Digital resurvey: എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’; ഡിജിറ്റല്‍ റീ സര്‍വെക്ക് ഇന്ന് തുടക്കം

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണ്ണമായും റീസര്‍വേ ചെയ്യാനുള്ള ഡിജിറ്റല്‍ റീ സര്‍വെക്ക് ഇന്ന് തുടക്കം കുറിക്കുന്നു. ഐക്യകേരള രൂപീകരണ ചരിത്രത്തില്‍ ആദ്യമായാണ് കേരളം പൂര്‍ണ്ണമായും അളക്കുന്ന നടപടിക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്.ഡിജിറ്റല്‍ റീസര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യുമന്ത്രി കെ രാജന്‍ അധ്യക്ഷനാകും.

ആദ്യഘട്ടത്തില്‍ 200 വില്ലേജില്‍ സര്‍വേ നടക്കും. മൂന്നുവര്‍ഷം കൊണ്ട് 400 വില്ലേജില്‍ സര്‍വേ പൂര്‍ത്തിയാക്കും. നാലാം വര്‍ഷം 350 വില്ലേജിലും. വകുപ്പിലെ ജീവനക്കാര്‍ക്കു പുറമെ 1500 സര്‍വേയര്‍മാരും 3200 ഹെല്‍പ്പര്‍മാരും ഉള്‍പ്പെടെ 4700 പേരെയാണ് സര്‍വേക്ക് നിയോഗിച്ചത്.

858.42 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനായി 438.46 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത്യാധുനിക സര്‍വേ ഉപകരണങ്ങളായ കോര്‍സ്, ആര്‍ടികെ റോവര്‍, റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍ എന്നിവ ഉപയോഗിച്ചാണ് സര്‍വേ. ഭൂവുടമകളുടെ സാന്നിധ്യത്തില്‍ സര്‍വേ നടത്തി മാപ്പുകള്‍ തയ്യാറാക്കി നല്‍കുംവിധം സോഫ്റ്റ് വെയര്‍ അധിഷ്ഠിതമായാണ് സര്‍വേ.

സര്‍വേ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനും ജനപങ്കാളിത്തം ഉറപ്പുവരുത്താനും വാര്‍ഡുകളില്‍ സര്‍വേ സഭകള്‍ നടത്തുന്നുണ്ട്. ആദ്യഘട്ട സര്‍വേ നടക്കുന്ന 200 വില്ലേജില്‍ സര്‍വേ സഭ പൂര്‍ത്തിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here