ADVERTISEMENT
പൃഥ്വിരാജ്(Prithviraj) ഒരു പാഠപുസ്തകമാണെന്ന് ‘കുമാരി'(Kumari) സംവിധായകന്‍ നിര്‍മല്‍ സഹദേവ്. എമ്പുരാനില്‍ സംവിധാന സഹായിയാകുമെന്നും പൃഥ്വിരാജിനെ പഠിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും മനസില്‍ സിനിമ ഓടിക്കൊണ്ടിരിക്കുന്നയാളാണ് പൃഥ്വിരാജ്, അത് പകര്‍ത്താനാണ് ശ്രമം. കുമാരി ചെയ്യാനുള്ള പ്രേരണ നടനായിരുന്നു എന്നും പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജനുവരിയില്‍ വരാനിരിക്കുന്ന വര്‍ക്കിനേക്കുറിച്ചും നിര്‍മല്‍ സംസാരിച്ചു.
‘കുമാരിയുടെ ടീസറിന് വേണ്ടി മാത്രമാണ് പൃഥ്വിരാജിനെ ഉപയോഗിച്ചത്. കുമാരിയില്‍ പൃഥ്വിയില്ല. ജനുവരിയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് വേണ്ടി ഒരു സംഭവം ചെയ്യുന്നുണ്ട്. അതിന് ശേഷം എമ്പുരാനില്‍ പൃഥ്വിരാജിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിക്കും. സിനിമയില്‍ അസോസിയേറ്റ് ആയിരിക്കുമ്പോള്‍ ആണ് തമ്മില്‍ സംസാരിക്കുന്നത്. സമാന ചിന്താഗതിക്കാര്‍ എന്ന രീതിയില്‍ കുറേ ആശയങ്ങള്‍ പങ്കുവച്ചു. അദ്ദേഹം എനിക്കൊരു പാഠപുസ്തകമാണ്. എപ്പോഴും മനസില്‍ സിനിമ ഓടിക്കൊണ്ടിരിക്കുന്ന ആളാണ്. അത് പഠിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കുമാരി ചെയ്യാന്‍ വലിയ പ്രേരണയും പൃഥ്വിരാജ് ആയിരുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് നിര്‍ദേശവും തന്നിരുന്നു. മേക്കറിന് പുറമെ ഒരു ഗംഭീര നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. എവിടെയാണ് പണം ചെലവാക്കേണ്ടത്, എങ്ങനെയാണ് മാര്‍ക്കറ്റ് ചെയ്യേണ്ടത് എന്നൊക്കെ നല്ല ധാരണയുള്ള ആളാണ്,’ നിര്‍മല്‍ സഹദേവ് പറഞ്ഞു.
എല്ലാവരുടേയും മികച്ച വര്‍ക്ക് സിനിമയില്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും കഥ പറയുമ്പോള്‍ മുതല്‍ സാങ്കേതിക പ്രവര്‍ത്തകരെ ഒപ്പം കൂട്ടാറുണ്ടെന്നും നിര്‍മല്‍ പറഞ്ഞു. ‘തിരക്കഥ എഴുതുമ്പോള്‍ തന്നെ സാങ്കേതിക മേഖല എങ്ങനെ ഉപയോഗിക്കണമെന്ന് ചിന്തിക്കാറുണ്ട്. കളര്‍ ടോണ്‍ വരെ എഴുത്തിന്റെ ഘട്ടത്തില്‍ ആലോചിച്ചിരുന്നു. ‘രണം’ സിനിമയില്‍ അതിന്റെ സൗണ്ട് ട്രാക്ക് ഒക്കെ എഴുത്തില്‍ തന്നെ ആലോചിച്ചിരുന്നു.’ സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലപ്പോഴും അവരുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്താനുള്ള സാഹചര്യം മലയാള സിനിമയില്‍ ഇല്ലെന്ന അഭിപ്രായവും സംവിധായകന്‍ പങ്കുവച്ചു.
ഒരു മുത്തശ്ശി കഥയില്‍ തുടങ്ങി ഫാന്റസിയിലേക്ക് കടക്കുന്ന സിനിമയാണ് കുമാരി. ടൈറ്റില്‍ കഥാപാത്രമായ കുമാരി ആയി ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്ന ചിത്രം ഐതിഹ്യമാലയില്‍ നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയെയും കുറച്ചു കഥാപാത്രങ്ങളെയും മുന്‍നിര്‍ത്തി സൃഷ്ടിച്ചെടുത്ത കഥയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. മികച്ച പ്രതികരണങ്ങള്‍ ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഒക്ടോബര്‍ 28നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.