ട്വന്റി 20 ലോകകപ്പ്; ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ അടിപതറി ഇന്ത്യ

ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കേ ലക്ഷ്യം കണ്ടു. 19.4 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. അര്‍ധ സെഞ്ചുറികള്‍ നേടിയ എയ്ഡന്‍ മാര്‍ക്രവും ഡേവിഡ് മില്ലറുമാണ് വിജയത്തില്‍ നിര്‍ണായകമായത്.

തുടക്കത്തില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. 5.4 ഓവറില്‍ 24 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ക്വിന്റണ്‍ ഡിക്കോക്ക് (1), റൈലി റുസ്സോ (0), ടെംബ ബവുമ (10) എന്നിവരാണ് പുറത്തായത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 133 റണ്‍സ് മാത്രമാണ്.പെര്‍ത്ത് പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ ഒറ്റയ്ക്ക് പോരാടിയ സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ് ഇന്ത്യയെ 133ല്‍ എത്തിച്ചത്.

40 പന്തുകള്‍ നേരിട്ട സൂര്യ മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 68 റണ്‍സെടുത്തു.29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയും 15 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെയ്ന്‍ പാര്‍നെലുമാണ് ഇന്ത്യയെ തകര്‍ത്തത്.

പേസര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുന്ന പെര്‍ത്ത് പിച്ച് തനിസ്വരൂപം പുറത്തെടുത്തതോടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ നിറഞ്ഞാടി. അഞ്ചാം ഓവറില്‍ ലുങ്കി എന്‍ഗിഡിയുടെ പന്തിന്റെ ബൗണ്‍സ് മനസിലാക്കുന്നതില്‍ പിഴച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. 14 പന്തില്‍ നിന്ന് 15 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. പിന്നാലെ അതേ ഓവറിലെ അവസാന പന്തില്‍ കെ എല്‍ രാഹുലിനെയും (9) എന്‍ഗിഡി മടക്കി.

നന്നായി തുടങ്ങിയ ഇന്‍ഫോം ബാറ്റര്‍ വിരാട് കോലിയുടെ ഊഴമായിരുന്നു അടുത്തത്. 11 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത കോലിയെ റബാദ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. അക്ഷര്‍ പട്ടേലിന് പകരം ടീമിലെത്തിയ ദീപക് ഹൂഡയ്ക്ക് (0) അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല. ആന്റിച്ച് നോര്‍ക്യയുടെ പന്തില്‍ ഹൂഡ ഡിക്കോക്ക് പിടിച്ച് പുറത്താകുകയായിരുന്നു.

നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ഒരറ്റത്ത് അപ്പോഴും ബൗണ്ടറികള്‍ നേടുന്നുണ്ടായിരുന്നു. എന്നാല്‍ ആറാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. വെറും രണ്ടു റണ്‍സ് മാത്രമെടുത്ത താരത്തെയും എന്‍ഗിഡിയുടെ പന്തില്‍ റബാദ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി.

പിന്നാലെ ക്രീസില്‍ ഒന്നിച്ച സൂര്യകുമാര്‍ – ദിനേഷ് കാര്‍ത്തിക്ക് സഖ്യം 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ 100 കടത്തി. അര്‍ധ സെഞ്ചുറി നേടിയ സൂര്യ തന്നെയായിരുന്നു സ്‌കോറിങ്ങില്‍ മുന്നില്‍. പിന്നാലെ 16-ാം ഓവറില്‍ കാര്‍ത്തിക്ക് മടങ്ങി. 15 പന്തില്‍ നിന്ന് ആറു റണ്‍സെടുത്ത താരത്തെ വെയ്ന്‍ പാര്‍നല്‍ പുറത്താക്കുകയായിരുന്നു. അശ്വിന്‍ ഏഴു റണ്‍സെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News