കര്‍ണാടകയില്‍ പ്രസവത്തിന് പിന്നാലെ യുവതിയും ഇരട്ടക്കുട്ടികളും മരിച്ചു; നാല്പേര്‍ക്ക് സസ്പെന്‍ഷന്‍

കര്‍ണാടകയിലെ തുംകൂറില്‍ പ്രസവത്തിന് പിന്നാലെ യുവതിയും ഇരട്ടക്കുട്ടികളും മരിച്ചു. സംഭവത്തില്‍ തുംകൂര്‍ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ അനാസ്ഥയുണ്ടായതായി പരാതി ഉയര്‍ന്നതോടെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു. ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും എതിരെയാണ് നടപടി.

30കാരിയായ കസ്തൂരിയും ഇവരുടെ ഇരട്ടക്കുട്ടികളുമാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ഒമ്പത് മാസം ഗര്‍ഭിണിയായിരുന്ന കസ്തൂരിക്ക് ബുധനാഴ്ച വൈകിട്ടോടെ പ്രസവവേദന അനുഭവപ്പെട്ടു. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ അയല്‍വാസികള്‍ പണം സംഘടിപ്പിച്ച് യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ ആശുപത്രി രജിസ്‌ട്രേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാത്തതിനാല്‍ യുവതിക്ക് ചികിത്സ നിഷേധിച്ചെന്നാണ് പരാതി. ഒരു കുട്ടി ഗർഭത്തിൽ വച്ച് തന്നെ മരിക്കുകയും ഒരു കുട്ടി പ്രസവിച്ച ഉടനെ മരിക്കുകയുമാണ് ഉണ്ടായത്. അടുത്തിടെ ഇവരുടെ ഭർത്താവ് മരിച്ചിരുന്നു.

അയൽവാസികളാണ് കസ്തൂരിക്ക് വേണ്ട സഹായം ചെയ്തിരുന്നത്.  തമിഴ്‌നാട് സ്വദേശിനിയായ കസ്തൂരി 40 ദിവസം മുമ്പ് ഭർത്താവിന്റെ മരണത്തെ തുടർന്ന് ആറുവയസ്സുകാരിയായ മകളുമൊത്ത് തുംകുരുവിലേക്ക് താമസം മാറുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here