വിസിയാകാൻ വേണ്ട യോഗ്യത തനിക്കുണ്ട്; ഗവർണർക്ക് മുന്‍ വിസിയുടെ വിശദീകരണം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരള സര്‍വകലാശാല വി.സിയായിരുന്ന ഡോ. വി.പി. മഹാദേവന്‍ പിള്ള വിശദീകരണം നല്‍കി. നേരത്തെ രാജിവെക്കാന്‍ ഗവര്‍ണ്ണര്‍ നോട്ടീസ് നല്‍കിയവരില്‍ മഹാദേവന്‍ പിള്ളയും ഉണ്ടായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 24ന് ഡോ. വി.പി. മഹാദേവന്‍ പിള്ള വി.സി പദവിയില്‍ നിന്ന് വിരമിച്ചിരുന്നു.

വി.സിയാകാന്‍ വേണ്ട യോഗ്യതകള്‍ തനിക്കുണ്ടെന്നും സ്ഥാനത്തേക്ക് എത്തിയത് ചട്ടപ്രകാരമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ‘കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരം നല്‍കാം’ എന്ന് കാണിച്ച് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ വീണ്ടും കത്തയച്ചിരുന്നു. കാരണം കാണിക്കല്‍ നോട്ടീസിന്റെ സമയപരിധി മൂന്നാം തീയതി അവസാനിക്കുന്നതിനിടെയാണ് വീണ്ടും കത്തയച്ചിരുന്നത്.

കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്.

അതേസമയം മന്ത്രിയോടുള്ള പ്രീതി തീരുമാനിക്കാൻ ഇവിടെ മന്ത്രിസഭയുണ്ടെന്നും സമാന്തര സർക്കാരാകാൻ ആരും ശ്രമിക്കണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പറഞ്ഞിരുന്നു. എല്ലാത്തിനും മേലെ ജനങ്ങളുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. ജുഡീഷ്യറിക്കും മേലെയാണ് താൻ എന്ന ഭാവമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകടമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽഡിഎഫ്‌ നേതൃത്വത്തിൽ നടത്തിയ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ മേഖലയിലും മികവ് പുലർത്തിയവരെയാണ് കേരളത്തിൽ വി സി മാരായി നിയമിച്ചിട്ടുള്ളത്.  രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ അല്ല അവർ നിയമിതരായിട്ടുള്ളത്.  കേരള നിയമസഭയാണ് ചാൻസിലർ പദവി നൽകിയത്. ആ പദവിയിലിരുന്ന് സർവ്വകലാശാലകളെ അപകീർത്തിപ്പെടുത്തുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്.  ചാൻസിലർ എന്നത് ഭരണഘടനാ പദവിയല്ല. മറിച്ച് സർവകലാശാല നിയമ പ്രകാരമുള്ള പദവിയാണ്. വൈസ് ചാൻസിലർക്കെതിരെ സർവകലാശാല നിയമമനുസരിച്ചെ നടപടി എടുക്കാൻ സാധിക്കൂ. ഇല്ലാത്ത അധികാരം ഉണ്ടെന്ന് കരുതിയാണ് ഗവർണർ വി സി മാരോട് രാജി ആവശ്യപ്പെട്ടത്. ഇത് കോടതി പോലും അംഗീകരിച്ചില്ല. ഇതു തന്നെ നടപടി നിയമപരമല്ല എന്ന് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഒരു ശക്തിക്കും തകർക്കാനാകില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ മുന്നേറ്റം എങ്ങനെ തകർക്കാം എന്നതാണ് ചില കേന്ദ്രങ്ങൾ നോക്കുന്നത്.  കേരളത്തിന്റെ  വളർച്ചയിൽ അസ്വസ്ഥരാണ് ആർഎസ്എസ്. ഇതിന്റെ ഭാഗമായി ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് ഉൾപ്പെടെ എതിർപ്പുകൾ ഉയരുന്നു. ഇവരുടെ അടിസ്ഥാനരഹിത പ്രചരണങ്ങളിൽ സർക്കാർ വീഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here