State Water Transport Department: മുഹമ്മ കായല്‍ക്ഷോഭത്തില്‍പ്പെട്ട പുരവഞ്ചിക്ക് രക്ഷകരായി ജലഗതാഗത വകുപ്പ്

മുഹമ്മ കായല്‍ക്ഷോഭത്തില്‍ അകപ്പെട്ട പുരവഞ്ചിക്ക് രക്ഷകരായി ജലഗതാഗത വകുപ്പ് വീണ്ടും മാതൃക(State Water Transport Department). വെള്ളിയാഴ്ച വൈകീട്ട് 4.15 ഓടെ പാതിര മണലിന്റെ പടിഞ്ഞാറ് ഭാഗത്താണ് സംഭവം. ആലപ്പുഴയില്‍ നിന്നും ഉല്ലാസയാത്ര തിരിച്ച പുരവഞ്ചിയുടെ എന്‍ജിന്‍ കാറ്റിലും മഴയിലും തകരാറിലായി. നോര്‍ത്ത് ഇന്ത്യയില്‍ നിന്നും കുട്ടനാട് കാണാന്‍ എത്തിയ കുടുബമാണ് പുര വഞ്ചിയില്‍ ഉണ്ടായിരുന്നത്. അഞ്ച് വയസ്സുള്ള കുട്ടിയടങ്ങുന്ന കുടുംബം എന്‍ജിന്‍ നിശ്ചലമായ പുര വഞ്ചിയില്‍ ഭയന്നു വിറച്ചു.

പുരവഞ്ചി അപകടാവസ്ഥയിലെന്ന് കുമരകം പോലീസ് നല്‍കിയ അറിയിപ്പിനെ തുടര്‍ന്ന് റെസ്‌ക്യൂ ജീവനക്കാര്‍ പുരവഞ്ചി ജീവനക്കാരുമായി ഫോണില്‍ ബന്ധപ്പെട്ട് അപകട സ്ഥലം മനസിലാക്കി. തുടര്‍ന്ന് എസ്. 52-ാം നമ്പര്‍ ബോട്ടുമായി മുഹമ്മയില്‍ നിന്നും യാത്ര തിരിച്ചു.
നോര്‍ത്ത് ഇന്ത്യന്‍ സഞ്ചാരികളായ ദിനേഷ് ആര്‍. പാര്‍ട്ട്ണര്‍ , മാറ്റി.ആര്‍. പാട്ട്ണര്‍ , മേഖ്‌ന ആര്‍. പാര്‍ട്ണര്‍ , ദിനേശ് ആര്‍. പാട്ട്ണര്‍ , അഞ്ചു വയസ്സുകാരി ഫിറ്റേന്‍ഷു എന്നിവരാണ് പുരവഞ്ചിയില്‍ ഉണ്ടായിരുന്നത്.

എഞ്ചിന്‍ തകരാറിലായ പുരവഞ്ചിയില്‍ നിന്നും ശക്തമായ കാറ്റില്‍ ജീവന്‍ പണയപ്പെടുത്തിയാണ് ജലഗതാഗത വകുപ്പ് ജീവനക്കാര്‍ സഞ്ചാരികളെ പുരവഞ്ചിയില്‍ നിന്നും ബോട്ടില്‍ കയറ്റിയത്. എന്‍ജിന്‍ നിശ്ചലമായ പുരവഞ്ചിയെ പാതിര മണല്‍ തീരത്ത് എത്തിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ സഞ്ചാരികളുമായി മുഹമ്മയിലേക്ക് മടങ്ങിയത്. ഒരു മണിക്കൂര്‍ നീണ്ട തീവ്രശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ഏകദേശം 6 മണിയോടെ സഞ്ചാരികളെ സുരക്ഷിതമായി മുഹമ്മയില്‍ എത്തിച്ചു. തങ്ങളുടെ ജീവന്‍ രക്ഷിച്ച ജീവനക്കാര്‍ക്ക് നന്ദി അറിയിച്ചാണ് സഞ്ചാരികള്‍ ആലപ്പുഴയ്ക്ക് മടങ്ങിയത്.

സ്റ്റേഷന്‍ മാസ്റ്റര്‍ ഷാനവാസ് ഖാന്റെ നിദേര്‍ശ പ്രകാരം റെസ്‌ക്യൂ ജീവനക്കാരായ സ്രാങ്ക് എസ് വിനോദ് , ഡ്രൈവര്‍ എസ്. സാബു എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഡബ്ല്യൂ. ടി. ഡി ജീവനക്കാരായ പ്രേംജിത്ത് ലാല്‍, അശോക് കുമാര്‍ , ഷൈന്‍കുമാര്‍ , പ്രശാന്ത്, അനസ്, അജയഘോഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here