തെരുവിന്റെ കവിതയെഴുതിയ റാസി

തെരുവിന്റെ കഥകള്‍ എന്നും വ്യത്യസ്തമാണ്. ആരും കേള്‍ക്കാത്തവയും അറിയാത്തവയുമാണവ. അതിനാല്‍ തന്നെ, അവയ്ക്ക് അനുഭവങ്ങളുടെ ആഴവും കൂടുതലാണ്. അത്തരത്തില്‍ ആഴമേറിയ, അര്‍ത്ഥതലങ്ങള്‍ ഒരുപാടുള്ള അക്ഷരങ്ങള്‍ കോര്‍ത്തിണക്കി, കവിതാലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ യുവകവിയുണ്ട്, തലസ്ഥാനത്തെ തെരുവില്‍. പരന്ന വായനയും പൊള്ളുന്ന ജീവിതാനുഭവങ്ങളും കൂട്ടായുള്ള റാസി. കൈരളി ന്യൂസ് ഓണ്‍ലൈനിന് വേണ്ടി റാസിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്:

  •  വളരെ ചുരുങ്ങിയ കാലയളവില്‍ത്തന്നെ റാസിയുടെ കവിതകള്‍ ഏവരുടെയും പ്രിയമുള്ളതായി മാറി. റാസിയ്ക്ക് ശരിയ്ക്കും കവിതയോടുള്ളപ്രണയം തുടങ്ങിയത് എപ്പോഴാണ്?

” ചെറുപ്പത്തിലേ വായിക്കാന്‍ ഏറെ ഇഷ്ടമുള്ള കൂട്ടത്തിലായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ, പത്രമുള്‍പ്പെടെ കയ്യില്‍ കിട്ടുന്നതെല്ലാം വായിക്കുമായിരുന്നു. പത്താം ക്ലാസില്‍ വെച്ച് ക്ലാസ് ടീച്ചര്‍ ഞാനറിയാതെ യുവജനോത്സവത്തിലെ കവിതാരചനാ മത്സരത്തില്‍ എന്റെ പേര് കൊടുത്തു. അങ്ങനെ ചുമ്മാ എഴുതി നോക്കിയപ്പോള്‍ സമ്മാനം കിട്ടി. അപ്പോഴാണ് ഇത് കൊള്ളാമല്ലോ എനിയ്ക്കും ഇതൊക്കെ പറ്റുമെന്ന് തോന്നിയത്. പിന്നെ, വായന പോലെ തന്നെ കവിതയയെും സ്‌നേഹിക്കാന്‍ തുടങ്ങി. ചിലതൊക്കെ പ്രസിദ്ധീകരിക്കാനും തുടങ്ങി. അന്ന് കള്ളപ്പേരിലൊക്കെ കവിതയെഴുതിയിട്ടുണ്ട്. ‘ധംറൂ’ എന്ന് പേരില്‍ ഒരുപാട് കവിതകളെഴുതിയിരുന്നു. പേരിന് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല. എല്ലാത്തിലും ഒരു വ്യത്യസ്തത ഇഷ്ടപ്പെടുന്ന ആളാണ് താന്‍. അതുകൊണ്ട് കള്ളപ്പേരും വ്യത്യസ്തമായിരിക്കട്ടെയെന്ന് കരുതി. അന്ന്, കവിതകള്‍ വായിച്ച് ഞാനാണ് എഴുതിയതെന്നറിയാതെ പല പ്രമുഖ രചയിതാക്കളും എന്നെ വിളിച്ച് സംസാരിച്ചിട്ടുമുണ്ട്.”

  •  ആദ്യ കവിതയ്ക്ക് ലഭിച്ച പ്രതികരണമെന്തായിരുന്നു? കവിതകള്‍ ലോകത്തിന് മുന്നിലേക്ക് എത്തിക്കണമെന്ന് തോന്നിയതെപ്പോഴാണ്?

” ആദ്യ കവിത സ്‌കൂള്‍ മാഗസിനിലായിരുന്നു. സത്യം പറഞ്ഞാല്‍, അന്നൊന്നും പ്രോത്സാഹിപ്പിക്കാന്‍ ആരുമില്ലായിരുന്നു. ഞാന്‍ എഴുതിയത് എന്റെ ഇഷ്ടത്തിനായിരുന്നു. എന്റെ സംതൃപ്തിയ്ക്കും. പിന്നീട്, കവിതയിലെ ആശയങ്ങള്‍ സമൂഹത്തിലേക്ക് കൂടെ എത്തിയ്ക്കണമെന്ന് തോന്നി. അങ്ങനെയാണ് പ്രസിദ്ധീകരണം എന്ന ഐഡിയ മനസ്സിലുദിച്ചത്. തുടക്കത്തില്‍ പത്രങ്ങളിലാണ് കവിതകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. കവിയായി എന്നെ ആളുകള്‍ തിരിച്ചറിയുക എന്നതിലുപരി കവിതയിലെ ഉള്ളടക്കം ആളുകളിലേക്കെത്തുക എന്നതിനായിരുന്നു പ്രാധാന്യം. അതിനാലാണ് ആദ്യകാലത്ത് കള്ളപ്പേരിലൊക്കെ എഴുതിയതും.”

