെ 13,000 എണ്ണത്തിന് കഴിഞ്ഞ വര്‍ഷം വാക്‌സിന്‍ നല്‍കി. ഈ വര്‍ഷം 25,000 കന്നുകാലികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നു. മലപ്പുറം ജില്ലയിലാണ് ചര്‍മമുഴ രോഗം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. മലപ്പുറത്തിന് പ്രത്യേക ഊന്നല്‍ നല്കുന്നുണ്ട്. പ്രതിരോധകുത്തിവെപ്പിന്റെ ചുമതലയുളള ജന്തുരോഗ നിയന്ത്രണ പദ്ധതി
ജോയന്റ് ഡയറക്ടര്‍ ഡോ മാഹീന്‍ വിശദീകരിക്കുന്നു:-
‘ കേരളത്തില്‍ ചര്‍മമുഴ രോഗം നിയന്ത്രണ വിധേയമാണ്.പക്ഷെ ഇതൊരു പുതിയ രോഗമാണ്. അതുകൊണ്ടുതന്നെ ഗൗരവത്തോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നത്. എല്ലാ കന്നുകാലികള്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് ശാശ്വത പരിഹാരം’
പാല്‍കുടിക്കാം; ഭയക്കേണ്ട
മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ ആകട്ടെ , രോഗങ്ങളെക്കുറിച്ച് ഏറ്റവും അവബോധം ഉളള സംസ്ഥാനമാണ് കേരളം.എന്നാല്‍ കര്‍ഷകര്‍ക്കിടയിലും ജനങ്ങല്‍ക്കിടയിലും ചര്‍മമുഴ രോഗത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പലതുമുണ്ട്.രോഗം ബാധിച്ച പശുക്കള്‍ ഉല്പാദിപ്പിക്കുന്ന പാല്‍കുടിക്കാന്‍ പോലും തുടക്കത്തില്‍ പലരും ഭയപ്പെട്ടിരുന്നു.രോഗം പടരുമോ എന്ന ഭയം മൂലം പശുക്കളേയും എരുമകളേയും വാങ്ങാന്‍ തയ്യാറാവത്തവരുമുണ്ട്. രോഗം കന്നുകാലി വിപണിയിലെ വില്പനയേയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍മമുഴ രോഗം കുളമ്പ് രോഗത്തെപ്പോലെ അത്ര മാരകമായ രോഗമല്ല. അനാവശ്യ ആശങ്കകള്‍ വേണ്ടെന്ന് ഡോ മാഹിന്‍ വ്യക്തമാക്കുന്നു. ‘ചര്‍മ മുഴരോഗം ബാധിച്ച പശുക്കളിലെ മരണ നിരക്ക് വെറും 1% മാത്രമാണ്. കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും എവിടെയും പശുക്കള്‍ ചത്തിട്ടില്ല. പാലിന്റെ അളവ് കുറയും എന്നതിലും ഉപരിയായി ഗുണനിലവാരത്തെ ബാധിക്കില്ല.’
ആയുസ്സ് തീര്‍ന്ന് പശുക്കള്‍ സ്വാഭാവികമായും മരിക്കുമ്പോള്‍ അവയുടെ തോല്‍ കര്‍ഷകര്‍ വില്ക്കാറുണ്ട്. എന്നാല്‍ ചര്‍മമുഴ രോഗം ബാധിച്ച കന്നുകാലികളുടെ തോലിന്റെ ഗുണനിലവാരം കുറയും. ആ ഇനത്തില്‍ കര്‍ഷകന് ലഭിക്കുന്ന വരുമാനം ഇല്ലാതാകും. രോഗം ബാധിച്ച പശുക്കളുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്ക് പാലിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് പുറമെ മേഖലയിലെ മാന്ദ്യം പ്രതിസന്ധിയിലാക്കുന്നു. കര്‍ഷകര്‍ക്കാവശ്യം നഷ്ടപരിഹാരവും സാമ്പത്തിക സഹായവുമാണ്. എന്നാല്‍ ചര്‍മമുഴ രോഗം ബാധിച്ച കന്നുകാലികളുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല. അതിന്റെ കാരണം ഡോ മാഹിന്‍ വിശദീകരിക്കുന്നു:-
‘ കൂട്ടത്തോടെ രോഗം ബാധിച്ച് മൃഗം ചത്തൊടുങ്ങിയാല്‍ മാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കൂ. അത്തരമൊരു നഷ്ടം ചര്‍മമുഴ രോഗത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല’
ഇവിടെ തടസ്സമാകുന്നത് കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡമാണ്. ലോക വ്യാപകമായി ജന്തുജന്യരോഗങ്ങള്‍ പടരുകയാണ്. ഇതിന്റെ പ്രതിഫലനം ഇന്ത്യയിലും ഉണ്ട്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്ന വിധത്തില്‍ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here