മോദി സര്‍ക്കാരിനെതിരായി പ്രാദേശികതലങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ സിപിഐ എം ആഹ്വാനം|CPIM

മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തിയും ദളിതര്‍, സ്ത്രീകള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റ് ജനവിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരായ കടന്നാക്രമണങ്ങളില്‍ പ്രതിഷേധിച്ചും പ്രാദേശികതലങ്ങളില്‍ പോരാട്ടങ്ങളും പ്രക്ഷോഭപരിപാടികളും സംഘടിപ്പിക്കാന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും സിപിഐഎം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു. ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനുമെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും ജനാധിപത്യ സംരക്ഷണം ലക്ഷ്യമിട്ടും പരിപാടികള്‍ സംഘടിപ്പിക്കണം. തൊഴിലുറപ്പ് പദ്ധതി കൃത്യമായി നടപ്പാക്കപ്പെടുന്നു, കൂലി കൃത്യമായി നല്‍കുന്നു, ആവശ്യാനുസരണം തൊഴിലുകള്‍ ലഭ്യമാക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ കൂടി ഉറപ്പിക്കുന്നതാകണം പ്രാദേശിക പ്രക്ഷോഭങ്ങള്‍.

ട്രേഡ്യൂണിയനുകളും കിസാന്‍സഭയും കര്‍ഷകതൊഴിലാളി യൂണിയനും ആഹ്വാനം ചെയ്തിട്ടുള്ള വിവിധ പ്രക്ഷോഭപരിപാടികളെ സിപിഐഎം പിന്തുണയ്ക്കും. 14 ഇന ആവശ്യങ്ങള്‍ ഉയര്‍ത്തി 2023 ഏപ്രിലില്‍ നിശ്ചയിച്ചിട്ടുള്ള പാര്‍ലമെന്റ് മാര്‍ച്ചിനെയും പിന്തുണയ്ക്കും. തെറ്റായ ഭരണനയങ്ങള്‍ കാരണം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ദുരിതങ്ങളെ അവഗണിച്ച് വര്‍ഗീയ ധ്രുവീകരണ അജണ്ടയുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. പ്രധാനമന്ത്രി തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കേദാര്‍നാഥിലും അയോധ്യയിലും മോദി പങ്കെടുത്തുള്ള മതചടങ്ങുകള്‍ക്ക് മാധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കി. ന്യൂനപക്ഷങ്ങളെ തുടര്‍ച്ചയായി ലക്ഷ്യം വെയ്ക്കുകയാണ്. അവരെ ശാരീരികാക്രമണങ്ങള്‍ക്കും വിധേയമാക്കുന്നു.

ഗുജറാത്തിലെ ഖേഡയില്‍ മഫ്തി പൊലീസുകാര്‍ മുസ്ലീം യുവാക്കളെ കെട്ടിയിട്ട് അടിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ക്കെതിരായി മതനിരപേക്ഷ ശക്തികള്‍ യോജിപ്പോടെ രംഗത്തുവരണം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞിട്ട് മൂന്നുവര്‍ഷത്തിലേറെയായി. കശ്മീര്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും ജീവിതോപാധിക്കും മേല്‍ ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. ജമ്മു കശ്മീര്‍ വിഷയത്തില്‍ മറ്റ് മതേതര പാര്‍ടികളുമായി ചേര്‍ന്ന് ഒരു കൂടിയാലോചനാ പ്രക്രിയ്ക്ക് സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും തുടക്കമിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News