ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി

സാങ്കല്പിക ഭരണാധികാരിയായ ഗവർണർ തെറ്റായ രൂപത്തിൽ അധികാര ദുർവിനിയോഗം നടത്തുന്നുവെന്നും ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്നും ചൂണ്ടിക്കാട്ടി ലോക്താന്ത്രിക് ജനതാദൾ (എൽ ജെ.ഡി) സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ രാഷ്ട്രപതിക്ക് പരാതി നൽകി.ഡൽഹി കേരള ഹൗസിൽ വച്ച് മലയാളം മാധ്യമപ്രതിനിധികളെ മാത്രമായി മാറ്റി നിറുത്തി സംസാരിച്ചതും രാജ്ഭവനിൽ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ നിരന്തരമായി വിമർശിച്ചുകൊണ്ട് പത്രസമ്മേളനം നടത്തുന്നതും ഗവർണർ പദവിക്ക് നിരക്കാത്തതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഡൽഹി കേരള ഹൗസിലെ പത്രസമ്മേളനത്തിൽ നിന്നും മലയാളം പത്രപ്രവർത്തകരെ മാറ്റിനിറുത്താനുള്ള കാരണമായി പറഞ്ഞത് അവർ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചില്ലെന്നതാണ്. ഇത് ഒരു ഭരണഘടനാ സ്ഥാപനമായ രാജ്ഭവൻ മറ്റൊരു ഭരണഘടനാ സ്ഥാപനമായ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ കലാപത്തിന് പ്രേരിപ്പിക്കലാണ്. തഷ്ട്രപതിയുടെ പ്രതിനിധിയായ വ്യക്തി ഇങ്ങനെ പ്രവർത്തിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.

കേരളത്തിലെ മാധ്യമങ്ങളായ കൈരളി , റിപോർട്ടർ, മീഡിയാ വൺ , ജയ്ഹിന്ദ് എന്നിവയെ ഗവർണറുടെ രാജ്ഭവനിലെ പത്രസമ്മേളനം റിപോർട്ട് ചെയ്യുന്നതിൽ നിന്നും വിലക്കിയത് അധികാര ദുർവിനിയോഗമാണ്. സ്വജനപക്ഷപാതമില്ലാതെ പെരുമാറേണ്ട ഗവർണർ സംസ്ഥാന സർക്കാരിനെ പിന്തുണക്കുന്ന കേഡർ റിപോർട്ടർമാരുണ്ടെന്ന ആരോപണമുയർത്തി ഏതാനും മാധ്യമങ്ങളെ മാത്രം മാറ്റി നിറുത്തി പത്രസമ്മേളനം നടത്തുന്നത് പദവിക്ക് നിരക്കാത്തതാണ്.
ഭരണഘടനാ നിർമാണ സഭയിൽ 1949 ജൂൺ 2 ന് നടന്ന ചർച്ചയിലെ ഭാഗങ്ങൾ പരാതിയിൽ ഉദ്ധരിച്ചിട്ടുണ്ട്.

ഗവർണർമാർ അധികാര ദുർവിനിയോഗം നടത്തില്ലേയെന്ന എച്. വി കാമത്തിന്റെ ചോദ്യത്തിന് ഇന്ത്യയുടെ ആദ്യ കൃഷിമന്ത്രിയായിരുന്ന പി.എസ്. ദേശ്മുഖ് നൽകിയ മറുപടിയിൽ ഗവർണർമാരുടെയും അവരെ നിയമിക്കുന്നവരുടെയും വിക്ഞാനം അത്തരം അധികാര ദുർവിനിയോഗം തടയുമെന്നായിരുന്നു. എ ച്.വി കാമ്മത്ത് ചോദ്യം ആവർത്തിച്ചപ്പോൾ ദേശ് മുഖ് ഉത്തരം ആവർത്തിക്കുകയായിരുന്നു :ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അധികാര ദുർവിനിയോഗം നടത്തുന്നത് ഭരണഘടനാ ജ്ഞാനമില്ലാത്തതിനാലാണ്. ഭരണഘടനാ നിർമാണ സഭയിലെ ചർച്ചയുടെ അന്തസത്ത ഉൾക്കൊണ്ട്, അദ്ദേഹത്തെ നിയമിച്ച രാഷ്ട്രപതി ഭരണഘടനാ ജ്ഞാനം പ്രകടമാക്കി ഗവർണറെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് സലീം മടവൂർ പരാതിയിൽ ആവശ്യപ്പെട്ടു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News