ദേശീയപാതാ വികസനം 2025ൽ പൂർത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സംസ്ഥാനത്തെ ദേശീയപാതാ വികസനം 2025 വർഷത്തോടു കൂടി പൂർത്തിയാക്കുമെന്നു പൊതുമരാമത്ത്-ടൂറിസം-യുവജനക്ഷേമകാര്യ വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിർമാണം പൂർത്തീകരിച്ച പട്ടിത്താനം-മണർകാട് ബൈപ്പാസ് റോഡ് നാടിനു സമർപ്പിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.സി. റോഡ് വികസനം കിഫ്ബി സഹായത്തോടെ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രധാനപ്പെട്ട 20 ജങ്ഷനുകൾ വികസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിൽ കോട്ടയം ജില്ലയ്ക്കു പ്രത്യേക പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. ബൈപാസിന്റെ അവസാനറീച്ച് തുടങ്ങുന്ന പാറകണ്ടം ജങ്ഷനിൽ നടന്ന ഉദ്ഘാടനചടങ്ങിൽ സഹകരണ-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നിർവഹിച്ചു.

ഏറ്റുമാനൂർ പട്ടിത്താനം ജങ്ഷനിൽ രാവിലെ 11.00 മണിയോടെ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടമുറിച്ച് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു. തുടർന്നു തുറന്ന ജീപ്പിൽ മന്ത്രിമാരായ വി.എൻ. വാസവനും മുഹമ്മദ് റിയാസും തോമസ് ചാഴികാടൻ എം.പിയും വാദ്യമേളങ്ങളുടേയും കരകാട്ടത്തിന്റേയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ പുതുതായി നിർമിച്ച റോഡിലൂടെ നാട്ടുകാരുടെ സ്വീകരണമേറ്റുവാങ്ങി ഉദ്ഘാടന വേദിയായ പാറകണ്ടം ജങ്ഷനിലെത്തി.

ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് നിർമല ജിമ്മി, ജില്ലാ കളക്ടർ ഡോ: പി.കെ. ജയശ്രീ, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ്, ഏറ്റുമാനൂർ നഗരസഭാംഗങ്ങളായ വി.എസ്. വിശ്വനാഥൻ, സുരേഷ് വടക്കേടത്ത്, രശ്മി ശ്യാം, രാഷ്ട്രീയ പാർട്ടി നേതാക്കളായ എ.വി. റസൽ, ബാബു ജോർജ്, ബിനുബോസ്, ടോമി പുളിമാൻതുണ്ടം, ജോസ് ഇടവഴിക്കൽ, രാജീവ് നെല്ലിക്കുന്നേൽ, ടോമി നരിക്കുഴി, പി.കെ. അബ്ദുൾ സമദ്, സംഘാടകസമിതി ജനറൽ കൺവീനർ ഇ.എസ്. ബിജു, കോട്ടയം നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.വി. രജനി, ഫാ. ജോസ് മുകുളേൽ, കെ.എൻ. ശ്രീകുമാർ, മുഹമ്മദ് ബഷീർ അൽ അബ്റാരി, ആർ. ഹേമന്ത്കുമാർ, എൻ.പി. തോമസ്, എം.കെ. സുഗതൻ എന്നിവർ പ്രസംഗിച്ചു.

മന്ത്രിമാരായ വി.എൻ. വാസവനും മുഹമ്മദ് റിയാസിനും ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് ഉപഹാരങ്ങൾ കൈമാറി. റോഡ് നിർമാണകരാർ ഏറ്റെടുത്താ സജീവ് മാത്യൂ ആൻഡ് കമ്പനിക്ക് തോമസ് ചാഴികാടൻ എം.പി. ഉപഹാരം കൈമാറി. പാറകണ്ടം ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ എം.പി. ഫണ്ട് അനുവദിക്കുമെന്ന് തോമസ് ചാഴികാടൻ എം.പി. അറിയിച്ചു.

എം.സി. റോഡിൽ പട്ടിത്താനം ജംഗ്ഷനിൽ നിന്നാരംഭിച്ച് എൻ.എച്ച് 183ൽ മണർകാട് ജങ്ഷനിൽ എത്തിച്ചേരുന്ന ബൈപാസിനു 13.30 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. മൂന്നുഘട്ടമായാണ് നിർമാണം പൂർത്തിയാക്കിയത്. 1.80 കിലോമീറ്റർ വരുന്ന അവസാനഘട്ടത്തിനു 12.60 കോടി രൂപ ചെലവായി. ബൈപ്പാസ് നിർമാണം പൂർത്തിയായതോടെ എം.സി. റോഡിലെ ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ ടൗണുകളിലെ ഗതാഗത കുരുക്കിൽ പെടാതെ ദീർഘദൂരയാത്രക്കാർക്കു സഞ്ചരിക്കാനാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News