
പാറശാലയില്‍ ഡിഗ്രി വിദ്യാര്‍ത്ഥി ഷാരോണിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍ സുഹൃത്ത് ഗ്രീഷ്മ കുറ്റം സമ്മതിച്ചത് പൊലീസിന്റെ നൂലിഴകീറിയുള്ള ചോദ്യം ചെയ്യലിലാണ്. ആദ്യ ദിവസത്തെ മൊഴിയില്‍ തന്നെ ഗ്രീഷ്മയെക്കുറിച്ച് സംശയമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുമ്പോഴും ഗ്രീഷ്മ കുറ്റം സമ്മതിക്കുക എന്നത് അത്ര നിസ്സാര കാര്യമല്ലായിരുന്നു. നുണകളുടെമേല്‍ നുണകള്‍ മാത്രം കൊണ്ട് ഗ്രീഷ്മ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം പോലീസിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഗ്രീഷ്മയുടേയും അമ്മയുടേയും മൊഴികള്‍ പരസ്പര വിരുദ്ധമായതോടെ പൊലീസിനുമുന്നില്‍ ഗ്രീഷ്മയുടെ അടവുകള്‍ തെറ്റിത്തുടങ്ങുകയായിരുന്നു.
ഗ്രീഷ്മയെ കുടുക്കാന്‍ പൊലീസിന് ഏറ്റവും സഹായകരമായത് കഷായം കുറിച്ച് നല്‍കിയെന്ന പറയപ്പെട്ട ആയുര്‍വേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെ മൊഴികളായിരുന്നു. സ്വയരക്ഷയ്ക്കായി സ്വയംകെട്ടിപ്പൊക്കിയ നുണക്കഥകള്‍ പൊലീസിന് മുന്നില്‍ പൊളിഞ്ഞുവീണു. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും ഗ്രീഷ്മയ്ക്ക് വിനയായി മാറി. കഷായം കുറിച്ചുനല്‍കിയെന്ന് ഗ്രീഷ്മ അവകാശപ്പെട്ട ആയൂര്‍വേദ ഡോക്ടര്‍ അരുണ്‍ അത് തള്ളിയതാണ് കേസില്‍ നിര്‍ണായകമായത്.
ഷാരോണിന് നല്‍കിയ അതേ ജ്യൂസ് കുടിച്ച അമ്മയ്ക്കൊപ്പം വന്ന ഓട്ടോഡ്രൈവര്‍ക്കും അസ്വസ്ഥതയുണ്ടായെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്ന് ഡ്രൈവര്‍ പ്രദീപ് മൊഴി നല്‍കിയത് അന്വേഷണസംഘത്തിന് കാര്യങ്ങള്‍ എളുപ്പമാക്കി. ഷാരോണ്‍ ആശുപത്രിയില്‍ കഴിയവേ കഷായത്തിന്റെ പേര് വെളിപ്പെടുത്താതെ ഷാരോണിന്റെ കുടുംബത്തെ വട്ടംക്കറക്കിയ ഗ്രീഷ്മ നുണകള്‍ ആവര്‍ത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വന്തം മൊഴികളിലെ വൈരുദ്ധ്യം പൊലീസ് ആയുധമാക്കി.
ഇതോടെ ഒരുരക്ഷയുമില്ലാതെ വന്നതോടെ ഗ്രീഷ്മ എല്ലാം തുറന്നുപറയുകയായിരുന്നു. ഷാരോണിന്റെ ചികില്‍സയ്ക്ക് കഷായത്തിന്റെ പേര് അറിയണമെന്ന സഹോദരന്‍ ഷിമോന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ല. കഷായ കുപ്പിയുടെ അടപ്പില്‍ അതിന്റെ ബാച്ച് നമ്പറുണ്ടാകുമെന്ന് ഷിമോന്‍ പറഞ്ഞപ്പോള്‍ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും അമ്മ ഗ്ലാസില്‍ തനിക്ക് ഒഴിച്ചുവെച്ചതാണ് ഷാരോണിന് നല്‍കിയതെന്നുമാണ് ഗ്രീഷ്മ ഫോണില്‍ പറഞ്ഞത്.
ഗ്രീഷ്മയുടെ അമ്മയുടെ സഹോദരിയുടെ മകള്‍ പ്രശാന്തിനിയാണ് ആയുര്‍വേദ മരുന്ന് വാങ്ങിനല്‍കിയതെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ആദ്യം പറഞ്ഞത് കോകിലാരിഷ്ടമാണ് കഴിച്ചതെന്നാണ്. ആ കുപ്പി ചോദിച്ചപ്പോള്‍ ആക്രിക്കാരന് കൊടുത്തെന്നായിരുന്നു മറുപടി. എന്നാല്‍, കുപ്പി ആക്രിക്ക് കൊടുത്ത് എന്നായിരുന്നു ആദ്യം പൊലീസിന് നല്‍കിയ മൊഴി. പിന്നീട് പറഞ്ഞത് കദളീകല്‍പ്പം എന്ന മരുന്നെന്നാണ്. വാങ്ങിയത് പാറശ്ശാലയിലെ കടയില്‍ നിന്നാണെന്നും പോലീസിന് പ്രശാന്തിനി മൊഴി നല്‍കി. ഒഴിഞ്ഞ മരുന്നുകുപ്പി അമ്മാവന്‍ നിര്‍മല്‍ ജോലിസ്ഥലത്ത് കറി കൊണ്ടുപോയെന്നും വിശദീകരിച്ചു.
നിര്‍മല്‍ വരുന്നതുവരെ കാത്തുനിന്ന പോലീസ് കുപ്പി ശേഖരിച്ചു. പ്രശാന്തിനി പറഞ്ഞ കടയിലെത്തി തെളിവെടുത്തു. കദളീകല്‍പ്പം വരുന്ന കുപ്പി ഇതല്ലെന്നും തന്റെ മെഡിക്കല്‍ സ്റ്റോറില്‍ ഈ രസായനം വില്‍ക്കാറില്ലെന്നും കടക്കാരന്‍ ഉറപ്പിച്ച് പറഞ്ഞു. അതോടെ പ്രശാന്തിനി മൊഴി മാറ്റി. കന്നുമാമ്മൂട്ടിലെ കടയില്‍ നിന്നാണെന്നായി. അവിടെയും ഇല്ലെന്ന് അറിഞ്ഞതോടെ പുത്തന്‍കടയിലെ മെഡിക്കല്‍ സ്റ്റോര്‍ എന്നായി. കദളീകല്‍പ്പത്തിന്റെ കുപ്പി കണ്ട് ബോധ്യപ്പെട്ട പോലീസിന് ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് കിട്ടിയതല്ല ഷാരോണിന് നല്‍കിയ കഷായത്തിന്റെ കുപ്പിയെന്ന് മനസിലായി. പിന്നീട്, ഗ്രീഷ്മയാണ് തന്നോട് ഇങ്ങനെയൊക്കെ പറയണമെന്ന് പഠിപ്പിച്ചതെന്ന് പ്രശാന്തിനി പോലീസിന് മൊഴി നല്‍കി. ഇതോടെ ഗ്രീഷ്മ രക്ഷപെടാന്‍ കഴിയാത്ത വിധം കുടുങ്ങുകയായിരുന്നു. ഞായറാഴ്ച ക്രൈംബ്രാഞ്ച് ഗ്രീഷ്മയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് ഷാരോണിന് നല്‍കിയത് കളനാശിനിയാണെന്ന് കണ്ടെത്തിയത്. ഇതിന്റെ കുപ്പി കണ്ടെത്തുകയും ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here