Hindi: എംപിലാഡിലും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ നീക്കം: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

എംപിലാഡിലും ഹിന്ദി(Hindi) ഭാഷ അടിച്ചേല്‍പ്പിക്കാന്‍ നീക്കമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). എംപി ലാഡ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശിച്ചുള്ള കരടിന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന് നല്‍കിയ മറുപടിയിലാണ് ശക്തമായ വിമര്‍ശനം ഉന്നയിച്ചത്. എംപിലാടില്‍ മാറ്റങ്ങള്‍ വരുത്താന്‍ രാജ്യസഭ ലോക്‌സഭ സ്റ്റാന്‍ഡിങ് കമ്മറ്റികളുടെ അംഗീകാരം വേണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടിട്ടുണ്ട്.

എംപിലാഡിലെ പുതിയ ഭേദഗതികള്‍ നിര്‍ദേശിച്ചു സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ കരടിന് നല്‍കിയ മറുപടിയിലാണ് ജോണ്‍ ബ്രിട്ടാസ് എംപി ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. എംപിലാഡിലും ഹിന്ദി ഭാഷയുടെ കടന്ന് കയറ്റമെന്ന വിമര്‍ശനമാണ് ജോണ്‍ബ്രിട്ടാസ് എംപി പ്രധാനമായും മുന്നോട്ട് വെക്കുന്നത്. എംപി ഫണ്ട് ഉപയോഗിച്ചു എംപിമാര്‍ ചെയ്യുന്ന പ്രോജക്ടുകളുടെ ബോര്‍ഡില്‍ ഹിന്ദി ഭാഷയിലും എംപി ഫണ്ട് ചെലവഴിച്ചു ചെയ്ത പദ്ധതിയെന്ന് എഴുതണമെന്നാണ് കരടില്‍ പറയുന്നത്. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിലും ഹിന്ദിയില്‍ കൂടി ബോര്‍ഡ് എഴുതണമെന്ന് നിര്‍ദേശിക്കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്.

എംപിലാഡില്‍ ഒരു വര്‍ഷം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് തവണയായി 5 കോടി രൂപ നല്‍കിയിരുന്നു. നോഡല്‍ ഓഫീസറുടെ പേരില്‍ അക്കൗണ്ടില്‍ നല്‍കുന്ന ഫണ്ട് പദ്ധതി പ്രവര്‍ത്തനങ്ങള്‍ അനുസരിച്ചു നേരിട്ട് നല്‍കുകയാണ് ചെയ്യുന്നത്. എംപിമാര്‍ക്ക് അനുവദിക്കുന്ന ഫണ്ടില്‍ ബാങ്കില്‍ നിന്നും ലഭിക്കുന്ന പലിശ മറ്റ് പദ്ധതികള്‍ക്ക് നേരത്തെ ഉപയോഗിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലിശ ഉള്‍പ്പെടെ കേന്ദ്രത്തിലേക്ക് തിരികെ നല്‍കണമെന്നും നിര്‍ദേശമുണ്ട്. സെപ്റ്റംബര്‍ 2023 വരെ ലഭിക്കുന്ന പലിശ എല്ലാ എംപിമാര്‍ക്കും തുല്യമായി വീതിച്ചു നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍ 2023 സെപ്റ്റംബറിന് ശേഷം പലിശ ലഭിക്കുമോ എന്ന് പോലും ഉറപ്പില്ല. സംസ്ഥാന താത്പര്യങ്ങളുടെ ലംഘനമാണ് ഇതെന്നും, അതിനാല്‍ പഴയ പോലെ പോലെ 2.5 കോടി എന്ന നിലയില്‍ രണ്ട് ഘട്ടമായി നോഡല്‍ ഓഫീസര്‍ക്ക് നല്‍കണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

നിലവില്‍ എംപിമാര്‍ക്ക് ട്രസ്റ്റുകള്‍ക്കും, സൊസൈറ്റികള്‍ക്കും ഒരു കോടി വരെ നല്‍കാന്‍ കഴിയുമായിരുന്നു. എന്നാല്‍, പുതിയ കരട് പ്രകാരം അത് 50 ലക്ഷമായി വെട്ടിച്ചുരുക്കി. ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാന്‍ ആകില്ല. ഇതിന് പുറമേ എംപിലാഡ് ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ രാജ്യസഭ ലോക്സഭ സ്റ്റാന്‍ഡിംഗ് കമ്മറ്റികളുടെ അംഗീകാരം വേണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന് അയച്ച മറുപടിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here