‘ജനങ്ങളുടെ ബോധമണ്ഡലത്തെ മലീമസമാക്കുന്ന അന്ധവിശ്വാസ ശക്തികള്‍ക്കെതിരെ ഒരേ മനസോടെ പോരാടണം’; കേരളപ്പിറവി ദിനത്തില്‍ സന്ദേശവുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ സന്ദേശം
……………………..

തിരു – കൊച്ചി, മലബാര്‍ എന്നിങ്ങനെ വേര്‍പെട്ടു കിടന്നിരുന്ന പ്രദേശങ്ങള്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമായി മാറിയിട്ട് അറുപത്തിയാറു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ത്യാഗോജ്ജലങ്ങളായ നിരവധി പോരാട്ടങ്ങളും സാംസ്‌കാരികമായ മുന്നേറ്റങ്ങളുമാണ് ഐക്യകേരളം സാധ്യമാക്കിയത്.

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന എന്ന മുദ്രാവാക്യം ആദ്യം മുന്നോട്ടുവെച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. 1946 ല്‍ പുറത്തിറങ്ങിയ ഇ. എം. എസിന്റെ ‘ഒന്നേകാല്‍ കോടി മലയാളികള്‍’, ഏതാണ്ട് 46-47 ഘട്ടത്തില്‍ത്തന്നെ പുറത്തുവന്ന ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്നീ കൃതികളില്‍ത്തന്നെ ഇതിന്റെ വിത്തുകള്‍ കാണാം. ആന്ധ്രാപ്രദേശില്‍ പി. സുന്ദരയ്യയ്യുടെ ‘വിശാലാന്ധ്ര’യും ബംഗാളില്‍ ഭവാനിസെന്റെ ‘നൂതന്‍ ബംഗാളും’ ഒക്കെ ഇറങ്ങിയത് ഇതോടു ചേര്‍ത്തു വായിക്കണം. ആന്ധ്രാപ്രദേശിലാവട്ടെ, പോറ്റി ശ്രീരാമലുവിന് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം എന്ന ആവശ്യം മുന്‍നിര്‍ത്തിയുള്ള സമരത്തില്‍ ജീവന്‍ തന്നെ നല്‍കേണ്ടിവന്നു. അങ്ങനെ ശക്തിപ്പെട്ടുവന്ന ആശയത്തിന്റെ സാഫല്യമാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനര്‍നിര്‍ണയത്തില്‍ കണ്ടത്.

ആ ഐക്യകേരളത്തെ സ്വപ്നം കണ്ടവര്‍ക്ക് ഭാവികേരളത്തെക്കുറിച്ചുള്ള വ്യക്തമായ സങ്കല്‍പങ്ങളുണ്ടായിരുന്നു. അതു യാഥാര്‍ത്ഥ്യമാക്കിയെടുക്കാനാണ് ഐക്യകേരളപ്പിറവിക്കു തൊട്ടുപിന്നാലെ കേരളത്തില്‍ അധികാരത്തില്‍ വന്ന 1957 ലെ ഇ. എം. എസ് മന്ത്രിസഭ മുതല്‍ക്കിങ്ങോട്ടു കേരളത്തിലെ പുരോഗമന സ്വഭാവമുള്ള മന്ത്രിസഭകളാകെ ശ്രമിച്ചത്. ഇന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നവകേരള നിര്‍മ്മാണം, വിജ്ഞാന സമൂഹനിര്‍മ്മാണം, വിജ്ഞാന സമ്പല്‍ഘടനാ രൂപീകരണം എന്നിവയിലൂടെ മുന്നോട്ടുകൊണ്ടുപോവുകയാണ് ആ പ്രക്രിയ.

കേരളസംസ്ഥാന രൂപീകരണത്തിനു മുമ്പേതന്നെ കേരളത്തിനായുള്ള ഒരു വികസന കാഴ്ചപ്പാടിനു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപം നല്‍കി. സാധാരണക്കാരെ മുന്നില്‍ക്കണ്ടുകൊണ്ടുള്ള ആ വികസന രേഖയ്ക്കു ജനകീയ അംഗീകാരവും ലഭിച്ചു. ആദ്യ ഇ. എം. എസ് സര്‍ക്കാര്‍ ഈ വികസനരേഖയുടെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ജീവിതവും ജീവനോപാധികളും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്.

