മോർബി തൂക്കുപാലം തകർന്ന സംഭവം; പാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ല, 5 അംഗ സംഘം അന്വേഷണം ആരംഭിച്ചു

ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന് 132 മരണം. 150 ഓളം പേരാണ് മച്ചു നദിയിലേക്ക് വീണത്. വിവിധ സേന വിഭാഗങ്ങള് സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്. അഞ്ചംഗ ഉന്നതതല സംഘം അന്വേഷണം ആരംഭിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ ഇന്ന് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി.

150 വർഷം പഴക്കമുള്ള മോർബിയിലെ തൂക്കുപാലം ഏഴ് മാസത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം 26നാണ് തുറന്നത്.ഞായറാഴ്ച ഉണ്ടാകാറുള്ള തിരക്കിന് പുറമെ ഛഠ് പൂജക്കെത്തിയവരും കൂടിയായതോടെ തിരക്ക് നിയന്ത്രണാതീതമായി. ഇന്നലെ 6.30നാണ് തൂക്കുപാലം തകർന്ന് 150 പേർ മച്ചു നദിയിലേക്ക് വീണത്. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

നൂതന ഉപകരണങ്ങളുമായി മൂന്ന് സായുധസേനകളും തീരസംരക്ഷണ സേനയും സംസ്ഥാന- ദേശീയ ദുരന്ത നിവാരണസേനകളും അഗ്നിശമനവിഭാഗവും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. ഗുജറാത്ത്‌ ആഭ്യന്തരമന്ത്രി ഹർഷ് സാങ്‌ വി അപകടസ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകുന്നു. അതിനിടെ തൂക്കുപാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെന്ന് വ്യക്തമായി.

പുനർനിർമാണം പൂർത്തിയാക്കിയെങ്കിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ലെന്ന് മോർബി മുനിസിപ്പൽ കമ്മിറ്റി സി.ഇ.ഒ. എസ്.വി.സാല പറഞ്ഞു. 150 പേര് കയറാൻ ശേഷിയുള്ള പാലത്തിൽ 500 ഓളം പേർ അപകടസമയത്ത് ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഒരു കൂട്ടം ആളുകൾ പാലം കുലുക്കിയതായും മൊഴികളുണ്ട്. കരാർ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അഞ്ചംഗ ഉന്നതല സംഘം അപകടത്തിൽ അന്വേഷണം തുടങ്ങി. സംസ്ഥാന സർക്കാര് മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി മരിച്ചവരുടെ ബന്ധുക്കൾക്ക്2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൌപതി മുർമു, ആഭ്യന്തര മന്ത്രി അമിത് ഷാ , കോണ്ഗ്രസ് അധ്യക്ഷന് മല്ലികാർജുന് ഖർഗെ, രാഹുല് ഗാന്ധി തുടങ്ങിയവർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News