ADVERTISEMENT
വമ്പന്‍ കളക്ഷന്‍ ‘ജയ് ഭീമി’ന്റെ സംവിധായകന്‍ ത സെ ജ്ഞാനവേലും സൂര്യയും വീണ്ടും ഒന്നിക്കുന്നു. സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ് തന്നയാണ് ചിത്രം നിര്‍മിക്കുക. മാര്‍ച്ച് 2023ല്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചന. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
‘ജയ് ഭീമി’ന്റെ റിലീസിന് മുന്നേ തന്നെ തീരുമാനിച്ചതായിരുന്നു പുതിയ പ്രൊജക്റ്റും. ചിത്രത്തിന്റ പ്രമേയമടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജയ് ഭീം ഒരു വര്‍ഷം തികയുന്ന വേളയില്‍ നന്ദി പറഞ്ഞ് സൂര്യ എത്തിയിരുന്നു.
ഇതുപോലെ ഒരു അര്‍ഥവത്തായ സിനിമ നല്‍കിയതിന് ജ്ഞാനവേലിനും ടീമിനും നന്ദി പറയുന്നുവെന്നാണ് സൂര്യ ട്വീറ്റ് ചെയ്തിരുന്നു. കരിയറില്‍ ഒരു നാഴികക്കല്ലായ കഥാപാത്രമാണ് ‘ചന്ദ്രു വക്കീല്‍’ എന്നും സൂര്യ പറഞ്ഞിരുന്നു.
ഇരുളർ ആദിവാസി വിഭാഗത്തിൽപ്പെട്ട രാജാക്കണ്ണെന്ന യുവാവിന് നേരെ തമിഴ് നാട് പൊലീസ് നടത്തിയ ക്രൂരതയ്‌ക്കെതിരെ, ഭാര്യ സെൻഗിണി നടത്തുന്ന നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടത്തിൻറെയും ആ പോരാട്ടത്തിന് കമ്മ്യൂണിസ്റ്റായ അഭിഭാഷകൻ ചന്ദ്രുവും സിപിഐഎമ്മും നൽകിയ പിന്തുണയുടെയും കഥയാണ് സിനിമ പറയുന്നത്. തമിഴ്നാട്ടിൽ ആദിവാസി -ദളിത് വിഭാഗങ്ങളിലെ മനുഷ്യർക്ക് നേരെ ഭരണകൂടവും വരേണ്യവർഗ്ഗവും ഇന്നും നടത്തുന്ന അനീതികളുടെ ആയിരക്കണക്കിന് ഉദാഹരണങ്ങളിൽ ഒന്നാണ് രാജാക്കണ്ണിൻറെ അനുഭവം.
1993 ൽ സി പി ഐ (എം) കമ്മപുരം താലൂക്ക് സെക്രട്ടറിയോട്, തന്റെ ഭർത്താവ് രാജാക്കണ്ണിന്റെ തിരോധാനത്തെ പറ്റി പരാതി കൊടുക്കാൻ ഭാര്യ പാർവതി എത്തുന്നത് മുതലാണ് രാജാക്കണ്ണ് തിരോധാന കേസിന്റെ ആരംഭം. കമ്മപുരം പൊലീസ് സ്റ്റേഷനു മുന്നിൽ സി പി ഐ (എം) താലൂക്ക് സെക്രട്ടറിയായിരുന്ന രാജാമോഹന്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിയ സമരങ്ങൾക്ക് ശേഷം തമിഴ്നാട് സ്റ്റേറ്റ് കമ്മറ്റി വിഷയം ഏറ്റെടുത്തു.
ഇപ്പോൾ സി പി ഐ എം പിബി അംഗമായിട്ടുള്ള ജി രാമകൃഷ്ണൻ, ആ കുടുംബത്തെ മദ്രാസിലേക്ക് വിളിക്കുകയും അഭിഭാഷകനും പിന്നീട് ഹൈക്കോടതി ജഡ്ജിയായും മാറിയ ചന്ദ്രുവിനെ കേസ് ഏല്പിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റായ ചന്ദ്രു കോടതിയ്ക്കകത്തും സിപിഐഎം കോടതിയ്ക്ക് പുറത്തും നടത്തിയ ഇടപെടലിന്റെയും സമരങ്ങളുടെയും ഫലമായി നേടിയെടുത്ത നീതിയുടെ ചലച്ചിത്രാവിഷ്കാരമാണ് ‘ജയ് ഭീം.’
പ്രമേയത്തിനൊപ്പം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ജയ് ഭീം ശ്രദ്ധേയമാകുന്നു. അഭിഭാഷകനായ ചന്ദ്രു എന്ന കഥാപാത്രത്തെ നടൻ സൂര്യ അവിസ്മരണീയമാക്കിയപ്പോൾ സെൻഗിണിയായി വേഷമിട്ട മലയാള നടി ലിജോമോളും രാജാക്കണ്ണായി അഭിനയിച്ച നടൻ കെ. മണികണ്ഠനും മൈത്ര എന്ന അധ്യാപികയായി വേഷമിട്ട രജീഷ വിജയനും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
ഫീസ് നൽകാൻ പണമില്ലെന്ന് പറയുന്ന സെന്‍ഗിണിയോട് നിങ്ങളെ പോലുള്ളവർക്ക് നീതി കിട്ടുന്ന ദിവസം തനിക്ക് സുഖമായി ഉറങ്ങാൻ കഴിയുമെന്നും അതാണ് തനിക്കുള്ള ഫീസെന്നും മറുപടി നൽകുന്നുണ്ട് അഡ്വ. ചന്ദ്രു. സിപിഐഎമ്മിന്റെ മൂന്നാറിലെ പാർട്ടി ഓഫീസിന്റെ മുന്നിലിരുന്നാണ് ചന്ദ്രു അത് പറയുന്നത്.
സമത്വത്തിൻറെയും സാമൂഹ്യനീതിയുടെയും ആശയങ്ങൾ ലോകത്തിന് സമ്മാനിച്ച മാർക്സിൻറെയും ലെനിൻറെയും അംബേദ്ക്കറുടെയും സാന്നിധ്യം സിനിമയിൽ ആദ്യാവസാനം നിറഞ്ഞുനില്ക്കുന്നുണ്ട്. എന്തുകൊണ്ട്ചിത്രത്തിൽ സിപിഐഎമ്മിന് ഇത്രയേറെ പ്രാധാന്യം നൽകിയിരിക്കുന്നുവെന്ന ചോദ്യത്തിന് സംവിധായകൻ നൽകുന്ന മറുപടി ഒരു യഥാർത്ഥ സംഭവം സിനിമയാക്കുമ്പോൾ, അതിനോട് 100 ശതമാനം നീതികാണിക്കേണ്ടതുണ്ട് എന്നാണ്.
മധ്യവർഗ്ഗ താൽപ്പര്യങ്ങളെ താലോലിക്കുന്ന ഫീൽ ഗുഡ് സിനിമ സങ്കൽപ്പങ്ങൾക്ക് ബദലായി സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയാണ് ജയ് ഭീം എന്ന ചലച്ചിത്രം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.