എന്നാല്‍, പിന്തിരിപ്പന്‍ ശക്തികളുടെ തിട്ടൂരത്തിനു കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയതിനാല്‍ ആ സര്‍ക്കാരിനു കാലാവധി പൂര്‍ത്തിയാക്കാനായില്ല. അതുകൊണ്ടുതന്നെ അന്നു മുന്നോട്ടുവെച്ച പ്രവര്‍ത്തന പരിപാടികള്‍ തുടര്‍ന്നും ഏറ്റെടുക്കാനാണ് 1967 ല്‍ അധികാരത്തിലെത്തിയ രണ്ടാം ഇ. എം. എസ് സര്‍ക്കാര്‍ ശ്രമിച്ചത്.

ഇത്തരം ഇടപെടലുകള്‍ സൃഷ്ടിച്ച മുന്നേറ്റത്തിന്റെ ഫലമായിരുന്നു ഭൂപരിഷ്‌ക്കരണവും സാര്‍വ്വത്രിക വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും മറ്റ് സാമൂഹ്യ സുരക്ഷാ പദ്ധതികളും എല്ലാം. കര്‍ഷകത്തൊഴിലാളികള്‍ക്ക് ക്ഷേമപെന്‍ഷന്‍, സാക്ഷരതായജ്ഞം, ജനകീയാസൂത്രണം അങ്ങനെ എത്രയേറേ ഭാവനാപൂര്‍ണ്ണമായ പദ്ധതികളാണ് പിന്നീട് അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരുകള്‍ ഏറ്റെടുത്തത്. വിദ്യാഭ്യാസ – സാമൂഹ്യ ക്ഷേമ മേഖലകളില്‍ എല്‍. ഡി. എഫ് സര്‍ക്കാരുകള്‍ നടത്തിയ ഇടപെടലുകള്‍ ഒന്നുംതന്നെ പാഴായി പോയിട്ടില്ല എന്നാണ് ഈ രംഗങ്ങളിലെ നേട്ടങ്ങള്‍ സൂചിപ്പിക്കുന്നത്. മാനവവികസന സൂചികയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം. നേട്ടങ്ങള്‍ ഏറെയുണ്ടെങ്കിലും പ്രതിബന്ധങ്ങളോ, പ്രതിസന്ധികളോ ഇല്ല എന്നല്ല. വ്യാവസായിക മുന്നേറ്റത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിലൊക്കെ നമുക്ക് ഏറെ മുന്നേറാനുണ്ട്.

അത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുള്ള 600 ഇന പരിപാടിയുമായാണ് 2016 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയത്. വിദ്യാഭ്യാസ – ആരോഗ്യ മേഖലകളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തിയും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയും പാര്‍പ്പിട രംഗത്ത് ഇടപെടലുകള്‍ കാര്യക്ഷമമാക്കിയും ഒക്കെ നവകേരള സൃഷ്ടിക്കുള്ള അടിത്തറ പാകാന്‍ കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനായി. അതിന്റെയൊക്കെ ഫലമായി കൈവന്ന ജനവിശ്വാസത്തിലൂന്നിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തുടര്‍ഭരണത്തിലെത്തിയത്.

ഇക്കുറി 900 വാഗ്ദാനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവെച്ചത്. അതില്‍ 85 ശതമാനം കാര്യങ്ങളിലും പ്രാഥമിക നടപടികളിലേക്കു കടക്കാന്‍ കഴിഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതാണ് എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണസംസ്‌കാരത്തിന്റെ ഭാഗമായിവേണം ഇതിനെ കാണാന്‍. കേരളത്തിന്റെ മുന്നേറ്റത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുന്ന പല പദ്ധതികളും പൂര്‍ത്തീകരണത്തോട് അടുക്കുകയാണ്. 2026 ഓടെ നാല്‍പത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ക്കു പ്രാധാന്യം നല്‍കിയും നൂതന സാങ്കേതികവിദ്യാ രംഗത്ത് മുന്നേറ്റം നടത്തിയും ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരിച്ചും കേരളത്തെ പുരോഗമനോന്മുഖമായി മാറ്റിത്തീര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുകയാണ്.

ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവര്‍ത്തിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ സര്‍ക്കാര്‍. വിജ്ഞാനം എന്നത് കേവലം ക്ലാസ് മുറികളിലോ അക്കാദമിക് രംഗത്തോ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ലോകത്തെവിടെയും ഉണ്ടാകുന്ന അറിവുകളെ നമ്മുടെ സമ്പദ്ഘടനയിലേക്കു കൂട്ടിച്ചേര്‍ത്തുകൊണ്ട് അതിനെ പുരോഗമനോന്മുഖമായി പരിവര്‍ത്തിപ്പിക്കുക എന്നതാണ് പ്രധാനം. ഇതില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അറിവിന്റെ ജനാധിപത്യവത്ക്കരണം. എല്ലാ പൗരന്മാര്‍ക്കും അറിവ് ആര്‍ജ്ജിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനായി ബഹുമുഖമായ ഇടപെടലുകള്‍ സാധ്യമാകേണ്ടതുണ്ട്. വിജ്ഞാനവിതരണത്തിനുതകുന്ന വിധം ആധുനിക സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കണം. വ്യവസായങ്ങളും ഉന്നതവിദ്യാഭ്യാസവുമായി ഒരു ജൈവബന്ധം രൂപപ്പെടുത്തണം. ലോക വിജ്ഞാനഘടനയുമായി നമ്മുടെ നാടിനെ ബന്ധിപ്പിക്കണം. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍.

