മില്ലയുടെ ചുവടുകളില്‍ കാമറൂണ്‍ ; വീഴാനും വീഴ്ത്താനും സ്വിസ്

റോജര്‍ മില്ലയ്ക്ക് 70 വയസ്സായി. ആഫ്രിക്കന്‍ വന്‍കര സമ്മാനിച്ച കാമറൂണിന്റെ ഇതിഹാസം. 1990 ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ കടന്ന കാമറൂണും അന്ന് ഗോളടിച്ച് കോര്‍ണര്‍ കൊടിക്കരികെ നൃത്തംചവിട്ടിയ മില്ലയും ചരിത്രത്തിന്റെ ഭാഗമാണ്. 38–ാംവയസ്സിലായിരുന്നു അത്ഭുതഗോളുകള്‍. അക്കുറി ആദ്യമായി കാമറൂണ്‍ ക്വാര്‍ട്ടറിലെത്തി. ഒരു ആഫ്രിക്കന്‍ ടീമിന്റെ ആദ്യനേട്ടം.

ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ അട്ടിമറിച്ചായിരുന്നു കുതിപ്പ്. തുടര്‍ന്ന് റുമാനിയയെ കീഴടക്കി. സോവിയറ്റ് യൂണിയനോട് തോറ്റു. എന്നാല്‍, പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനുമുന്നില്‍ പൊരുതിവീണു. റുമാനിയക്കെതിരെയും കൊളംബിയക്കെതിരെയും മില്ല ഇരട്ടഗോള്‍ നേടി. ലോകകപ്പില്‍ ഗോളടിക്കുന്ന പ്രായംകൂടിയ താരമെന്ന ബഹുമതി സ്വന്തമാക്കി. അടുത്തതവണ 1994 ലോകകപ്പിലും മില്ലയുണ്ടായിരുന്നു. റഷ്യയോട് 6–1ന് തോറ്റെങ്കിലും ആശ്വാസഗോള്‍ നേടിയത് മില്ലയായിരുന്നു. അപ്പോള്‍ പ്രായം 42. ലോകകപ്പിലെ ഈ ‘വയസ്സന്‍ഗോള്‍’ ആര്‍ക്ക് മറികടക്കാനാകുമെന്ന് കാത്തിരുന്ന് കാണണം.

ഇറ്റലിയില്‍ നടന്ന 1990ലെ ലോകകപ്പിനുശേഷം കാമറൂണ്‍ മങ്ങിപ്പോയി. ‘ആഫ്രിക്കയിലെ സിംഹങ്ങള്‍’ പേരില്‍മാത്രമായി. കഴിഞ്ഞതവണ റഷ്യയില്‍ യോഗ്യത നേടാനായില്ല. ഇക്കുറി ആഫ്രിക്കന്‍ യോഗ്യതയില്‍ അള്‍ജീരിയയെ മറികടന്നാണ് ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. ബ്രസീലും സെര്‍ബിയയും സ്വിറ്റ്സര്‍ലന്‍ഡുമുള്ള ഗ്രൂപ്പ് ജിയില്‍നിന്ന് മുന്നോട്ടുള്ള പ്രയാണം എളുപ്പമല്ല. മുന്നേറ്റനിരയിലാണ് പ്രതീക്ഷ. കാള്‍ ടോകോ ഇകംബി, ക്യാപ്റ്റന്‍ വിന്‍സന്റ് അബൂബക്കര്‍, ബ്രിയാന്‍ എംബുമോ എന്നിവര്‍ ഗോളടിക്കാരാണ്. ഇന്റര്‍മിലാന്‍ ക്ലബ് ഗോളി ആന്ദ്രേ ഒനാന വിശ്വസ്തനാണ്. പ്രതിരോധത്തില്‍ ജാഗ്രതയും മധ്യനിരയില്‍ ഭാവനയും അനിവാര്യം.

ഫിഫ റാങ്ക്: 43
ലോകകപ്പ് യോഗ്യത: 8
മികച്ച പ്രകടനം: ക്വാര്‍ട്ടര്‍ ഫൈനല്‍ (1990)
ക്യാപ്റ്റന്‍: വിന്‍സന്റ് അബൂബക്കര്‍
കോച്ച്: റിഗോബെര്‍ട്ട് സോങ്

ഗ്രൂപ്പ് ജി മത്സരങ്ങള്‍
നവംബര്‍ 24— സ്വിറ്റ്സര്‍ലന്‍ഡ് (പകല്‍ 3.30)
നവംബര്‍ 28— സെര്‍ബിയ (പകല്‍ 3.30)
ഡിസംബര്‍ 2— ബ്രസീല്‍ (രാത്രി 12.30)

പാരമ്പര്യമാണ് സെര്‍ബിയ
ഒമ്പത് ലോകകപ്പ് കളിച്ച യൂഗോസ്ലാവിയ ഇന്നില്ല. 1930ലും 1962ലും നാലാമതെത്തിയ ടീം പലരാജ്യങ്ങളായി വിഭജിക്കപ്പെട്ടു. അതിലൊന്നായ സെര്‍ബിയ ലോകകപ്പ് കളിക്കാന്‍ തുടങ്ങിയത് 2010ലാണ്. 2014ല്‍ യോഗ്യതയില്ല. 2018ല്‍ ഗ്രൂപ്പിനപ്പുറം പോയില്ല. 2006ല്‍ സെര്‍ബിയ–മോണ്ടിനെഗ്രോ ഒറ്റ ടീമായി ലോകകപ്പില്‍ പങ്കെടുത്തു.

