Gerard Pique:പിക്വെ വിരമിക്കുന്നു;ഇന്ന് അവസാന മത്സരം

ബാഴ്സലോണയിലെ സുവര്‍ണതലമുറയുടെ അവസാനകണ്ണിയും കളമൊഴിയുന്നു. പ്രതിരോധക്കാരന്‍ ജെറാര്‍ഡ് പിക്വെ(Gerard Pique) വിരമിക്കല്‍ പ്രഖ്യാപിച്ചു.

സ്പാനിഷ് ലീഗില്‍ ഇന്ന് അല്‍മേറിയക്കെതിരെ അവസാന മത്സരമായിരിക്കുമെന്ന് മുപ്പത്തഞ്ചുകാരന്‍ അറിയിച്ചു. ബാഴ്സയുടെ തട്ടകമായ നൗകാമ്പില്‍വച്ചുതന്നെയാണ് പിക്വെ ബൂട്ടഴിക്കുന്നത്. ‘ബാഴ്സയാണ് എനിക്ക് എല്ലാം നല്‍കിയത്. ഈ യാത്ര ഇവിടെ അവസാനിപ്പിക്കുന്നു. വൈകാതെ മറ്റൊരു വേഷത്തില്‍ ഞാന്‍ തിരിച്ചെത്തും. ബാഴ്സ നീണാള്‍വാഴട്ടെ’–വിടവാങ്ങല്‍ അറിയിച്ചുകൊണ്ട് പിക്വെ പറഞ്ഞു.

പത്താംവയസ്സുമുതല്‍ ബാഴ്സയിലുണ്ട് സ്പാനിഷുകാരന്‍. 2004ലായിരുന്നു സീനിയര്‍ അരങ്ങേറ്റം. നാലുവര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായും പന്തുതട്ടി. 2008ല്‍ ബാഴ്സയില്‍ തിരിച്ചെത്തി. അറുനൂറോളം കളിയില്‍ ബാഴ്സയ്ക്കായി ഇറങ്ങി. ചാമ്പ്യന്‍സ് ലീഗും സ്പാനിഷ് ലീഗും ഉള്‍പ്പെടെ 30 കിരീടങ്ങള്‍ നേടി. പെപ് ഗ്വാര്‍ഡിയോളയ്ക്കുകീഴില്‍ ബാഴ്സ നിറഞ്ഞാടിയ സീസണില്‍ പ്രതിരോധത്തില്‍ കാര്‍ലോസ് പുയോളിനൊപ്പം പ്രധാനിയായിരുന്നു.

സ്പാനിഷ് കുപ്പായം 2018ല്‍ അഴിച്ചിരുന്നു. സ്പെയ്നിനെ 2010ല്‍ ലോകചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായപങ്കുവഹിച്ചു.
ബാഴ്സയുടെ ടെക്നിക്കല്‍ കമ്മിറ്റിയിലേക്ക് പിക്വെ എത്തുമെന്നാണ് സൂചനകള്‍. ഭാവിയില്‍ ടീമിന്റെ പ്രസിഡന്റാകാന്‍ താല്‍പ്പര്യമുണ്ടെന്ന് മുപ്പത്തഞ്ചുകാരന്‍ മുമ്പ് പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News