27-ാമത് ഐ എഫ് എഫ് കെ സംഘാടക സമിതി രൂപീകരിച്ചു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27 മത് ഐ എഫ് എഫ് കെ യുടെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ചന്ദ്രശേഖർ നായർ സ്റ്റേഡിയം കോംപ്ലക്സിലെ ഒളിമ്പിയാ ഹാളിൽ നടന്ന യോഗം സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘടനം ചെയ്തു.

മയക്കുമരുന്ന്, നരബലി, പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ തുടങ്ങിയ സമീപകാല സംഭവ വികാസങ്ങൾ ആധുനിക കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെ അപകടപ്പെടുത്തുകയാണ്. ഈ സാംസ്കാരിക അപചയത്തിനെതിരെ പ്രതികരിക്കാൻ സാംസ്കാരിക പ്രവർത്തകർ സന്നദ്ധരാകണം എന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി 27മത് ഐ എഫ് എഫ് കെയുടെ ലോഗോ പ്രകാശനം ചെയ്തു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിയെയാണ് 27മത് ഐ എഫ് എഫ് കെയിൽ സ്പിരിറ്റ്‌ ഓഫ് സിനിമ അവാർഡ് നൽകി ആദരിക്കുന്നത് എന്ന് ഫെസ്റ്റിവൽ ഡയറക്ടർ കൂടിയായ രഞ്ജിത്ത് പ്രഖ്യാപിച്ചു.

സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികൾക്ക് എതിരെ ശക്തമായി നിലകൊള്ളുന്ന നിർഭയരായ ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്നതിന് വേണ്ടിയാണ് ഐ എഫ് എഫ് കെ യിൽ സ്പിരിറ്റ്‌ ഓഫ് സിനിമ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയാണ് സമ്മാനത്തുക. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന മഹ്നാസിനെ ഇറാൻ ഭരണകൂടം നിരവധി തവണ തുറങ്കിലടക്കുകയും യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

27 മത് ഐ എഫ് എഫ് കെ യുടെ മുഖ്യ ആകർഷണങ്ങളെ കുറിച്ച് ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ സംസാരിച്ചു. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, മുൻമന്ത്രി എം വിജയകുമാർ, ഐ ബി സതീഷ് എം എൽ എ അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, ജനറൽ കൗൺസിൽ അംഗങ്ങളായ ഹരിശ്രീ അശോകൻ, ശങ്കർ രാമകൃഷ്ണൻ, ജെ സി ഡാനിയേൽ അവാർഡ് ജേതാക്കളായ ശ്രീകുമാരൻ തമ്പി, കെ പി കുമാരൻ, കെ എസ് എഫ് ഡി സി മാനേജിങ് ഡയറക്ടർ മായ ഐ എഫ് എസ്, നടി പ്രിയങ്ക നായർ, ട്രിഡ ചെയർമാൻ കെ സി വിക്രമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ ഫെസ്റ്റിവൽ പ്രസിഡന്റുമായ സമിതിയിൽ റിസപ്ഷൻ കമ്മിറ്റി ചെയർമാനായി എം വിജയകുമാറും ഹോസ്പിറ്റാലിറ്റി ആൻഡ് കോർഡിനേഷൻ കമ്മിറ്റി ചെയർമാനായി ജി സുരേഷ് കുമാറും പ്രോഗ്രാം കമ്മിറ്റി ചെയർമാനായി ശ്യാമ പ്രസാദും ഡെലിഗേറ്റ് കമ്മിറ്റി ചെയർമാനായി കെ ജി മോഹൻ കുമാറും എക്‌സിബിഷൻ കമ്മിറ്റി ചെയർമാനായി നേമം പുഷ്പരാജും വളണ്ടിയർ കമ്മിറ്റി ചെയർമാനായി കെ എസ് സുനിൽ കുമാറും ഓഡിയൻസ് പോൾ കമ്മിറ്റി ചെയർമാനായി പി എം മനോജും ഹെൽത്ത് ആൻഡ് കോവിഡ് മാനേജ്മെന്റ് കമ്മിറ്റി ചെയർ പേഴ്സണായി ജമീല ശ്രീധരനും മീഡിയ കമ്മിറ്റി ചെയർമാനായി ആർ എസ് ബാബുവും തിയറ്റർ ടെക്നിക്കൽ കമ്മിറ്റി ചെയർമാനായി സണ്ണി ജോസഫും തിയറ്റർ അവാർഡ് കമ്മിറ്റി ചെയർമാനായി വിപിൻ മോഹനും പ്രവർത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here