ADVERTISEMENT
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ വാഗ്ദാനങ്ങളുമായി എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. ‘ഞാന്‍ നിങ്ങളുടെ സഹോദരനാണ്, നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്. എനിക്ക് ഒരു അവസരം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സൗജന്യ വൈദ്യുതി തരാം, സ്‌കൂളുകളും ആശുപത്രികളും നിര്‍മ്മിക്കാം, നിങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാം’, ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
മോര്‍ബി തൂക്കുപാല ദുരന്തത്തില്‍ ബിജെപി സര്‍ക്കാര്‍ അഴിമതി നടത്തിയെന്നും കെജരിവാള്‍ ആരോപിച്ചു. എഎപി ഇപ്പോള്‍ തന്നെ 90-95 സീറ്റുകളില്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞെന്നും ഈ സ്ഥിതി തുടരുകയാണെങ്കില്‍ 150 സീറ്റുവരെ നേടുമെന്നും കെജരിവാള്‍ അവകാശപ്പെട്ടു.
രണ്ട് ഘഘട്ടമായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടത്തുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നാംഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
അടുത്ത വര്‍ഷം ഫെബ്രുവരി 18 നാണ് ഗുജറാത്ത് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 നാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിനാണ് ഹിമാചലിലെ വോട്ടെണ്ണല്‍. ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ ഒരുമിച്ച് നടത്തുക ലക്ഷ്യമിട്ട്, ഡിസംബര്‍ എട്ടിന് മുമ്പായി ഗുജറാത്ത് തെരഞ്ഞെടുപ്പും നടക്കുമെന്നാണ് സൂചന.
ഒന്നാംഘട്ടത്തില്‍ 89 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിലും 93 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. വിജ്ഞാപനം നവംബര്‍ അഞ്ചാം തീയതി പുറത്തിറക്കും. രണ്ടാംഘട്ട വിജ്ഞാപനം പത്താം തീയതി പുറത്തിറക്കും. ആദ്യഘട്ടവോട്ടെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം നവംബര്‍ 14ഉം രണ്ടാംഘട്ട വോട്ടെടുപ്പിന്റെ നാമനിര്‍ദേശിക പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം നവംബര്‍ 17ഉം ആണ്.
ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിനകം തന്നെ പ്രധാനമന്ത്രിയുള്‍പ്പടെയുള്ള നേതാക്കള്‍ സംസ്ഥാനത്തെത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരഭിച്ചിട്ടുണ്ട്. മുന്‍തൂക്കം ബിജെപിക്ക് തന്നെയാണെങ്കിലും ഇത്തവണ ആം ആദ്മി പാര്‍ട്ടി കൂടി സജീവമായി രംഗത്തുവന്നതോടെ ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങും.
കഴിഞ്ഞ തവണ 182 സീറ്റുകളില്‍ 111 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം ഉറപ്പിച്ചത്. പ്രതിപക്ഷത്തിന് 66 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക് മാറിയതോടെ കഴിഞ്ഞ സീറ്റുകള്‍ നിലനിര്‍ത്താനാകുമോയെന്ന് കണ്ടറിയണം. ഇത്തവണയും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് ചില സര്‍വെകള്‍ പറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.