ഷാരോൺ കൊലപാതകം ; ഗ്രീഷ്മയ്ക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് നൽകും | sharon murder

ഷാരോൺ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയ്ക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് പൊലീസ് നൽകും. ആത്മഹത്യാശ്രമത്തെ തുടർന്ന് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഗ്രീഷ്മ.

കഴിഞ്ഞദിവസം ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കൊണ്ടുപോയി നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയ കുപ്പി, കഷായം നിർമ്മിക്കുന്നതിന് വേണ്ടി വാങ്ങിയ പൊടി എന്നിവ ഇന്ന് രാസ പരിശോധനയ്ക്ക് അയക്കും.

അതേസമയം പ്രതികളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി.ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമായുള്ള തെളിവെടുപ്പാണ് പൂർത്തിയായത്.ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുമായാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്.

തെളിവെടുപ്പ് നടത്തേണ്ട സ്ഥലം തമിഴ്നാടായതിനാൽ പളുകൽ പൊലീസിൻ്റെ അനുമതിയോടെയും സഹായത്തോടെയുമാണ് ആരംഭിച്ചത്. രാമവർമ്മൻചിറ കുളത്തിനരികിലാണ് കീടനാശിനിയുടെ കുപ്പി ഉപേക്ഷിച്ചത് എന്നായിരുന്നു നിർമ്മൽകുമാറിൻ്റെ മൊഴി. കൃത്യമായി അവിടം കാട്ടിക്കൊടുക്കുകയും, അന്വേഷണ സംഘം നിമിഷ നേരംകൊണ്ട് കുപ്പി കണ്ടെടുക്കുകയും ചെയ്തു.

നിർമ്മൽ കുമാർ തന്നെയാണ് കുപ്പി ഇവിടെ ഉപേക്ഷിച്ചത് എന്നും, മൊഴി പ്രകാരമുള്ള കാപിക്യു എന്ന കീടനാശിനിയുടെ കുപ്പിയാണ് കണ്ടെത്തിയത് എന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ജോൺസൺ പറഞ്ഞു.

ശേഷം ഗ്രീഷ്മയുടെ വീടിന് പരിസരത്തായിരുന്നു തെളിവെടുപ്പ്. ഇവിടെ നിന്ന് നാല് പ്ലാസ്റ്റിക് കുപ്പികൾ കണ്ടെത്തി. ഇവ കഷായം കലക്കിയ കുപ്പിയെന്നാണ് നിഗമനം. ഒരു കുപ്പിയിൽ പച്ച നിറത്തിലുള്ള ദ്രാവകവും കണ്ടെത്തി. വിഷം കഷായത്തിൽ കലക്കിയത് ഈ കുപ്പികളിൽ ആണോയെന്ന് വിശദമായ പരിശോധന നടത്തും.

തെളിവ് നശിപ്പിക്കാൻ ഉപയോഗിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. ശേഷം നിർമ്മൽ കുമാറിനെ കീടനാശിനി വാങ്ങിയ കളിയിക്കാവിള കോഴിവിളയിലുള്ള കടയിലും, സിന്ധുവിനെ കഷായം വാങ്ങിയ പൂവാറിലെ ആയുർവേദ ആശുപത്രിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഗ്രീഷ്മയെ രക്ഷിക്കാൻ പ്രതികൾ തെളിവ് നശിപ്പിച്ചു എന്നതിനുള്ള കൃത്യമായ തെളിവുകൾ തന്നെയാണ് അന്വേഷണ സംഘം 7 മണിക്കൂർ കൊണ്ട് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News