
ട്വൻറി – 20 ക്രിക്കറ്റ് ലോകകപ്പിൽ സെമി സാധ്യത സജീവമാക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. അഡ്ലെയ്ഡ് ഓവലിൽ ഉച്ചയ്ക്ക് 1:30 ന് നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശാണ് എതിരാളി. അതേ സമയം മഴ മത്സരത്തിന് ഭീഷണിയാണ്.
മറ്റുള്ളവർ ടൈമിംഗ് കിട്ടാതെ ബുദ്ധിമുട്ടുന്ന ട്രാക്കിലും, ആദ്യ പന്ത് മുതൽ പന്ത് മിഡിൽ ചെയ്ത്, അനായാസം ഫീൽഡിലെ വിടവുകൾ കണ്ടെത്തുന്ന ക്ലാസ് ബാറ്റ്സ്മാൻ . വിളിപ്പേര് – ദി സ്കൈ. ദക്ഷിണാഫ്രിക്കൻ ബോളർമാർ പെർത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിരയെ കടപുഴക്കിയപ്പോൾ ചെറുത്തു നിന്നത് ഒരേ ഒരു സൂര്യകുമാർ യാദവ് മാത്രമായിരുന്നു.
നിർണായക മത്സരത്തിൽ അഡലെയ്ഡ് ഓവലിൽ ബംഗ്ലാ കടുവകളെ നേരിടാൻ ഒരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് വിജയം മാത്രമാണ് ലക്ഷ്യം. മുൻനിര ബാറ്റിംഗ് ചീട്ടു കൊട്ടാരം പോലെ തകർന്നതും പരിതാപകരമായ ഫീൽഡിംഗുമാണ് പ്രോട്ടീസിനെതിരെ ഇന്ത്യക്ക് തിരിച്ചടിയായത്.
ഒരു തോൽവി കൂടി വഴങ്ങിയാൽ സെമി സാധ്യത തുലാസിലാകുമെന്നതിനാൽ ഹിറ്റ്മാന്റെ സംഘം രണ്ടും കൽപിച്ച് തന്നെയാണ്. അതേസമയം ബംഗ്ലാ കടുവകൾക്ക് ശേഷിക്കുന്നത് ഇന്നത്തേത് ഉൾപ്പെടെ 2 മത്സരങ്ങളാണ്.
സെമിയിലെത്താൻ ഇന്ത്യക്കെതിരെ അട്ടിമറി ജയം നേടിയാൽ മാത്രം പോര പാകിസ്താനെതിരെയും വിജയം ആവർത്തിക്കണം. ബോളർമാരുടെ പോരാട്ടവീര്യവും ബാറ്റർമാരുടെ തകർപ്പൻ ഇന്നിങ്സുകളുമാണ് ബംഗ്ലാദേശിന് പ്രതീക്ഷയേകുന്നത്. എന്നാൽ മുഖാമുഖം പോരാട്ടത്തിലെ മേൽക്കൈ ടീം ഇന്ത്യക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ഏതായാലും കുട്ടിക്രിക്കറ്റിലെ അഡാറ് പോരാട്ടത്തിന് അഡലെയ്ഡ് ഓവൽ ഒരുങ്ങിക്കഴിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here