
കാട്ടാക്കട(kattakkada)യുടെ പ്രകൃതി രമണീയത വീണ്ടെടുക്കുന്നതിനപ്പുറം ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന പദ്ധതികളാണ് എംഎൽഎ ഐ ബി സതീഷും മറ്റു ജനപ്രതിനിധികളും ചേർന്ന് ആവിഷ്കരിച്ചിട്ടുള്ളതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി(john brittas mp). ഇടതുപക്ഷ ജനാധിപത്യ സർക്കാറിന്റെ കാഴ്ചപ്പാടുകളെ മുൻനിർത്തി ആവിഷ്കരിച്ചിരിക്കുന്ന ഓരോ പദ്ധതിക്കും നൈസർഗിക ഭാവതലമുണ്ട്. സ്വന്തം ഭൂമികയുടെ തുടിപ്പുകളെ മനസ്സിലാക്കിയാണ് സതീഷും കൂട്ടരും ചുവടു വെയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മാലിന്യമുക്തം എന്റെ കാട്ടാക്കട” എന്ന പരിപാടിയിൽ പങ്കെടുത്തശേഷം അനുഭവങ്ങൾ ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാംഗം എന്ന നിലയിൽ ‘സാഗി’ പദ്ധതി പ്രകാരം കാട്ടാക്കടയിലെ പള്ളിച്ചൽ പഞ്ചായത്ത് ജോൺബ്രിട്ടാസ് എംപി ദത്തെടുത്തിരുന്നു. ഈ പ്രദേശവുമായുള്ള തന്റെ ബന്ധം ആരംഭിക്കുന്നത് എങ്ങനെയാണെന്നും ഓരോ സന്ദർശനവും തനിക്ക് പുതിയ അനുഭവവും തിരിച്ചറിവുമാണെന്നും ജോൺബ്രിട്ടാസ് കുറിച്ചു.
ജോൺ ബ്രിട്ടാസ് എംപിയുടെ കുറിപ്പ്
“മാലിന്യമുക്തം എന്റെ കാട്ടാക്കട” എന്ന പരിപാടിയിൽ ഇന്നലെ പങ്കെടുക്കാൻ ഭാഗ്യമുണ്ടായി. എംഎൽഎ ഐ ബി സതീഷും മറ്റു ജനപ്രതിനിധികളും ചേർന്ന് വലിയൊരു നിശബ്ദ വിപ്ലവം തന്നെയാണ് കാട്ടാക്കടയിൽ അഴിച്ചുവിട്ടിരിക്കുന്നത്. കാട്ടാക്കടയുടെ പ്രകൃതി രമണീയത വീണ്ടെടുക്കുന്നതിനപ്പുറം ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന പദ്ധതികളാണ് പ്രയോഗത്തിൽ കൊണ്ടുവന്നിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ സർക്കാറിന്റെ കാഴ്ചപ്പാടുകളെ മുൻനിർത്തി ആവിഷ്കരിച്ചിരിക്കുന്ന ഓരോ പദ്ധതിക്കും നൈസർഗിക ഭാവതലമുണ്ട്. സ്വന്തം ഭൂമികയുടെ തുടിപ്പുകളെ മനസ്സിലാക്കിയാണ് സതീഷും കൂട്ടരും ചുവടു വെയ്ക്കുന്നത്.
വറ്റാത്ത ഉറവയ്ക്കായുള്ള ‘ജലസമൃദ്ധി’, സ്ത്രീ സൗഹൃദ-ശാക്തീകരണം ലക്ഷ്യം വയ്ക്കുന്ന ‘ഒപ്പം’, മയക്കുമരുന്നിനെതിരെയുള്ള ‘കൂട്ട്’…… അങ്ങനെ ജനപങ്കാളിത്തത്തോടെ വലിയ മാറ്റങ്ങൾക്കാണ് കാട്ടാക്കട സാക്ഷ്യം വഹിക്കുന്നത്. മാലിന്യമുക്ത യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ നാല് ശനിയാഴ്ചകളിൽ, ഓരോ ദിവസം, ഓരോ തരം മാലിന്യങ്ങൾ, അങ്ങനെ 76 ടൺ മാലിന്യമാണ് ആറ് പഞ്ചായത്തുകളിലെ 122 വാർഡുകളിൽ നിന്നായി ഹരിതസേന വളണ്ടിയർമാർ ശേഖരിച്ചത്. ഇനിയുള്ള എല്ലാ മാസവും മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുന്നതോടെ കാട്ടാക്കട മാലിന്യമുക്തമാകും.
രാജ്യസഭാംഗം എന്ന നിലയിൽ ‘സാഗി’ പദ്ധതി പ്രകാരം കാട്ടാക്കടയിലെ പള്ളിച്ചൽ പഞ്ചായത്ത് ദത്തെടുത്തുകൊണ്ടാണ് ഈ പ്രദേശവുമായുള്ള എന്റെ ബന്ധം ആരംഭിക്കുന്നത്. ഓരോ സന്ദർശനവും എനിക്ക് പുതിയ അനുഭവവും തിരിച്ചറിവുമാണ്. സതീഷിനും സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ ആശംസകൾ…..
#മാലിന്യമുക്തം #കാട്ടാക്കട
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here