കാറില്‍ ചാരി നിന്നതിന് മര്‍ദ്ദനം; കുഞ്ഞിന് ചികിത്സ ഉറപ്പാക്കും, സർക്കാർ ഒപ്പം; മന്ത്രി വീണാ ജോർജ്

തലശേരിയില്‍ കാറില്‍ ചാരി നിന്ന ആറുവയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

മർദനമേറ്റ കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ് ആ കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും. മന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് കാറില്‍ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ആക്രമണത്തില്‍ നടുവിന് സാരമായി പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കേരളത്തിലേക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനെയാണ് ശിഹ്ഷാദ് ചവിട്ടിയത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പ്രതി പൊന്ന്യാംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

അതേസമയം, സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ”മനുഷ്യത്വം എന്നത് കടയില്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല. കണ്ണൂരിലെ സംഭവം ഞെട്ടല്‍ ഉണ്ടാക്കി. കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്.”-ശിവന്‍കുട്ടി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News