
പാക്ക് ഭരണകൂടത്തിനെതിരെ പോരാട്ടം കടുപ്പിക്കുമെന്ന് ഇമ്രാന്‍ ഖാന്‍(Imran Khan). ആശുപത്രിക്കിടക്കയില്‍ വെച്ചായിരുന്നു ഇമ്രാന്റെ പ്രഖ്യാപനം. കാലിനു വെടിയേറ്റ ഇമ്രാന്‍ ഖാന്റെ പരിക്ക് ഗുരുതരമല്ലെന്നും ഇമ്രാന്‍ ഉടന്‍ തിരിച്ചെത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പിടിഐ(PTI) നടത്തുന്ന ലോങ് മാര്‍ച്ച് പഞ്ചാബില്‍ എത്തിയപ്പോയായിരുന്നു ഇമ്രാന്‍ ഖാനെതിരെ വധശ്രമമുണ്ടായത്.
എന്നാല്‍, ആശുപത്രിയില്‍ നിന്നും തിരിച്ചെത്തി റാലിയില്‍ വീണ്ടും സജീവമാവുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഷെഹബാസ് ഷെരീഫിന്റെ രാജിയും പൊതുതെരഞ്ഞെടുപ്പും ആവശ്യപ്പെട്ട് ഇമ്രാന്‍ നയിക്കുന്ന റാലിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. റാലിയ്ക്കിടെ കണ്ടെയ്‌നറിന് മുകളില്‍ കയറി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഇമ്രാന് വെടിയേറ്റത്.
ഇതിനിടെ, ഇമ്രാന്‍ ഖാനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി്. അക്രമിയായ നവേദ് മൊഹമ്മദ് ബഷീറിന് പിസ്റ്റള്‍ വിറ്റവരെന്ന് സംശയിക്കപ്പെടുന്ന വഖാസ്, സാജിദ് ഖാന്‍ എന്നിവരെയാണ് അക്രമം നടന്ന വസീറാബാദില്‍നിന്ന് അറസ്റ്റ് ചെയ്തത്. 20,000 പാകിസ്ഥാന്‍ രൂപയ്ക്കാണ് ലൈസന്‍സില്ലാത്ത തോക്ക് വിറ്റതെന്നും കണ്ടെത്തി. പിടിഐ പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.
ഫൈസാബാദില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ലാഹോറിലെ ഗവര്‍ണറുടെ വസതിക്കുമുന്നിലും പ്രതിഷേധിച്ചു. ഇസ്ലാമാബാദില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പെഷാവറിലും കറാച്ചിയിലും പ്രവര്‍ത്തകര്‍ വഴിതടഞ്ഞു. ഭരണമാറ്റമെന്ന ഇമ്രാന്റെ മുദ്രാവാക്യം നിറവേറുംവരെ സമരം തുടരുമെന്ന് പിടിഐ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here