എന്റെ പ്രിയപ്പെട്ട രാജീവന് വിട പറയാൻ എനിക്ക് കഴിയില്ല : ശാരദക്കുട്ടി

ഒരുപാട് ഓർമ്മകളുണ്ട്. ഒരു പാട് സംസാരിച്ചിട്ടുണ്ട്. എന്റെ പുസ്തക പ്രകാശനം നിർവ്വഹിക്കുവാൻ ഞാൻ മറ്റൊരാളെ കുറിച്ചും ആലോചിച്ചില്ല , രാജീവനെ അല്ലാതെ. ഓർമ്മകളാണെല്ലാം . എഴുത്തുകാരൻ ടി പി രാജീവന്റെ ഓർമ്മകളിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ശാരദക്കുട്ടി . പോസ്റ്റ് ഇങ്ങനെ .

കഴിഞ്ഞ മാസം അസുഖവിവരമറിയാൻ വിളിച്ചിരുന്നു. പിന്നീടെന്നെ തിരികെ വിളിച്ചു. പതിവു പോലെ ചിരിച്ചു ചിരിച്ച് പറഞ്ഞതത്രയും കഠിനതരമായ രോഗാവസ്ഥകളെ കുറിച്ച് .
ഒറ്റക്കിരിപ്പ് ശീലമായതിനെക്കുറിച്ച്, വയ്യായ്കകളെ കുറിച്ച് , കമ്പനി കൂടാൻ വയ്യാതായാൽ പിന്നെ കൂട്ടുകാരുണ്ടാവില്ല എന്ന പരമസത്യത്തെ കുറിച്ച്, ഇതിനിടയിലും ശരീരം കടന്നുപോകുന്ന ഗതികേടുകളെ കുറിച്ച് ഒക്കെഇങ്ങനെ പ്രസരിപ്പോടെ ചിരിച്ചു ചിരിച്ച് സംസാരിക്കുന്ന ഒരാളെ ഞാൻ കേൾക്കുന്നത് ആദ്യമായിരുന്നു.
ഒരു പാട് ഓർമ്മകളുണ്ട്. ഒരു പാട് സംസാരിച്ചിട്ടുണ്ട്. എന്റെ പുസ്തക പ്രകാശനം നിർവ്വഹിക്കുവാൻ ഞാൻ മറ്റൊരാളെ കുറിച്ചും ആലോചിച്ചില്ല , രാജീവനെ അല്ലാതെ. ഓർമ്മകളാണെല്ലാം .
വിയോജിപ്പുകൾ രാഷ്ട്രീയ പക്ഷപാതങ്ങളുടെ പേരിൽ മാത്രം. അതിന്റെ അമർഷങ്ങൾ കിട്ടിയ അവസരങ്ങളിലെല്ലാം രോഷത്തോടെ പറയുമായിരുന്നിട്ടും, ഒരു പ്രത്യേക ഘട്ടത്തിൽ വെറുക്കുന്നു എന്ന് നേരിൽ പറഞ്ഞിട്ടും ഞാൻ കൈവിട്ടില്ല. എന്നെയും കൈവിട്ടില്ല.
ഒരിക്കൽ ഞങ്ങളുടെ ഒരു പൊതു സുഹൃത്ത് എന്നോട് സംഭാഷണത്തിനിടയിൽ പെരുമാറിയതിൽ എന്തോ പന്തികേട് തോന്നിയ രാജീവൻ , അയാളറിയാതെ എന്നെ വിളിച്ച് അയാൾക്കു വേണ്ടി മാപ്പു പറഞ്ഞത് സൗഹൃദത്തിനദ്ദേഹം കൊടുക്കുന്ന സ്ഥാനമെത്ര വലുതെന്ന് എന്നെ അമ്പരപ്പിച്ചു.
വിട പറയാൻ വയ്യ ചിലരോട് … കണ്ണുകൾ കൊണ്ട് മനോഹരമായി ചിരിക്കാൻ കഴിയുന്ന എന്റെ പ്രിയപ്പെട്ട രാജീവന് വിട പറയാൻ എനിക്ക് കഴിയില്ല.
ഹൊഗനാക്കൽ, നീലക്കൊടുവേലി, വൻതിരകളോടു പൊരുതുന്ന ഒരു വലയിലും പെടാത്ത ചെറു മത്സ്യങ്ങൾ, ഒക്കെ സുന്ദരമായ ചില അന്ധവിശ്വാസങ്ങൾക്കൊപ്പം നിങ്ങളെ മാത്രം ഓർമ്മിപ്പിച്ചു കൊണ്ട് കൂടെയുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News