Thrissur: ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തു; സര്‍ക്കാര്‍ ഇടപെട്ട് വീട് തിരികെലഭിച്ചു

തൃശൂര്‍(Thrissur) പേരാമംഗലത്ത് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്ത വീട് സര്‍ക്കാറിന്റെ ഇടപെടലില്‍ ഓമനയ്ക്കും മക്കള്‍ക്കും തിരികെ ലഭിച്ചു. തിരിച്ചടവ് തുകയായ 3 ലക്ഷം രൂപയില്‍ 75,000 രൂപ റിസ്‌ക്ക് ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ അനുവദിച്ചു. ബാക്കി തുക ഗഡുക്കളായി തിരിച്ചടയ്ക്കാനുള്ള സാവകാശവും കുടുംബത്തിന് നല്‍കി. ഇന്നലെ ഉച്ചയ്ക്ക് 3 മണിക്കാണ് ബാങ്ക് അധികൃതര്‍ ഓമനയുടെ വീട് മുന്നറിയിപ്പ് ഇല്ലാതെ ജപ്തി ചെയ്തത്. ഇതോടെ ഈ കുടുംബം പെരുവഴിയിലാകുകയായിരുന്നു.

ഓമന എന്ന ഈ അമ്മയുടെ കണ്ണീരിന് ഒരാശ്വാസമായി. കഴിഞ്ഞ രാത്രിയില്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിനപ്പുറം അത്ര ദയനീയമായിരുന്നു ഇവരുടെ അവസ്ഥ. കൂലിപ്പണിക്കായി മകനും വീട്ടുജോലിക്കായി ഓമനക്കും പോയതിന് പിന്നാലെ തൃശ്ശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തുകയായിരുന്നു. സാധനങ്ങളും വസ്ത്രങ്ങളും അടക്കം എടുക്കാനാകാത്ത നിലയില്‍ താഴിട്ടുപൂട്ടുകയും ചെയ്തു. വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീട് ജപ്തി ചെയ്ത കാര്യം ഓമന അറിയുന്നത്. 10 വര്‍ഷം മുന്‍പ് ഓമനയുടെ ഭര്‍ത്താവിന്റെ ചികിത്സാര്‍ത്ഥം ഒന്നര ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. പിന്നീട് ഭര്‍ത്താവ് മരിച്ചതോടെയാണ് വായ്പാ തിരിച്ചടവ് പ്രതിസന്ധിയായി മാറിയത്.

സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ അറിയിക്കാന്‍ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറും നേരിട്ടെത്തി കുടുംബത്തെ സന്ദര്‍ശിച്ചു. വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണിത്. അതേസമയം, കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതി, ഔദ്യോഗിക വിശദീകരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല. സ്ഥലം എം എല്‍ എ സേവ്യര്‍ ചിറ്റിലപ്പിള്ളിയും നാട്ടുകാരും അടക്കമുള്ളവര്‍ ഇന്നലെ രാത്രി മുതല്‍ തന്നെ ഈ കുടുംബത്തിന്റെ നീതിക്കായി പ്രയത്‌നിച്ച് രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News