ടി20 ലോകകപ്പ്; അയര്‍ലന്‍ഡിനെ വീഴ്ത്തി ഓസ്ട്രേലിയ

ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ നിര്‍ണായക പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ വീഴ്ത്തി ഓസ്ട്രേലിയ. ജയത്തോടെ സെമി പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്താനും ഓസീസിന് സാധിച്ചു. 42 റണ്‍സിനാണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡിന്റെ പോരാട്ടം 18.1 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു.

48 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോറും ഒരു സിക്സും സഹിതം 71 റണ്‍സ് വാരിയ ലോര്‍ക്കന്‍ ടക്കറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് അയര്‍ലന്‍ഡിന്റെ തോല്‍വി ഭാരം ഇത്രയെങ്കിലും കുറച്ചത്. മൂന്നാമനായി ക്രീസിലെത്തിയ ടക്കര്‍ പിന്തുണയ്ക്കാന്‍ ആളില്ലാതെ പുറത്താകാതെ ഹതാശനായി ക്രീസില്‍ നിന്നു. മറ്റെല്ലാവരും ചടങ്ങ് തീര്‍ത്ത് മടങ്ങി. ടക്കറിനെ കൂടാതെ ഗരെത് ഡെല്‍നി (14), പോള്‍ സ്റ്റിര്‍ലിങ് (11), മാര്‍ക് അഡയര്‍ (11) എന്നിവരാണ് രണ്ടക്കം കടന്ന മൂന്ന് പേര്‍.

ഓസീസിനായി പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്സ്വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കസ് സ്റ്റേയിനിസ് ഒരു വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് കണ്ടെത്തി. ടോസ് നേടി അയര്‍ലന്‍ഡ് ഓസീസിനെ ബാറ്റിങിന് വിടുകയായിരുന്നു.

ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അര്‍ധ സെഞ്ച്വറിയുമായി പോരാട്ടം നയിച്ചു. ഫിഞ്ചാണ് ടോപ് സ്‌കോറര്‍. 44 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം ഫിഞ്ച് 63 റണ്‍സ് അടിച്ചെടുത്തു.

ഈ ലോകകപ്പിലെ മോശം ഫോം തുടര്‍ന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ഇന്നിങ്സിലെ മൂന്നാം പന്തില്‍ ഓസ്‌ട്രേലിയക്ക് നഷ്ടമായി. ഏഴ് പന്തില്‍ മൂന്ന് റണ്‍സ് നേടിയ താരത്തെ ബാരി മക്കാര്‍ത്തി പുറത്താക്കുകയായിരുന്നു. പിന്നാലെ ആരോണ്‍ ഫിഞ്ചിനൊപ്പം മിച്ചല്‍ മാര്‍ഷ് ഓസീസിനെ 50 കടത്തി. ഒന്‍പതാം ഓവറിലെ ആദ്യ പന്തില്‍ മക്കാര്‍ത്തി മിച്ചലിനെ ടക്കറുടെ കൈകളിലെത്തിച്ചു. 22 പന്തില്‍ 28 റണ്‍സാണ് മിച്ചലിന്റെ സമ്പാദ്യം.

പിന്നീട് ക്രീസിലെത്തിയ മാര്‍ക്കസ് സ്റ്റോയിനിസ് 25 പന്തില്‍ 35 റണ്‍സുമായി ബോര്‍ഡിലേക്ക് മികച്ച സംഭാവന നല്‍കി. താരം മൂന്ന് ഫോറും ഒരു സിക്‌സും പറത്തി.

അതേസമയം 18, 19 ഓവറുകളില്‍ അധികം റണ്‍സ് വന്നില്ല. എന്നാല്‍ 20ാം ഓവറില്‍ ടിം ഡേവിഡ് നിര്‍ണായകമായ 20 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.

അവസാന ഓവറില്‍ 17 റണ്‍സ് നേടി ടിം ഡേവിഡും, മാത്യു വെയ്ഡും ഓസീസിനെ 179ലെത്തിച്ചു. ഡേവിഡ് 10 പന്തില്‍ 15 റണ്‍സും വെയ്ഡ് മൂന്ന് പന്തില്‍ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു.

ഐറിഷ് ടീമിനായി ബാരി മക്കാര്‍ത്തി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ്വ ലിറ്റില്‍ രണ്ട് വിക്കറ്റുകള്‍ നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel