Rahul Dravid: ബംഗ്ലാദേശിനെതിരായ മത്സരം; കെ.എല്‍ രാഹുലിനെ ഒഴിവാക്കില്ലെന്ന് രാഹുല്‍ ദ്രാവിഡ്

ട്വന്റി20 ലോകകപ്പിന്റെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടതോടെ ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെ(K L Rahul) ടീമിലെ സ്ഥാനത്തെക്കുറിച്ച് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ചൂടു പിടിയ്ക്കുകയാണ്. 8 പന്തില്‍ 4 റണ്‍സ്, 12 പന്തില്‍ 9, 14 പന്തില്‍ 9 എന്നിവയാണ് കഴിഞ്ഞ 3 മത്സരങ്ങളില്‍ രാഹുലിന്റെ സ്‌കോര്‍. എന്നാല്‍, താരത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് കോച്ച് രാഹുല്‍ ദ്രാവിഡ്(Rahul Dravid) പറയുന്നത്.

നേരത്തെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ കെ.എല്‍ രാഹുലിനെ ഒഴിവാക്കി രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ഋഷഭ് പന്തിന് അവസരം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ റിപ്പോര്‍ട് തള്ളിയ ദ്രാവിഡ് കെ.എല്‍ രാഹുല്‍ ടീമില്‍ തുടരുമെന്ന് പറഞ്ഞു. താരത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. കെ.എല്‍.ആര്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഓപ്പണിംഗ് തുടരുമെന്നും രാഹുല്‍ അറിയിച്ചു.

കെ.എല്‍ രാഹുല്‍ ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഓസ്ട്രേലിയയില്‍ ഓപ്പണര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളാണ്. ഈ ടി20 ലോകകപ്പിലെ ഓരോ കളിക്കാരനിലും രോഹിത് ശര്‍മ്മ വിശ്വസിക്കുന്നുവെന്ന് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. അഡ്ലെയ്ഡില്‍ നാളെ നടക്കുന്ന മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക് കളിക്കുമോ എന്നതിനെ കുറിച്ചും ദ്രാവിഡ് പ്രതികരിച്ചു.

ദിനേശ് കാര്‍ത്തിക് മികച്ച പ്രകടനമാണ് നടത്തുന്നതെന്നും പരിശീലനത്തിന് എത്തിയിട്ടുണ്ടെന്നും രാഹുല്‍ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. ‘ബംഗ്ലാദേശിനെതിരെ കളിക്കണോ വേണ്ടയോ എന്ന് നാളെ രാവിലെ തീരുമാനിക്കും. കഠിനമായ സാഹചര്യത്തിലാണ് ദിനേഷ് കാര്‍ത്തിക് ബാറ്റ് ചെയ്യുന്നത്. അതുകൊണ്ട് അത്തരം കളിക്കാരെ നമ്മള്‍ പിന്തുണയ്ക്കണം.’- രാഹുല്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here