2016 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തുമ്പോള്‍ കേരളത്തിലെ മൂന്ന് ഐ. ടി പാര്‍ക്കുകളിലായി 640 കമ്പനികളും 78,068 ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഒന്നരക്കോടി ചതുരശ്രയടിയായിരുന്നു ഐ. ടി പാര്‍ക്കുകളുടെ വിസ്തീര്‍ണ്ണം. 9,753 കോടി രൂപയുടെ ഐ. ടി കയറ്റുമതിയാണ് അന്നുണ്ടായിരുന്നത്. ഐ. ടി മേഖലയില്‍ നടത്തിയ കാര്യക്ഷമമായ ഇടപെടലുകളുടെ ഫലമായി ഇന്നിവിടെ 1,106 കമ്പനികളും 1,35,288 ജീവനക്കാരുമുണ്ട്. ഐ. ടി പാര്‍ക്കുകളുടെ വിസ്തീര്‍ണ്ണം 2 കോടിയിലേറെ ചതുരശ്രയടിയായി. 17,356 കോടി രൂപയുടെ ഐ. ടി കയറ്റുമതിയാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്.

ഇതിനൊക്കെ പുറമെ ദേശീയപാത 66 ന് സമാന്തരമായി നാല് ഐ. ടി ഇടനാഴികള്‍ സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്ത് നിലവിലുള്ള ഐ. ടി കേന്ദ്രങ്ങളില്‍ നിന്നാണ് ഇവ ഉത്ഭവിക്കുക. തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഫേസ് ത്രീ മുതല്‍ കൊല്ലം വരെയും ചേര്‍ത്തല മുതല്‍ എറണാകുളം വരെയും എറണാകുത്ത് നിന്ന് കൊരട്ടി വരെയും കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെയുമാണ് ഇടനാഴികള്‍. ദേശീയ പാതയ്ക്ക് സമാന്തരമായി ഐ. ടി പാര്‍ക്കിന് അനുയോജ്യമായവിധം 15 മുതല്‍ 25 ഏക്കര്‍ വരെ ഭൂമി ഏറ്റെടുക്കും. ഇങ്ങനെ ഏറ്റെടുക്കുന്ന ഭൂമിയില്‍ 50,000 മുതല്‍ 2 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള 20 ചെറിയ സാറ്റ്ലൈറ്റ് ഐ. ടി പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഈ സര്‍ക്കാരിന്റെ കാലത്ത് 90,168 ചെറുകിട – ഇടത്തരം സംരംഭങ്ങളാണ് ആരംഭിച്ചത്. 2021-22 സാമ്പത്തിക വര്‍ഷത്തെ സംരംഭക വര്‍ഷമായി ആചരിക്കുകയാണ്. ആദ്യത്തെ ഇരുന്നൂറ് ദിനം കൊണ്ടുതന്നെ 75,000 സംരംഭങ്ങള്‍ തുടങ്ങാനായി. ഇതിലൂടെ 4,694 കോടി രൂപയുടെ നിക്ഷേപങ്ങളും സംഭരിച്ചു. ഇതുവഴി 1,65,301 തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി. ഇതില്‍ത്തന്നെ 25,000 സംരംഭങ്ങള്‍ വനിതകളുടേതാണ് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

ഇന്റര്‍നെറ്റ് അവകാശമാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. ആ അവകാശം എല്ലാവര്‍ക്കും പ്രാപ്യമാകുന്നു എന്നുറപ്പുവരുത്താനാണ് കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. കെ-ഫോണിലൂടെ എല്ലാവര്‍ക്കും സൗജന്യമായോ കുറഞ്ഞ നിരക്കിലോ ഗുണമേന്മയുള്ള അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ്. അതിനായി 30,000 കിലോമീറ്റര്‍ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയാണ് നിലവില്‍ വരുന്നത്. 1,611 കോടി രൂപ ചിലവഴിക്കുന്ന ഈ പദ്ധതിയുടെ 85 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കെ-ഫോണിന് ഐ പി-1 സര്‍ട്ടിഫിക്കേഷനും ഐ എസ് പി-ബി ലൈസന്‍സും ലഭ്യമായിട്ടുണ്ട്.

