പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ ഉത്തരവ് മരവിപ്പിച്ചു| Cabinet Decisions

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 വയസ്സാക്കിയ ഉത്തരവ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം മരവിപ്പിച്ചു. തുടര്‍ നടപടികള്‍ പിന്നീട് തീരുമാനിക്കും.

തസ്തിക

കേരളാ ഫിഷറീസ് – സമുദ്രപഠന സര്‍വ്വകലാശാലയ്ക്ക് കീഴില്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലെ നിര്‍ദ്ദിഷ്ട ഫിഷറീസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ 7 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കും.

സഹായം

2021 ജൂണ്‍ 7 ന് ല്‍ ആംബുലന്‍സ് അപകടത്തില്‍ മരണപ്പെട്ട തളിപ്പറമ്പ് കുടിയാന്‍മല സ്വദേശികളായ ബിജോ മൈക്കിള്‍ ഭാര്യ റജീന എന്നിവരുടെ കുട്ടികളെ ശിശുവികസന വകുപ്പിന്റെ സ്പോണ്‍സര്‍ഷിപ്പ് പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അതോടൊപ്പം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായമായി ഓരോ ലക്ഷം രൂപാവീതം ഓരോ കുട്ടിയുടെയും പേരില്‍ സ്ഥിരനിക്ഷേപമായും നല്‍കും.

ഓണത്തോടനുബന്ധിച്ച് ആലപ്പുഴ തുറമുഖത്തിലെ 293 തൊഴിലാളികള്‍ക്ക്/ആശ്രിതര്‍ക്ക് 5,250 രൂപാവീതവും (ആകെ 15,38,250 രൂപ) രണ്ടാഴ്ചത്തെ സൗജന്യ റേഷന്‍ നല്‍കുന്നതിന് ആവശ്യമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച നടപടി സാധൂകരിച്ചു.

ശമ്പളപരിഷ്‌ക്കരണം

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം അനുവദിക്കും.

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച 11-ാം ശമ്പള പരിഷ്‌ക്കരണത്തിന് അനുസൃതമായി 01.07.2019 മുതല്‍ പ്രാബല്യത്തില്‍ അനുവദിക്കും. ഉത്തരവ് പുറപ്പെടുവിക്കുന്ന കാലയളവ് വരെയുള്ള കുടിശ്ശികവിതരണം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കുടിശ്ശികവിതരണം സംബന്ധിച്ച നിബന്ധനകള്‍ അനുസരിച്ചായിരിക്കും.

കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ നിന്നു വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വ്യവസ്ഥകളോടെ പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു.

നിയമനം

വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി സി.എഫ്. റോബര്‍ട്ടിനെ (റിട്ടയര്‍ഡ് കമാണ്ടന്റ് പോലീസ് വകുപ്പ്) പുനര്‍നിയമന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു. എല്‍. ഷിബുകുമാറിനെ സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

തുക അനുവദിച്ചു

പോലീസ് ബറ്റാലിയനുകള്‍ക്കും പ്രത്യേക യൂണിറ്റുകള്‍ക്കുമായി 28 ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ വാങ്ങുന്നതിന് 2,56,60,348 രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News