യൂറോപ്യന്‍ യോഗ്യതയില്‍ പോര്‍ച്ചുഗലിനെ പിന്തള്ളി ഗ്രൂപ്പില്‍ ഒന്നാമതായി. എട്ടു കളിയില്‍ ആറു ജയവും രണ്ട് സമനിലയും. ഗോളടിക്കാരായ അലക്‌സാണ്ടര്‍ മിത്രോവിച്ചും ക്യാപ്റ്റന്‍ ദുസന്‍ ടാഡിച്ചുമാണ് പ്രധാന കളിക്കാര്‍. പ്രതിരോധത്തിലും മികച്ചവരുണ്ട്. ഫിലിപ് കൊസിച്ച്, നെമാന്‍ഡ ഗുഡില്‍ജ്, നെമാന്യ മാക്സിമോവിച്ച്, ഫിലിപ് ഡുറിക്, സെര്‍ജി മിലിന്‍കോവിച്ച് എന്നിവരാണ് ടീമിലെ മറ്റു കരുത്തര്‍.

ഫിഫ റാങ്ക്: 25
ലോകകപ്പ് യോഗ്യത: 3
മികച്ച പ്രകടനം: ഗ്രൂപ്പുഘട്ടം
ക്യാപ്റ്റന്‍: ദുസന്‍ ടാഡിച്

മത്സരങ്ങള്‍
നവംബര്‍ 24— ബ്രസീല്‍ (രാത്രി 12.30)
നവംബര്‍ 28— കാമറൂണ്‍ (പകല്‍ 3.30)
ഡിസംബര്‍ 2— സ്വിറ്റ്സര്‍ലന്‍ഡ് (രാത്രി 12.30)

വീഴാനും വീഴ്ത്താനും സ്വിസ്
ഏത് വമ്പനെയും വീഴ്ത്തുന്നവരാണ് സ്വിറ്റ്സര്‍ലന്‍ഡ്. ഗോളടിക്കുന്നതിലും അടിപ്പിക്കുന്നതിലും പിശുക്കര്‍. ലോകകപ്പില്‍ അടുത്തകാലത്തൊന്നും പ്രീക്വാര്‍ട്ടറിനപ്പുറം പോയിട്ടില്ല. പക്ഷേ, എത്രയോ വമ്പന്മാരുടെ അത്താഴം മുടക്കിയിട്ടുണ്ട്! 1934, 1938, 1954 വര്‍ഷങ്ങളില്‍ ക്വാര്‍ട്ടറില്‍ എത്തിയതാണ് വലിയനേട്ടം.

അവസാനത്തെ രണ്ട് ലോകകപ്പിലും (2014, 2018) പ്രീക്വാര്‍ട്ടറില്‍ എത്തി. കഴിഞ്ഞതവണ റഷ്യയിലും ബ്രസീല്‍, സെര്‍ബിയ എന്നിവര്‍ക്കൊപ്പമായിരുന്നു. ബ്രസീലിനെ 1–1ന് തളച്ചു. സെര്‍ബിയയെ 2–1ന് തോല്‍പ്പിച്ചു. കോസ്റ്ററിക്കയുമായി സമനില. പ്രീക്വാര്‍ട്ടറില്‍ സ്വീഡനോട് തോറ്റു. ഇക്കുറി യൂറോപ്യന്‍ യോഗ്യതയില്‍ ഇറ്റലിയെ പിന്തള്ളി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായാണ് ഖത്തറിലെത്തുന്നത്. എട്ടു കളിയില്‍ അഞ്ചു ജയം, മൂന്ന് സമനില. അടിച്ചത് 15 ഗോള്‍. വാങ്ങിയത് 2. ആക്രമിക്കുമ്പോഴും പ്രതിരോധത്തില്‍ ആനന്ദം കണ്ടെത്തുന്നവരാണ്. ഗോളടിച്ചാല്‍ പിന്നെ എതിരാളിയെ പൂട്ടും. പ്രായം മുപ്പത്തൊന്നായെങ്കിലും മധ്യനിര ചലിപ്പിക്കുന്ന ഷെര്‍ദാന്‍ ഷക്കീരിയാണ് പ്രമുഖ താരം. സഹായത്തിന് ക്യാപ്റ്റന്‍ ഗ്രാനിത് ഷാക്കയും സ്റ്റീവന്‍ സുബറുമുണ്ട്. സ്ട്രൈക്കര്‍മാരായി ബ്രീല്‍ എംബോളോ, ഹാരിസ് സെഫെറൊവിച്ച്. പ്രതിരോധത്തില്‍ പരിചയസമ്പന്നരാണ്. റിക്കാര്‍ഡോ റോഡ്രിഗസ്, ഫാബിയന്‍ ഷര്‍, മാനുവല്‍ അക്കാഞ്ഞി എന്നിവര്‍.

ഫിഫ റാങ്ക്: 16
ലോകകപ്പ് യോഗ്യത: 12
മികച്ച പ്രകടനം: ക്വാര്‍ട്ടര്‍ ഫൈനല്‍ (1934, 1938, 1954)
ക്യാപ്റ്റന്‍: ഗ്രാനിത് ഷാക്ക
കോച്ച്: മുറാത് യാകിന്‍

ഗ്രൂപ്പ് ജി മത്സരങ്ങള്‍
നവംബര്‍ 24— കാമറൂണ്‍ (പകല്‍ 3.30)
നവംബര്‍ 28— ബ്രസീല്‍ (രാത്രി 9.30)
ഡിസംബര്‍ 2— സെര്‍ബിയ (രാത്രി 12.30)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News