വര്‍ദ്ധിച്ച ജനസാന്ദ്രതയും വാഹനപ്പെരുപ്പവും നേരിടുന്ന സംസ്ഥാനമാണ് കേരളം. അതിനാല്‍ നമ്മുടെ ഗതാഗത സൗകര്യങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. ദീര്‍ഘവീക്ഷണത്തോടെ പാരിസ്ഥിതിക സൗഹൃദമായ കാഴ്ചപ്പാടോടെ വേണം നൂതന ഗതാഗത സൗകര്യങ്ങള്‍ ഒരുക്കാന്‍. അനിശ്ചിതമായി നീണ്ടുപോയ ദേശീയപാതാ വികസനത്തിന്റെ തടസ്സങ്ങള്‍ നീക്കാനായി എന്നതുതന്നെയാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ സുപ്രധാനമായ നേട്ടം. ദേശീയ പാതയ്ക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന്റെ 25% ചെലവു വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഇത് ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനുമില്ല. 5,580 കോടി രൂപയാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. റോഡ് ഗതാഗതം പോലെ തന്നെ ജലഗതാഗത രംഗത്തും റെയില്‍ ഗതാഗത രംഗത്തും വ്യോമ ഗതാഗത രംഗത്തും കാര്യക്ഷമമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്.

കേരളത്തിന്റെ വ്യാവസായിക മുന്നേറ്റവും വികസനവും ലക്ഷ്യംവെച്ചുള്ള പരിപാടികള്‍ ആവിഷ്‌കരിക്കുമ്പോഴും ക്ഷേമ പദ്ധതികളില്‍ നിന്നും ഒരിഞ്ച് പിന്നിലേക്കു പോകാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഈ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ മാത്രം 1,406 കോടി രൂപയാണ് വിതരണം ചെയ്തത്. ലൈഫ് മിഷന്‍ മുഖേന 50,650 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. 3,828 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച ഭവനങ്ങള്‍ കൂടി എടുത്താല്‍ ലൈഫ് പദ്ധതി മുഖേന 3 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് വീട് ലഭ്യമായത്. തീരദേശ മേഖലയിലെ പാര്‍പ്പിട പ്രശ്നം പരിഹരിക്കുന്നതിനായി രൂപീകരിച്ച പുനര്‍ഗേഹം പദ്ധതി മുഖേന 1,704 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. 390 കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് നിര്‍മ്മിച്ചു നല്‍കി. 556 ഫ്ളാറ്റുകള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. കേരളത്തിലെ പാര്‍പ്പിട പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ പലരും ‘മനസ്സോടിത്തിരി മണ്ണ്’ എന്ന പദ്ധതിയുടെ ഭാഗമായി ഭൂരഹിതര്‍ക്ക് ഭൂമി കൈമാറാന്‍ തയ്യാറായി. 17 ഏക്കര്‍ ഭൂമിയാണ് ഇതുവഴി ലഭ്യമായത്. 57 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങാതെ ലഭ്യമാകുന്നുണ്ട്. 583 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമായി. 849 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും 102 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളെയും ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായി ഉയര്‍ത്തി.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പൊതുവിതരണ സംവിധാനത്തില്‍ ശക്തമായി ഇടപെടുന്ന ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെ രാജ്യം കടന്നുപോകുമ്പോഴും, രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയത്. ഈ സര്‍ക്കാരിന്റെ കാലത്തു മാത്രം 4,814 കോടി രൂപയാണ് പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ചിലവഴിച്ചത്. വികസന പദ്ധതികളില്‍ ശ്രദ്ധയൂന്നുമ്പോള്‍ തന്നെ ക്ഷേമ പദ്ധതികളിലും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഇവയെല്ലാം.

