കലാനിരൂപകന്‍ വിജയകുമാര്‍ മേനോന്‍ അന്തരിച്ചു

ചിത്രകലാനിരൂപകനും ഗ്രന്ഥകര്‍ത്താവുമായ വിജയകുമാര്‍ മേനോന്‍ (76) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് തൃശൂര്‍ ദയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ എളമക്കരയില്‍ ചെറ്റക്കല്‍മഠം വീട്ടില്‍ കാര്‍ത്യായനി അമ്മയുടെയും അനന്തന്‍പിള്ളയുടെയും മകനായാണ് ജനിച്ചത്. ബറോഡ സര്‍വകലാശാലയില്‍ നിന്ന് കലാചരിത്രത്തില്‍ എം എ ബിരുദം നേടിയ ശേഷം കേരളത്തിലെ വിവിധ ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍ കലാചരിത്രം, ലാവണ്യശാസ്ത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിച്ചു.

കുറച്ചുകാലം ഉദ്യോഗമണ്ഡൽ ഫാക്‌ടിലും ജോലി ചെയ്‌‌തിട്ടുണ്ട്‌. ആധുനിക കലാദർശനം, രവിവർമ്മ, ഭാരതീയ കല 20ാം നൂറ്റാണ്ടിൽ, ദൈവത്തായ്‌, സ്ഥലം കാലം കല, ചിത്രകല: ചരിത്രവും രീതികളും, ആധുനിക കലയുടെ ലാവണ്യതലങ്ങൾ, A Brief Survey of the Art Scenario of Kerala, Raja Ravi Varma Classics,  Authenticating Objectivity തുടങ്ങി നിരവധി കലാപഠനഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌. യൂജിൻ അയൊനെസ്‌കോയുടെ  The Chairs ലോർക്കയുടെ  Blood Wedding, ഷെനെയുടെ The Maids തുടങ്ങിയ ക്ലാസിക്‌ നാടകങ്ങൾ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌തു.

കേരള ലളിതകലാ അക്കാദമിയുടെ കലാഗ്രന്ഥത്തിനുള്ള അവാര്‍ഡ്, കേസരി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി എന്‍.പിള്ള എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, സി ജെ സ്മാരക പ്രസംഗസമിതി അവാര്‍ഡ്, ഡോ.സി പി മേനോന്‍ സ്മാരക പുരസ്‌കാരം, ഗുരുദര്‍ശന അവാര്‍ഡ് തുടങ്ങി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 13 വര്‍ഷമായി വടക്കാഞ്ചേരി വ്യാസഗിരി ജ്ഞാനാശ്രമത്തിലെ അന്തേവാസിയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here