K T Jaleel: ദുരിതാശ്വാസനിധിയിലേക്ക് നയാപൈസ കൊടുക്കരുതെന്ന് പറഞ്ഞ പഴയ സഹപ്രവര്‍ത്തകന് പൊതുഖജനാവിലേക്ക് കൊടുക്കേണ്ടി വന്നത് അരക്കോടിയോളം രൂപ!: K T ജലീല്‍

പ്ലസ് ടു കോഴക്കേസില്‍ കെ എം ഷാജിക്ക്(K M Shaji) തിരിച്ചടി കിട്ടിയ സംഭവത്തില്‍ പ്രതികരിച്ച് കെ ടി ജലീല്‍(K T Jaleel). പിടിച്ചെടുത്ത പണം തിരിച്ചുനല്‍കാനാവില്ലെന്ന് കോടതി പറഞ്ഞത് തന്റെ “പഴയ സുഹൃത്തിന്റെ ഫാഗ്യം” ആണെന്നാണ് ജലീല്‍ വിശേഷിപ്പിച്ചത്. അന്ന് ഒരു നയാപൈസ മുഖ്യന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കരുതെന്ന് മാലോകരോട് ചങ്കുപൊട്ടിപ്പറഞ്ഞ തന്റെ പഴയ സഹപ്രവര്‍ത്തകന് അവസാനം കേരളത്തിന്റെ പൊതു ഖജനാവിലേക്ക് മുതല്‍കൂട്ടേണ്ടി വന്നത് അരക്കോടിയോളം രൂപയാണ്. കേന്ദ്ര സര്‍ക്കാരിനെ പിണക്കേണ്ടെന്ന് കരുതി ഇ ഡിയ്ക്ക് അഴീക്കോട്ടെ തന്റെ വീടും സ്ഥലവും നേരത്തെ തന്നെ അദ്ദേഹം ‘ഹദിയ’ (സമ്മാനം) നല്‍കിയിരുന്നെന്നും ജലീല്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഇങ്ങനെയൊരു പ്രതികരണം നടത്തിയത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

എന്റെ പഴയ സുഹൃത്തിന്റെ ഒരു ഫാഗ്യം!

നാടും മേടും വീടും മലവെള്ളപ്പാച്ചിലില്‍ പകച്ച് നിന്ന കാലം.

നദികളും തോടുകളും കായലുകളും കവിഞ്ഞൊഴുകി കരയെ വിഴുങ്ങിയ നാളുകള്‍.

കുന്നും മലകളും നാട്ടിന്‍പുറങ്ങളെ മണ്ണും കല്ലുമിട്ട് പുതച്ചുമൂടിയ ദിനങ്ങള്‍.

തിമര്‍ത്ത് പെയ്യുന്ന മഴയും ആഞ്ഞ് വീശുന്ന കാറ്റും മലയാളികളെ വിറപ്പിച്ച രാപ്പകലുകള്‍.

ഡാമുകള്‍ തുറന്ന് വിട്ടപ്പോള്‍ രൗദ്രഭാവം പൂണ്ടെത്തിയ വെള്ളം മദയാനയെപ്പോലെ ഉറഞ്ഞുതുള്ളിയ ദിനരാത്രങ്ങള്‍.

ലോകം മുഴുവന്‍ കേരളത്തിനുമേല്‍ സഹായ ഹസ്തം നീട്ടി താങ്ങായി നിന്ന പ്രതിസന്ധി ഘട്ടം.

പതിറ്റാണ്ടുകളുടെ നേട്ടങ്ങള്‍ ആര്‍ത്തലച്ചെത്തിയ വെള്ളം തകര്‍ത്തെറിഞ്ഞ ശപിക്കപ്പെട്ട നിമിഷങ്ങള്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈക്കുഞ്ഞ് മുതല്‍ നൂറു വയസ്സ് പിന്നിട്ടവര്‍ വരെ ദേശ-ഭാഷ വ്യത്യാസമില്ലാതെ കഴിവിനപ്പുറം നല്‍കി സാമൂഹ്യ ബാദ്ധ്യത നിര്‍വ്വഹിച്ച ചരിത്ര മുഹൂര്‍ത്തം.

അന്ന് ഒരു നയാപൈസ മുഖ്യന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കരുതെന്ന് മാലോകരോട് ചങ്കുപൊട്ടിപ്പറഞ്ഞ എന്റെ പഴയ സഹപ്രവര്‍ത്തകന് അവസാനം കേരളത്തിന്റെ പൊതു ഖജനാവിലേക്ക് മുതല്‍കൂട്ടേണ്ടി വന്നത് അരക്കോടിയോളം രൂപ!

കേന്ദ്ര സര്‍ക്കാരിനെ പിണക്കേണ്ടെന്ന് കരുതി ED ക്ക് അഴീക്കോട്ടെ തന്റെ വീടും സ്ഥലവും നേരത്തെ തന്നെ അദ്ദേഹം ‘ഹദിയ’ (സമ്മാനം) നല്‍കിയിരുന്നു!

BJP സര്‍ക്കാരിന്: അഴീക്കോട്ടെ വീടും സ്ഥലവും

ഇടതു സര്‍ക്കാരിന്: അരക്കോടി.

ഇഞ്ചിക്കൃഷി നടത്തി ഇങ്ങിനെയൊക്കെ കയ്യയഞ്ഞ് സംഭാവന ചെയ്യാനും വേണം ഒരു ഫാഗ്യം!

(വാല്‍ക്കഷ്ണം: സമ്പന്നരായി ജനിച്ച് ദരിദ്രരായി മരിച്ച മഹാന്‍മാരായ ലീഗിന്റെ മണ്‍മറഞ്ഞ നേതാക്കളുടെ സംശുദ്ധ ജീവിതം അണികള്‍ക്ക് ക്ലാസ്സ് എടുക്കുന്നതിന് മുമ്പ് ആ മഹത്തുക്കളുടെ പേരുകള്‍ ഉച്ഛരിക്കാനുള്ള യോഗ്യതയെങ്കിലും ബന്ധപ്പെട്ടവര്‍ നേടാന്‍ ശ്രമിക്കുന്നത് നന്നാകും)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News