Kochi: യുവതിയെ കൊലപ്പെടുത്തിയ കേസ്; നേപ്പാളില്‍ പിടിയിലായ യുവാവിനെ കൊച്ചിയിലെത്തിക്കാന്‍ ശ്രമം

കൊച്ചി(Kochi) എളംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ നേപ്പാളില്‍(Nepal) പിടിയിലായ യുവാവിനെ കൊച്ചിയിലെത്തിക്കാന്‍ പൊലീസ്(police) ശ്രമം തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെയും എംബസിയുടേയും സഹായത്തോടെ മാത്രമെ ഇയാളെ കൊച്ചിയിലെത്തിക്കാന്‍ കഴിയൂ. എളംകുളത്ത് വാടകവീട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ റാം ബഹാദൂര്‍ ബസ്തിയെ കഴിഞ്ഞ ദിവസം നേപ്പാള്‍ പോലീസിന്റെ സഹായത്തോടെ പിടികൂടിയിരുന്നു.ഇയാളെ വിട്ടുകിട്ടുന്നതിനായി കൊച്ചി സിറ്റിപോലീസിലെ അഞ്ചംഗ സംഘം ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ തങ്ങിവരികയാണ്.

റാം ബഹാദൂര്‍ നേപ്പാള്‍ പൗരനായതിനാല്‍ എംബസി വഴിമാത്രമെ കൈമാറാനാകൂയെന്നാണ് നേപ്പാള്‍ പോലീസിന്റെ നിലപാട്.ഈ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടാനുള്ള നീക്കത്തിലാണ് പൊലീസ്. കൊലപാതകത്തിന് ശേഷം ഡല്‍ഹിയിലെത്തിയ റാം ബഹാദൂര്‍ ടാക്‌സിയിലാണ് നേപ്പാളിലേക്ക് പോയത്.ഡല്‍ഹിയിലെത്തിയ കൊച്ചി പോലീസ്, ടാക്‌സി ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് റാം ബഹാദൂറിന്റെ ഒളിസ്ഥലം പോലീസ് കണ്ടുപിടിക്കാനായത്.

കൊല്ലപ്പെട്ട നേപ്പാള്‍ സ്വദേശിനി ഭാഗീരഥി ഥാമിയുടെ ബന്ധു നേപ്പാള്‍ പോലീസില്‍ ജോലി ചെയ്യുന്നുണ്ട്. ഇയാളുടെ സഹായത്തോടെയാണ് നേപ്പാളിലെ ഒരു ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു റാം ബഹാദൂറിനെ പിടികൂടിയത്.ഇയാള്‍ക്ക് ഇവിടെത്തെ ആധാര്‍ കാര്‍ഡുണ്ടെന്നും വിട്ടുതരണമെന്നും കൊച്ചി പോലീസ് നേപ്പാള്‍ പോലീസിനോടാവശ്യപ്പെട്ടിരുന്നു.

എന്നാല്‍, താന്‍ നേപ്പാള്‍ പൗരനാണെന്ന് ഇയാള്‍ അറിയിച്ചതോടെയാണ് എംബസി വഴി മാത്രമെ പ്രതിയെ കൈമാറാനാകൂയെന്ന് നേപ്പാള്‍ പോലീസ് നിലപാടെടുത്തത്.ഇതിനിടെ കൊല്ലപ്പെട്ടത് ഭാഗീരഥി ഥാമിയെന്നുറപ്പിക്കാന്‍ വേണ്ടി ഡി എന്‍ എ പരിശോധനയ്ക്കായി യുവതിയുടെ മാതാപിതാക്കളുടെ രക്തസാമ്പിള്‍ പോലീസ് ശേഖരിച്ചിരുന്നു.കഴിഞ്ഞ മാസം 24നായിരുന്നു എളംകുളത്തെ വാടക വീട്ടില്‍ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here