ലോകകപ്പിൽ ഇന്ത്യ ഇന്ന്‌ ബംഗ്ലാദേശിനെ നേരിടും

കരുത്തുറ്റ എതിരാളികൾക്കുമുന്നിൽ കളിമറന്ന ഇന്ത്യ തിരിച്ചുവരവിന്‌ ബംഗ്ലാദേശിനെതിരെ. ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പിൽ നാലാംമത്സരമാണ്‌ രോഹിത്‌ ശർമയ്ക്കും കൂട്ടർക്കും. ജയിച്ചാൽ ഗ്രൂപ്പ്‌ രണ്ടിൽ സെമി ഏറെക്കുറെ ഉറപ്പിക്കാം. നിലവിൽ ദക്ഷിണാഫ്രിക്കയ്ക്കുപിന്നിൽ രണ്ടാമതാണ്‌. രണ്ട്‌ കളി ജയിച്ച ബംഗ്ലാദേശ്‌ റൺ നിരക്കിലാണ്‌ ഇന്ത്യക്കുപിന്നിലായത്‌. അതിനിടെ മത്സരം നടക്കുന്ന അഡ്‌ലെയ്‌ഡിൽ മഴഭീഷണിയുമുണ്ട്‌.

ബാറ്റിങ്ങിൽ തെളിയാത്തതാണ്‌ ഇന്ത്യയുടെ ആശങ്ക. ദക്ഷിണാഫ്രിക്കൻ പേസർമാർക്കെതിരെ ബാറ്റർമാർ നിലംപൊത്തി. സൂര്യകുമാർ യാദവ്‌ മാത്രമാണ്‌ എല്ലാ മത്സരങ്ങളിലും ട്വന്റി 20 മികവിൽ കളിക്കുന്നത്‌. വിരാട്‌ കോഹ്‌ലി പാകിസ്ഥാനെതിരെയും നെതർലൻഡ്‌സിനെതിരെയും മിന്നി. എങ്കിലും ഇന്ത്യൻ ഇന്നിങ്‌സിൽ അടിച്ചുതകർക്കുന്ന ഒരു ബാറ്ററുടെ അഭാവമുണ്ട്‌. സൂര്യകുമാറിന്‌ ഇക്കാര്യത്തിൽ പിന്തുണയും ലഭിക്കുന്നില്ല. പരീക്ഷണഘട്ടങ്ങളിൽ അത്‌ കൃത്യമായി വെളിപ്പെടുകയും ചെയ്‌തു.

ഓപ്പണർ ലോകേഷ്‌ രാഹുലിന്റെ പ്രകടനമാണ്‌ പവർ പ്ലേ ഘട്ടത്തിൽ ടീമിനെ പിന്നോട്ടുവലിക്കുന്നത്‌. മൂന്ന്‌ കളിയിൽ 22 റണ്ണാണ്‌ വലംകൈയൻ ബാറ്ററുടെ സമ്പാദ്യം. പാകിസ്ഥാന്റെയും ദക്ഷിണാഫ്രിക്കയുടെയും പേസർമാർക്കുമുന്നിൽ രാഹുലിന്റെ ദൗർബല്യം തെളിഞ്ഞു. ആക്രമിച്ച്‌ ബൗളർമാരിൽ ആധിപത്യംനേടാൻ ശ്രമിക്കുന്നതിനുപകരം പിൻവലിഞ്ഞാണ്‌ രാഹുൽ കളിക്കുന്നത്‌.

എന്നാൽ, പരിശീലകൻ രാഹുൽ ദ്രാവിഡിന്‌ വിശ്വാസമുണ്ട്‌. ബംഗ്ലാദേശിന്റെ മൂർച്ചയില്ലാത്ത ബൗളിങ്‌ നിരയ്ക്കെതിരെ ഈ ഓപ്പണർ മികവ്‌ കണ്ടെത്തുമെന്നാണ്‌ ദ്രാവിഡിന്റെ പ്രതീക്ഷ. വിക്കറ്റ്‌ കീപ്പർ ദിനേശ്‌ കാർത്തിക്കും അതേവഴിയിലാണ്‌. ദക്ഷിണാഫ്രിക്കയുമായുള്ള കളി കാർത്തിക്കിന്‌ തെളിയിക്കാനുള്ള അവസരമായിരുന്നു. സൂര്യകുമാറിന്‌ പിന്തുണ നൽകാൻപോലും കഴിയാതെ പുറത്തായ കാർത്തിക്കിന്‌ വിക്കറ്റിനുപിന്നിൽ ഏറെസമയം നിൽക്കാനുമായില്ല. പുറംവേദനയുള്ള കാർത്തിക്‌ ഇന്ന്‌ കളിക്കാൻ സാധ്യതയില്ല. ഇടംകൈയൻ ഋഷഭ്‌ പന്തിന്‌ അവസരം കിട്ടിയേക്കും. പന്തിനും ഇത്‌ സുവർണാവസരമാണ്‌.

ഹാർദിക്‌ പാണ്ഡ്യയും ബാറ്റിൽ തെളിഞ്ഞില്ല. ദീപക് ഹൂഡയാണ് ടീമിലെ മറ്റൊരു ഓൾറൗണ്ടർ. ബൗളർമാരിൽ അർഷ്‌ദീപ്‌ സിങ്‌, ഭുവനേശ്വർ കുമാർ, മുഹമ്മദ്‌ ഷമി പേസ്‌ ത്രയം ലോകകപ്പിൽ മികച്ചരീതിയിൽ പന്തെറിയുന്നുണ്ട്‌. സ്‌പിന്നർ ആർ അശ്വിന്‌ അവസാന മത്സരത്തിൽ അടികൊണ്ടു. അഡ്‌ലെയ്‌ഡിലെ സ്‌പിന്നിന്‌ പിന്തുണ നൽകുന്ന പിച്ചിൽ താളം കണ്ടെത്താനാകുമെന്നാണ്‌ അശ്വിന്റെ പ്രതീക്ഷ.

മറുവശത്ത്‌ സിംബാബ്‌വെയെയും നെതർലൻഡ്‌സിനെയും തോൽപ്പിച്ച ബംഗ്ലാദേശ്‌ ദക്ഷിണാഫ്രിക്കയോട്‌ കൂറ്റൻ തോൽവി വഴങ്ങിയിരുന്നു. ഓൾ റൗണ്ടർ ഷാക്കിബ്‌ അൽ ഹസ്സൻ നയിക്കുന്ന ടീമിൽ പേസർമാരായ മുസ്‌താഫിസുർ റഹ്‌മാൻ, ടസ്‌കിൻ അഹമ്മദ്‌, സ്‌പിന്നർ മെഹിദി ഹസൻ മിറാജ്‌ എന്നിവരാണ്‌ പ്രധാനതാരങ്ങൾ.

2016 ലോകകപ്പിലാണ്‌ ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്‌. അന്ന്‌ ജയമുറപ്പിച്ചതിന്റെ ആഘോഷം തുടങ്ങിയ ബംഗ്ലാദേശിനെ അവസാനപന്തിൽ തീർത്ത്‌ ഇന്ത്യ അപ്രതീക്ഷിതജയം സ്വന്തമാക്കുകയായിരുന്നു. ഒരു റണ്ണിനായിരുന്നു മഹേന്ദ്രസിങ്‌ ധോണി നയിച്ച ഇന്ത്യൻ ടീമിന്റെ ജയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News