NORKA:യുകെയിലേക്ക് പറക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍; തുടക്കത്തില്‍ 1500 പേര്‍ക്ക് അവസരം;റിക്രൂട്ട്മെന്റ് 21ന് തുടങ്ങും

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യുകെ സന്ദര്‍ശനവേളയില്‍ ഒപ്പുവച്ച ധാരണപത്രം പ്രകാരമുള്ള നിയമന നടപടികള്‍ക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തില്‍ 400 ഡോക്ടമാര്‍ ഉള്‍പ്പെടെ ആയിരത്തഞ്ഞൂറോളം പേര്‍ക്ക് യുകെയില്‍ അവസരം ലഭിക്കും. ഡോക്ടര്‍മാര്‍, സ്പെഷ്യാലിറ്റികളിലേക്ക് നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നീ മേഖലകളിലാണ് തൊഴിലവസരം. ഇതിന് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന ആദ്യഘട്ട ‘യുകെ കരിയര്‍ ഫെയര്‍’ റിക്രൂട്ട്മെന്റ് മേള 21 മുതല്‍ 25 വരെ എറണാകുളം താജ് ഗെയ്റ്റ്വേ ഹോട്ടലില്‍ നടക്കും.

നോര്‍ക്ക റൂട്ട്സും യുകെയില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്, മാനസികാരോഗ്യ സേവനങ്ങള്‍ പ്രദാനംചെയ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണപത്രം ഒപ്പിട്ടത്. ഒഴിവുകള്‍, തൊഴില്‍പരിചയം, ഇംഗ്ലീഷ് ഭാഷാനിലവാരം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ നോര്‍ക്ക വെബ്സൈറ്റില്‍. 15-ന് മുമ്പ് അപേക്ഷിക്കണം.

സീനിയര്‍ കെയറര്‍ക്ക് അപേക്ഷിക്കുന്ന ബിഎസ്സി/ എംഎസ്സി നഴ്‌സുമാര്‍ക്ക് ഐഇഎല്‍ടിഎസ്/ ഒഇടി യോഗ്യതയില്ലെങ്കിലും യുകെ നാറിക് (എന്‍എആര്‍ഐസി) സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ റിക്രൂട്ട്‌മെന്റ് നേടാം. ഡോക്ടര്‍മാര്‍ക്ക് പ്ലാബ് (പിഎല്‍എബി) യോഗ്യതയില്ലെങ്കിലും ഉപാധികളോടെ നിയമനം ലഭിക്കും. ഇംഗ്ലീഷ് ഭാഷാപരിചയം വ്യക്തമാക്കുന്ന സിഇഎഫ്ആര്‍ ലെവല്‍ ബി2, സി1, സി2 എന്നിവ അനിവാര്യമാണ്. സീനിയര്‍ കെയറര്‍ ഒഴികെയുള്ളവര്‍ക്ക് ഐഇഎല്‍ടിഎസ്/ ഒഇടി യോഗ്യത നേടാന്‍ നാലുമാസം സാവകാശം ലഭിക്കും. നിയമന നടപടികള്‍ യുകെയിലെ റിക്രൂട്ട്മെന്റ് പ്രതിനിധികളുടെ മേല്‍നോട്ടത്തിലാണ്.

അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് DWMS CONNECT (ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ആപ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. റഫറല്‍ കോഡായി NORKA എന്നും ചേര്‍ക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.

https://knowledgemission.kerala.gov.in എന്ന വെബ്സൈറ്റു വഴിയും പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാം. വിവരങ്ങള്‍ക്ക്: www.norkaroots.org, 1800 425 3939 (ടോള്‍ഫ്രീ നമ്പര്‍), വിദേശത്തുള്ളവര്‍ക്ക് +91-8802012345 എന്ന നമ്പരിലും ബന്ധപ്പെടാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News