‘എന്തൊരു ക്രൂരത’; മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ല; പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി

കണ്ണൂർ തലശേരിയിൽ കാറില്‍ ചാരിനിന്നതിന് ആറു വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി. മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ലെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

”മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ല. കണ്ണൂരിലെ സംഭവം ഞെട്ടൽ ഉണ്ടാക്കി. കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്നും” മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.

അതേസമയം, കുട്ടിയെ ആക്രമിച്ച പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.തലശ്ശേരി എഎസ്‍പി നിഥിൻ രാജിൻ്റെ നേതൃത്യത്തിൽ ചോദ്യം ചെയ്ത ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കിയിരുന്നു . കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന് തലശ്ശേരി എസിപി നിതിൻ രാജ് വ്യക്തമാക്കി. കാലതാമസമില്ലാതെ പ്രതിയെ പിടികൂടി ഇന്നലെ രാത്രി തന്നെ പ്രതിയെ കണ്ടെത്തിയിരുന്നുവെന്നും കർശന നടപടിയാണ് പൊലീസ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെത്തി ഉത്സവങ്ങളിലും മറ്റുമായി ബലൂണ്‍ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. കാറില്‍ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു.

ചവിട്ടേറ്റതിന് പിന്നാലെ കുട്ടി നിര്‍ത്താതെ കരയുകയായിരുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന അഭിഭാഷകനാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. കുട്ടിയുടെ ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News