ഗുജറാത്തില്‍ മൂന്ന് രാജ്യങ്ങളിലെ മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കും

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തി ഗുജറാത്തില്‍ താമസിക്കുന്ന മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങി.

ഗുജറാത്തിലെ ആനന്ദ്, മെഹ്‌സാന ജില്ലകളില്‍ താമസിക്കുന്ന ഹിന്ദു, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാര്‍ക്കാണ് 1955ലെ നിയമപ്രകാരം പൗരത്വം നല്‍കുന്നത്. 2014 ഡിസംബറിന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക.

ആനന്ദ്, മെഹ്‌സാന ജില്ലകളില്‍ കഴിയുന്ന ആറ് മതവിഭാഗത്തില്‍പെട്ടവര്‍ക്ക് 2009ലെ ചട്ടപ്രകാരം പൗരത്വ സര്‍ട്ടിഫിക്കറ്റ് ജില്ല കളക്ടര്‍മാര്‍ക്ക് അനുവദിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തില്‍ വിശദീകരിച്ചു. ഓണ്‍ലൈന്‍ മുഖേനയുള്ള അപേക്ഷ കളക്ടര്‍മാര്‍ക്ക് പുറമെ, കേന്ദ്ര സര്‍ക്കാരിനും പരിശോധിക്കാന്‍ കഴിയും.
ദിവസങ്ങള്‍ക്കകം ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് രണ്ട് ജില്ലകളില്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് വന്ന് താമസിക്കുന്നവര്‍ക്ക് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത്.

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന നിയമഭേദഗതിയുടെ സാധുത സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. നിയമം നടപ്പാക്കുന്നതിനുവേണ്ട ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുമില്ല. അയല്‍രാജ്യങ്ങളില്‍ നിന്നെത്തിയ മുസ്‌ലിം ഇതര വിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്രം നടപടി സ്വീകരിക്കുന്നത് ഇതാദ്യമല്ല. 2016, 2018, 2021 വര്‍ഷങ്ങളിലായി ഗുജറാത്ത്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ഈ അധികാരം നല്‍കിയിരുന്നു. ഇതും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

അതേസമയം, 2014 ഡിസംബര്‍ 31ന് മുമ്പ് മൂന്ന് അയല്‍പക്ക രാജ്യങ്ങളില്‍ നിന്നായി ഇന്ത്യയിലേക്ക് ചേക്കേറിയ മുസ്‌ലിം ഇതര മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം അനുവദിക്കുന്നതിന് 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം കൊണ്ടുവന്നെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.

സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കേ, ഈ സമിതിക്ക് ചട്ടം രൂപപ്പെടുത്താനുള്ള കാലാവധി കൊവിഡ് സാഹചര്യങ്ങളുടെ പേരില്‍ ഏഴ് വട്ടം നീട്ടിക്കൊടുത്തു. രാജ്യസഭാ സമിതിയുടെ നീട്ടിക്കൊടുത്ത കാലാവധി ഡിസംബര്‍ 31നും ലോക്‌സഭ സമിതിയുടേത് ജനുവരി ഒമ്പതിനും അവസാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News