ഡോ. ജോണ്‍ ബ്രിട്ടാസ് MP ഒമാനിലെ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി | John Brittas MP

രാജ്യ സഭാംഗവും മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ്(John Brittas MP) ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗുമായി കൂടിക്കാഴ്ച നടത്തി. ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ചാണ് ജോണ്‍ ബ്രിട്ടാസ് എം പി ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗുമായി കൂടിക്കാഴ്ച നടത്തിയത്.

ഒമാനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹം ഒട്ടേറെ പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നു ജോണ്‍ ബ്രിട്ടാസ് എം പി അംബാസഡറോട് പറഞ്ഞു. സന്ദര്‍ശക വിസയില്‍ എത്തുന്ന ഗാര്‍ഹിക തൊഴിലാളികളാണ് ഏറ്റവും കൂടുതല്‍ ചൂഷണത്തിന് ഇരയാകുന്നത്. ഇന്ത്യയില്‍ നിന്ന് വിസിറ്റ് വിസയില്‍ ഒമാനിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് വരികയും പിന്നീട് അവര്‍ക്ക് ജോലിയോ താമസമോ നല്‍കാതെ ദുരിതത്തിലാകുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നു ജോണ്‍ ബ്രിട്ടാസ് ഇന്ത്യന്‍ അംബാസഡറോട് പറഞ്ഞു.

ഇക്കാര്യം ശ്രദ്ധയില്‍ ഉണ്ടെന്നും എംബസി ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് പറഞ്ഞു. ഇത്തരത്തില്‍ പെട്ടുപ്പോയ നാനൂറോളം പേരെ കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ ഇന്ത്യന്‍ എംബസി മുന്‍ കയ്യെടുത്തു നാട്ടിലേക്ക് എത്തിച്ചതായും ഇന്ത്യന്‍ അംബാസഡര്‍ ജോണ്‍ ബ്രിട്ടാസ് എം പി യോട് പറഞ്ഞു. പ്രയാസത്തില്‍ ആകുന്നവരെ താമസിപ്പിക്കുന്ന ഷെല്‍ട്ടര്‍ സംവിധാനം വിപുലപ്പെടുത്തണമെന്നു ജോണ്‍ ബ്രിട്ടാസ് അംബാസഡറോട് അഭ്യര്‍ത്ഥിച്ചു. ഇതിനു വൈകാതെ തന്നെ പരിഹാരമുണ്ടാക്കാമെന്നു അംബാസഡര്‍ ഉറപ്പ് നല്‍കി.

ഏജന്റമാരുടെ കെണിയില്‍ പെട്ട് സന്ദര്‍ശക വിസയില്‍ ഗള്‍ഫില്‍ എത്തി പിന്നീട് ദുരിതത്തില്‍ ആകുന്ന ഗാര്‍ഹിക തൊഴിലാളികളുടെ വിഷയം അതീവ ഗൗരവമുള്ളതാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വന്നു ഇതിനു പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഈ വിഷയത്തില്‍ നടക്കുന്നതെന്നും ഇത് അവസാനിപ്പിക്കാന്‍ പ്രായോഗികമായ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിലും പാര്‍ലമെന്റിലും സമര്‍പ്പിക്കുമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ഏതൊരു ഇന്ത്യക്കാരനും അംബാസഡറെ നേരിട്ട് കണ്ട് പരാതികള്‍ ബോധിപ്പിക്കാനുള്ള ഓപ്പണ്‍ ഹൗസ് സംവിധാനം ഉള്‍പ്പെടെ എംബസി നടത്തുന്ന സാമൂഹിക ക്ഷേമ നടപടികള്‍ ഏറെ സ്വാഗതാര്‍ഹമാണെന്ന് ജോണ്‍ ബ്രിട്ടാസ് ഇന്ത്യന്‍ അംബാസഡറെ അറിയിച്ചു. ലോക കേരള സഭാംഗവും പ്രവാസി ക്ഷേമ നിധി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ പി എം ജാബിറും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here