ക്യാമ്പസുകള്‍ ലഹരിവിരുദ്ധ പ്രചാരണ കേന്ദ്രങ്ങളാകണം:മന്ത്രി ആര്‍ ബിന്ദു|R Bindu

യുവതയുടെ സര്‍ഗാത്മകതയെ മരവിപ്പിക്കുന്ന ലഹരി ഉപയോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രചാരണ കേന്ദ്രങ്ങളായി സര്‍വകലാശാലാ കാമ്പസുകള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അഭിപ്രായപ്പെട്ടു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വ്വകലാശാല സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ‘ലഹരിമുക്ത കേരളം- ക്യാമ്പസ്സുകളിലൂടെ’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അറിവന്വേഷണത്തിന്റെ സര്‍ഗാത്മ വേദികളാകേണ്ട കലാലയങ്ങള്‍ പ്രതീക്ഷകളില്ലാതെ, പ്രതികരണങ്ങള്‍ ഇല്ലാതെ മരവിച്ചു പോകുന്ന അവസ്ഥ സംജാതമായിരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ ചിന്താശേഷിയെ വികലമാക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സമൂഹതിന്മയായി ലഹരി ഉപയോഗത്തെ കാണേണ്ടതുണ്ട്.ലഹരിക്കടിമപ്പെടുന്ന വിദ്യാര്‍ത്ഥികളെ ബോധവത്കരിച്ച് മുന്നോട്ടു നയിക്കാന്‍ സഹപാഠികള്‍ക്കാവണം. ലഹരിക്കെതിരായ ജാഗ്രതയാര്‍ന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം വിദ്യാര്‍ത്ഥികളും അണിചേരണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

തലസ്ഥാനത്തെ വിവിധ എന്‍ജിനീയറിംഗ് കോളേജുകളില്‍ നിന്ന് പങ്കെടുത്ത ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക അനധ്യാപകര്‍ക്കും മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായ ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എസ്. അയൂബ്, സിന്റിക്കേറ്റ് അംഗങ്ങളായ ഡോ.പി.കെ.ബിജു, അഡ്വ.ഐ.സാജു, പ്രൊഫ. ജി. സഞ്ജീവ്, അക്കാഡമിക് ഡീന്‍ ഡോ. വിനുതോമസ്, റിസര്‍ച് ഡീന്‍ ഡോ. ഷലീജ് പി.ആര്‍, രജിസ്ട്രാര്‍ ഡോ. ആര്‍. പ്രവീണ്‍, സി.ഇ.ടി. പ്രിന്‍സിപ്പാള്‍ ഡോ. വി. സുരേഷ്ബാബു എന്നിവര്‍ പങ്കെടുത്തു . തുടര്‍ന്ന് എക്സൈസ് വിജിലന്‍സ് വിഭാഗം സൂപ്രണ്ട് ഓഫ് പോലീസ് കെ. മുഹമ്മദ് ഷാഫിയും, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പി.കെ. ജയരാജ് എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News