  •  ദിവസത്തിന്റെ ഭൂരിഭാഗവും റാസി ചെലവഴിയ്ക്കുന്നത് തെരുവോരങ്ങളിലാണല്ലോ. ഓരോ ദിനവും ഓരോ വ്യത്യസ്ത കാഴ്ചകള്‍ തെരുവില്‍ കാണാനുമാകും. ആ കാഴ്ചകള്‍ കവിതയെഴുത്തിനെ സ്വാധീനിയ്ക്കാറുണ്ടോ?

“തീര്‍ച്ചയായും. ഞാന്‍ കച്ചവടം ചെയ്യുന്നതും പല ദിവസങ്ങളിലും കിടക്കുന്നത് പോലും തെരുവിലാണ്. അതിനാല്‍ തന്നെ, ഇവിടുത്തെ ഓരോകാഴ്ചകളും എന്നെ സ്വാധീനിക്കാറുണ്ട്, എന്റെ കവിതയെയും. വ്യത്യസ്ത സാഹചര്യങ്ങളുള്ള, വിവധതരം ജനങ്ങളാണ് ഓരോ ദിവസവും തെരുവിലെത്താറ്. അതുകൊണ്ട് തന്നെ, ഓരോ ദിവസത്തെയും കാഴ്ചകളും വേറെ വേറെയായിരിക്കും. ഒരു കാഴ്ചക്കാരനെന്ന നിലയില്‍ അതെല്ലാം എന്നെ സ്പര്‍ശിയ്ക്കാറുണ്ട്. അവയെല്ലാം അറിഞ്ഞോ അറിയാതെയോ കവിതകളില്‍ വരാറുമുണ്ട്.”

  •  റാസിയെപ്പോലെ തെരുവോരങ്ങളില്‍ ജീവിതമാര്‍ഗം കണ്ടെത്തുന്നവരുടെ കഴിവുകള്‍ ആരും അറിയപ്പെടാതെ പോകുന്നതായി തോന്നിയിട്ടുണ്ടോ?

“ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഏറെ കഷ്ടപ്പെടുന്നവരാണ് തെരുവോരങ്ങളിലുള്ളത്. അവരുടെ കഴിവുകള്‍ പുറത്ത് വരാറില്ലെന്നതാണ് ഒരു യാഥാര്‍ത്ഥ്യം. അഥവാ വന്നാലും വേണ്ടത്ര ശ്രദ്ധ കിട്ടാറില്ല. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ പതിയെ മാറി വരുന്നുണ്ട്. അതിനുദാഹരണമാണ് ഞാന്‍. നിരവധി വലിയ ആളുകളാണ് എന്നോട് സംസാരിക്കാന്‍ വരാറ്. നിറയെ സ്‌നേഹമാണ് അവര്‍ക്ക്. വലിയ സപ്പോര്‍ട്ട് ആണ് എനിക്കിപ്പോള്‍ കിട്ടുന്നത്. തെരുവിലുള്ളവര്‍ക്കെല്ലാം ഇതൊക്കെ കാണുമ്പോള്‍ അത്ഭുതമാണ്. പുതിയ പുസ്തകത്തിന്റെ പേര് ‘മാജിക്കല്‍ സ്ട്രീറ്റിസം’ എന്നാണ്. ആദ്യ രണ്ട് പുസ്തകങ്ങള്‍ക്കും നല്ല റീച്ച് കിട്ടിയിരുന്നു. രണ്ടാമത്തെ പുസ്തകമായ ‘Enro'(Blacklash Publica) ഇപ്പോഴും വിറ്റു പോകുന്നുണ്ട്. ആരും തിരിച്ചറിയണമെന്ന് കരുതിയിട്ടല്ല ഞാന്‍ കവിതകളെഴുതാറ്. എന്റെ അനുഭവങ്ങളും കണ്‍മുന്നില്‍ കാണുന്നവയും കവിതയായി കുറിയ്ക്കുമെന്നേയുള്ളൂ. പിന്നെ, ആളുകളുടെ സ്‌നേഹം കാണുമ്പോള്‍ ഒരുപാട് സന്തോഷമാവാറുണ്ട്.”

കാലങ്ങളായി തിരുവനന്തപുരത്ത് കിഴക്കേ കോട്ടയുടെ തെരുവോരങ്ങളില്‍ കച്ചവടം നടത്തി വരുന്ന റാസിയ്ക്ക് പറയാനേറെയുണ്ട്. റാസിയെപ്പോലെ നിരവധി പേരാണ് തെരുവുകളിൽ കലയുടെ ലോകത്ത് ജീവിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here