ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി വീഡിയോ പകര്‍ത്തി, ആരാധകനെതിരെ ആഞ്ഞടിച്ച് വിരാട് കോഹ്ലി

സെലിബ്രിറ്റികളോടുള്ള അതിരുകടന്ന ആരാധന പലപ്പോഴും നാം കണ്ടിട്ടുള്ളതാണ്. ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങളോടുള്ള അമിതാരാധന മൈതാനത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി (Virat Kohli) താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കടന്ന ഒരു ആരാധകന്‍ മുറിയിലെ സകല വസ്തുക്കളും വീഡിയോയില്‍ പകര്‍ത്തി പുറത്തുവിട്ടിരിക്കുകയാണ്.

ടി20 ലോകകപ്പ് നടക്കുന്ന ഓസ്ട്രേലിയയില്‍ തന്റെ ഹോട്ടല്‍ മുറിയില്‍ ആരാധകന്റെ ഈ പ്രവർത്തിക്കെതിരെ കോഹ്ലി കോപാകുലനായി. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും തങ്ങളുടെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടമാണ് ഇതെന്നും കോഹ്ലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. കളിക്കാരുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും അവരെ വിനോദത്തിനുള്ള ചരക്കായി കാണരുതെന്നും ആരാധകരോട് താരം ആവശ്യപ്പെട്ടു.

ഒരു ആരാധകന്‍ തന്റെ ഹോട്ടല്‍ മുറിയില്‍ പ്രവേശിച്ച് അകത്ത് നിന്ന് പകര്‍ത്തിയ വീഡിയോ കോഹ്ലി പുറത്തുവിട്ടിട്ടുണ്ട്. ആരാധകര്‍ അവരുടെ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോള്‍ വളരെ സന്തോഷവും ആവേശവും ഉള്ളവരാണെന്നും അവരെ കാണുന്നതില്‍ ആവേശഭരിതരാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ അത് എപ്പോഴും അഭിനന്ദിക്കുന്നു. എന്നാല്‍ ഇവിടെയുള്ള ഈ വീഡിയോ ഭയാനകമാണ്, ഇത് എന്റെ സ്വകാര്യതയെക്കുറിച്ച് എനിക്ക് പരിഭ്രാന്തി സൃഷ്ടിക്കുന്നു. എനിക്ക് എന്റെ സ്വന്തം ഹോട്ടല്‍ മുറിയില്‍ സ്വകാര്യത സാധ്യമല്ലെങ്കില്‍, എനിക്ക് വ്യക്തിപരമായ ഇടം എവിടെ നിന്ന് പ്രതീക്ഷിക്കാനാകും? ദയവായി ആളുകളുടെ സ്വകാര്യതയെ മാനിക്കണമെന്നും കോഹ്ലി അപേക്ഷിച്ചു.

കോഹ്ലിയുടെ ഹോട്ടല്‍മുറിയില്‍ ആരാണ് പ്രവേശിച്ചത് എന്ന് വ്യക്തമല്ല. ഹോട്ടല്‍ ജീവനക്കാരന്‍ ആണോ ഉത്തരവാദിയെന്നത് അന്വേഷിക്കുകയാണ്. കോഹ്ലിയുടെ സ്വകാര്യത എന്നതിനൊപ്പം അതീവ സുരക്ഷപ്രാധാന്യമുള്ള ഇടം കൂടിയാണത്. കോഹ്ലിയുടെ പോസ്റ്റിനടിയില്‍ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ പ്രതികരിച്ചു. ഇത് പരിഹാസ്യവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് പറഞ്ഞ വാര്‍ണര്‍ ഹോട്ടല്‍ ക്രൗണ്‍ പെര്‍ത്ത് (crown perth) മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

കോഹ്ലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കോഹ്ലിയുടെ പോസ്റ്റ് പങ്കുവെച്ചു. ഈ രീതിയില്‍ ആരാധകര്‍ അനുകമ്പയോ കൃപയോ കാണിക്കാത്ത കുറച്ച് സംഭവങ്ങള്‍ നേരത്തേയും അനുഭവിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഇത് തികച്ചും മോശമായ കാര്യമാണ്. ഇത് അപമാനകരവും മനുഷ്യാവകാശത്തിന്റെ ലംഘനവുമാണ്. ആത്മനിയന്ത്രണത്തിനായി പരിശീലനം നടത്തുന്നത് നന്നായിരിക്കും. ഇത് നിങ്ങളുടെ കിടപ്പുമുറിയില്‍ നടക്കുന്നുണ്ടെങ്കില്‍ പിന്നെ എവിടെയാണ് നടന്നുകൂടാത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News