പൊതുവിദ്യാഭ്യാസ രംഗത്തു നാം കൈവരിച്ച നേട്ടങ്ങള്‍ക്ക് ആനുപാതികമായി ഉന്നതവിദ്യാഭ്യാസ മേഖലയെ മാറ്റിത്തീര്‍ക്കുന്നതിനുള്ള ഇടപെടലുകളും സര്‍ക്കാര്‍ നടത്തിവരികയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ശാക്തീകരണത്തിനായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഫലം കാണുന്നു എന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ കേരള സര്‍വകലാശാലയ്ക്ക് എ പ്ലസ് പ്ലസ് ഗ്രേഡും കാലിക്കറ്റ്, ശ്രീ ശങ്കരാചാര്യ, കുസാറ്റ് എന്നീ സര്‍വ്വകലാശാലകള്‍ക്ക് എ പ്ലസ് ഗ്രേഡും കരസ്ഥമാക്കാന്‍ കഴിഞ്ഞു. മറ്റ് സര്‍വ്വകലാശാലകളും മികച്ച പ്രകടനമാണ് വിവിധ മേഖലകളില്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പുറത്തിറങ്ങിയ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ പല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യ നൂറില്‍ ഇടം നേടിയിട്ടുണ്ട്. കേരളത്തിലെ മൂന്ന് സര്‍വകലാശാലകള്‍ ഓവറോള്‍ റാങ്കിങ്ങിലെ ആദ്യ നൂറിലുണ്ട്. യൂണിവേഴ്സിറ്റികളുടെ റാങ്കിങ്ങില്‍ നമ്മുടെ നാലു സര്‍വകലാശാലകള്‍ ആദ്യ നൂറിലുണ്ട്. കോളേജുകളില്‍ 17 എണ്ണമുണ്ട്. മാനേജ്മെന്റ്, ആര്‍ക്കിടെക്ച്ചര്‍, ഫാര്‍മസി, ഡെന്റല്‍ എന്നിവയില്‍ ഓരോന്ന് വീതവുമുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ളതും എന്നാല്‍ കേരളത്തില്‍ സ്ഥിതി ചെയ്യുന്നതുമായ മൂന്ന് എഞ്ചിനീയറിംഗ് കോളേജുകള്‍, രണ്ട് മാനേജ്മെന്റ് കോളേജുകള്‍, ആര്‍ക്കിടെക്ച്ചര്‍, മെഡിക്കല്‍ എന്നിവയിലെ ഓരോ കോളേജുകള്‍ വീതവും അതത് പഠനശാഖകളുടെ ആദ്യ നൂറെണ്ണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ കണക്കുകള്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗത്തിനാകെ പ്രചോദനമാണ്. എല്ലാ സര്‍വകലാശാലകളെയും മികവുറ്റവയാക്കി മാറ്റുക ലക്ഷ്യമിട്ട് സന്തുലിതമായ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്.

നവകേരള സൃഷ്ടിയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് സമാധാനപൂര്‍ണ്ണമായ സാമൂഹ്യാന്തരീക്ഷം. ഈ സാമൂഹ്യാന്തരീക്ഷത്തില്‍ ഊന്നിനിന്നുകൊണ്ടുവേണം നാം വിഭാവനം ചെയ്ത തരത്തിലുള്ള പുതിയ കേരളം പടുത്തുയര്‍ത്താന്‍. അതിനു തടസ്സം സൃഷ്ടിക്കുവാന്‍ ചിലരെങ്കിലും കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത, മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമെന്ന പദവിയാണ് അത്തരക്കാരെ അസ്വസ്ഥരാക്കുന്നത്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വലിയ ജാഗ്രത പുലര്‍ത്തണം. നമ്മുടെ നാടിനെ കാര്‍ന്നുതിന്നുന്ന മറ്റൊരു മഹാവിപത്താണ് മയക്കുമരുന്നിന്റെ ഉപയോഗം. ഒരു തലമുറയെത്തന്നെ നശിപ്പിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ നമുക്ക് നാട്ടില്‍ നിന്നും ഇല്ലാതാക്കാന്‍ അതിവിപുലമായ ഒരു ക്യാമ്പയിന്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. എല്ലാവിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഈ പോരാട്ടത്തില്‍ നാം ഓരോരുത്തരും കണ്ണിചേരണം.

നവോത്ഥാന കാലഘട്ടത്തിന്റെ സംഭാവനയായ ശാസ്ത്രബോധവും യുക്തിചിന്തയും നഷ്ടപ്പെടുത്തുന്ന അവസ്ഥ ഉണ്ടായിക്കൂട. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് നമ്മുടെ നാട് പുരോഗതിയിലേക്കെത്തിയത്. അതില്‍നിന്നുള്ള മടങ്ങിപ്പോക്ക് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും. ജനങ്ങളുടെ ബോധമണ്ഡലത്തെ മലീമസമാക്കുന്ന അത്തരം ശക്തികള്‍ക്കെതിരെ ഒരേ മനസ്സോടെ അണിചേരുമെന്ന് ദൃഢപ്രതിജ്ഞ കൈക്കൊള്ളേണ്ട സന്ദര്‍ഭം കൂടിയാണ് ഈ കേരളപ്പിറവി ദിനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News