പി.ഡി.പി.(PDP)ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയേയും(Abdul Nazer Mahdani) കുടുംബത്തേയും നീചമായി അധിക്ഷേപിച്ച യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസല്‍ ബാബുവിന്റെ നിലപാട് മുസ്‌ലിം ലീഗിന്റെ(Muslim League) നിലപാടാണോ എന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ വ്യക്തമാക്കണമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് തിക്കോടി ആവശ്യപ്പെട്ടു. അബ്ദുന്നാസിര്‍ മഅദനി കാല്‍ നൂറ്റാണ്ടോളമായി തടവില്‍ കഴിയുന്നത് ഫാസിസത്തോട് സന്ധി ചെയ്യാന്‍ തയ്യാറല്ലാത്തതിനാലാണ്. കോയമ്പത്തൂര്‍ ജയിലില്‍ ഒന്‍പതര വര്‍ഷത്തിലധികം മഅദനി കിടന്നപ്പോഴും അദ്ദേഹം നിരപരാധിയാണെന്ന് ഭരണകൂടങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിച്ചമച്ച ബാംഗ്‌ളൂര്‍ സ്‌ഫോടന കേസിലും മഅദനി നിരപരാധിയാണെന്ന് ഭരണകൂടത്തിന് ബോധ്യമുണ്ട്. അതുകൊണ്ടാണ് വിചാരണ പരമാവധി വൈകിപ്പിച്ച് കേസ് നീട്ടിക്കൊണ്ടുപോകാന്‍ കാരണം. ഫാസിസത്തിനെതിരെ ശബ്ദിക്കില്ലെന്ന് ഉറപ്പു നല്‍കിയാല്‍ അദ്ദേഹത്തിന് പുറത്ത് വരാനാകും. എന്നാല്‍ മരണം വരെ അതുണ്ടാകില്ല. 12 വര്‍ഷമായി ബാംഗ്‌ളൂരില്‍.നാല് വര്‍ഷമായി ബാംഗ്‌ളൂര്‍ സിറ്റിയില്‍ ജയിലിനു സമാനമായ രീതിയില്‍ നാല് ചുമരുകള്‍ക്കുള്ളില്‍ ജുമുഅ നമസ്‌ക്കാരത്തിന് പോകാന്‍ പോലും അനുമതിയില്ലാതെ കഴിയുകയാണ്. രോഗിയായ പിതാവിനെ പോലും കാണാന്‍ അനുമതിയില്ലാതെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് ഗുരുതരമായ രോഗങ്ങളാല്‍ ക്ലേശപ്പെട്ട് കഴിയുന്നയാളോടുള്ള പരിഹാസം സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ്.
പൊതു തെരഞ്ഞെടുപ്പ് വേളയിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും മഅദനിയെ സന്ദര്‍ശിച്ച് പി.ഡി.പി. പിന്തുണ തേടുന്ന ലീഗ് നേതൃത്വം അക്കാര്യങ്ങള്‍ കവല പ്രാസംഗികര്‍ക്ക് പറഞ്ഞു കൊടുക്കണം. മൂന്ന് പതിറ്റാണ്ട് മുന്‍പ് മഅദനി മുന്നറിയിപ്പു നല്‍കിയതുപോലെ, ഫാഷിസം അതിന്റെ രൗദ്രഭാവങ്ങളോടെ ഉറഞ്ഞു തുള്ളുമ്പോള്‍ പോലും മഅദനിയുടേയും കുടുംബത്തിന്റെയും ചോരയും പച്ച മാംസവുമാണ് ലീഗിന് പഥ്യം എന്നത് പൊതുസമൂഹം തിരിച്ചറിയണം.അബ്ദുന്നാസിര്‍ മഅദനിയേയും കുടുംബത്തേയും കുറിച്ച് അപവാദ പ്രചരണം തുടരാനാണ് ഭാവമെങ്കില്‍ അവരെ തെരുവില്‍ നേരിടാന്‍ പി.ഡി.പി.നിര്‍ബന്ധിതരാകുമെന്നും നൗഷാദ് മുന്നറിയിപ്പു നല്‍കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here