നുണകള്‍ ചീട്ട്കൊട്ടാരംപോലെ പൊളിഞ്ഞു വീണു; കൊലയാളി ഗ്രീഷ്മ കുടുങ്ങിയതിങ്ങനെ

മാതാപിതാക്കളുടെ ഏക മകള്‍…പഠിക്കാന്‍ മിടുക്കി…തമിഴ്‌നാട്ടിലെ മുസ്‌ലിം ആര്‍ട്‌സ് കോളജില്‍നിന്നു ബി.എ ഇംഗ്ലിഷ് സാഹിത്യത്തില്‍ നാലാം റാങ്ക്..ഹൊറര്‍ സിനിമകളുടെ ആരാധിക…. പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ ജീവനെടുത്ത പ്രതിയും കാമുകിയുമായ ഗ്രീഷ്മയുടെ വിഷേണങ്ങളാണിവ…

മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍  23കാരനായ കാമുകനെ 22കാരിയായ കാമുകി അതിദാരുണമായി വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ഇത്രയും നാള്‍ അവളെ പ്രാണനായി കണ്ടിരുന്നവനെയാണ് പുതിയ ഒരു ബന്ധത്തിനുവേണ്ടി നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്ന്  ഗ്രീഷ്മ മൊഴി നല്‍കിയതോടെ തിരശ്ശീലവീണത് അവന്റെ ആത്മാര്‍ത്ഥപ്രണയത്തിനാണ്.

പൊലീസ് അന്വേഷണത്തെയും ഗ്രീഷ്മ അസാമാന്യ ധൈര്യത്തോടെയാണ് നേരിട്ടത്. ഒന്നിലധികം തവണ മൊഴിയെടുത്തപ്പോഴും പൊലീസിന് പോലും ആദ്യം ഇവരില്‍ സംശയം തോന്നിയില്ല. തുടര്‍ന്ന് ഗ്രീഷ്മയെയും മാതാപിതാക്കളെയും ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിക്കുകയായിരുന്നു. അവര്‍ക്കൊപ്പവും തനിച്ചുമുള്ള ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഗ്രീഷ്മക്ക് സത്യം തുറന്നുപറയേണ്ടിവന്നു.

ഗ്രീഷ്മയെ കുടുക്കാന്‍ പൊലീസിന് ഏറ്റവും സഹായകരമായത് കഷായം കുറിച്ച് നല്‍കിയെന്ന പറയപ്പെട്ട ആയുര്‍വേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെ മൊഴികളായിരുന്നു. സ്വയരക്ഷയ്ക്കായി സ്വയംകെട്ടിപ്പൊക്കിയ നുണക്കഥകള്‍ ചീട്ടുകൊട്ടാരംപോലെ പൊലീസിന് മുന്നില്‍ പൊളിഞ്ഞുവീണു.  ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും ഗ്രീഷ്മയ്ക്ക് വിനയായി മാറി. കഷായം കുറിച്ചുനല്‍കിയെന്ന് ഷാരോണ്‍ അവകാശപ്പെട്ട ആയൂര്‍വേദ ഡോക്ടര്‍ അരുണ്‍ അത് തള്ളിയതാണ് കേസില്‍ നിര്‍ണായകമായത്.

ഷാരോണിന് നല്‍കിയ അതേ ജ്യൂസ് കുടിച്ച അമ്മയ്‌ക്കൊപ്പം വന്ന ഓട്ടോഡ്രൈവര്‍ക്കും അസ്വസ്ഥതയുണ്ടായെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്ന് ഡ്രൈവര്‍ പ്രദീപ് മൊഴി നല്‍കിയത് അന്വേഷണസംഘത്തിന് കാര്യങ്ങള്‍ എളുപ്പമാക്കി. ഷാരോണ്‍ ആശുപത്രിയില്‍ കഴിയവേ കഷായത്തിന്റെ പേര് വെളിപ്പെടുത്താതെ ഷാരോണിന്റെ കുടുംബത്തെ വട്ടംക്കറക്കിയ ഗ്രീഷ്മ നുണകള്‍ ആവര്‍ത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വന്തം മൊഴികളിലെ വൈരുദ്ധ്യം പൊലീസ് ആയുധമാക്കി.

ഇതോടെ ഒരുരക്ഷയുമില്ലാതെ വന്നതോടെ ഗ്രീഷ്മ എല്ലാം തുറന്നുപറയുകയായിരുന്നു. ഷാരോന്റെ ചികില്‍സയ്ക്ക് കഷായത്തിന്റെ പേര് അറിയണമെന്ന സഹോദരന്‍ ഷിമോന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ല. കഷായ കുപ്പിയുടെ അടപ്പില്‍ അതിന്റെ ബാച്ച് നമ്പറുണ്ടാകുമെന്ന് ഷിമോന്‍ പറഞ്ഞപ്പോള്‍ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും അമ്മ ഗ്ലാസില്‍ തനിക്ക് ഒഴിച്ചുവെച്ചതാണ് ഷാരോണിന് നല്‍കിയതെന്നുമാണ് ഗ്രീഷ്മ ഫോണില്‍ പറഞ്ഞത്. എന്നാല്‍, കുപ്പി ആക്രിക്ക് കൊടുത്ത് എന്നായിരുന്നു ആദ്യം പൊലീസിന് നല്‍കിയ മൊഴി.

ഇവിടെപ്രണയപ്പകയിൽ പൊലിഞ്ഞത് 23 കാരന്റെ ജീവനാണ്.  മരണത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലും ഷാരോണിന് താന്‍ വിഷം നല്‍കിയിട്ടില്ലെന്നതില്‍ ഗ്രീഷ്മ ഉറച്ചുനിന്നു. ഇരുവരും തമ്മിലുള്ള ചാറ്റുകളില്‍ ഇക്കാര്യം വ്യക്തമാണ്. വിഷം ഉള്ളില്‍ച്ചെന്ന് അവശനായി ആശുപത്രിയില്‍ കിടക്കുമ്പോഴും ഗ്രീഷ്മ തന്നെ വഞ്ചിക്കില്ലെന്ന് ഷാരോണ്‍ വിശ്വസിച്ചു.മരിക്കുന്ന അവസാന നിമിഷം വരെയും അവള്‍ എങ്ങനെ ചെയ്യില്ല എന്ന് സുഹൃത്തിനോട് ആവര്‍ത്തിച്ചു പറഞ്ഞ ഷാരോണ്‍ ഇഞ്ചിഞ്ചായി മരണപ്പെട്ടപ്പോള്‍ അവള്‍ പുറമേ കരഞ്ഞുകൊണ്ട് ഉള്ളില്‍ ചിരിക്കുകയായിരുന്നു. ഒരു ബന്ധത്തില്‍ തുടരാന്‍ താല്‍പ്പര്യം ഇല്ലെങ്കില്‍ അതിനെ അവിടെ അവസാനിക്കാന്‍ ഇരു പങ്കാളികളും തയാറാകാത്തിടത്തോളം കാലം ഇനിയും ഇതുപോലെ നിരവധി കൊലപാതകങ്ങള്‍ നമ്മള്‍ കാണേണ്ടി വരും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here