കേരളത്തിന്റെ ഇടപെടല്‍: പഞ്ചായത്തില്‍ ഒരേ സമയം 20 തൊഴിലുറപ്പ് പ്രവൃത്തികള്‍ എന്ന നിര്‍ദേശം കേന്ദ്രം തിരുത്തി

പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഒരേ സമയം 20 പ്രവൃത്തികള്‍ എന്ന നിയന്ത്രണത്തില്‍ നിന്ന് പിന്മാറി കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ മാത്രം അന്‍പത് പ്രവൃത്തികള്‍ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസനമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കേരള സര്‍ക്കാര്‍ നിരന്തരമായി ആവശ്യപ്പെട്ടതിന്റെ ഭാഗമായിട്ടാണ് കേന്ദ്രം നിയന്ത്രണത്തില്‍ ഇളവ് നല്‍കുന്നത്.

നിയന്ത്രണത്തിനുള്ള തീരുമാനം വന്നയുടന്‍ അന്നത്തെ തദ്ദേശ സ്വയം ഭരണ മന്ത്രി എം വി ഗോവിന്ദന്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. ചുമതലയേറ്റെടുത്തത് മുതല്‍ മന്ത്രി എം ബി രാജേഷും വിഷയത്തില്‍ സജീവമായി ഇടപെട്ടിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭങ്ങളും അരങ്ങേറി. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരന്തര ഇടപെടലിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാരിന് തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകേണ്ടിവന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള നിരന്തര ആവശ്യത്തിന്റെ ഭാഗമായിട്ടാണ് തീരുമാനം പുനപരിശോധിച്ചതെന്ന് കേന്ദ്രത്തിന്റെ കത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. മുന്‍ തീരുമാനം തിരുത്തിയെങ്കിലും, ഒരേ സമയം അന്‍പത് പ്രവര്‍ത്തികള്‍ എന്ന നിബന്ധനയും ഉചിതമല്ല. തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് തന്നെ മാതൃകാപരമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. കോവിഡാനന്തര കാലത്ത് പ്രാദേശിക സാമ്പത്തിക വികസനത്തിലുള്‍പ്പെടെ തൊഴിലുറപ്പ് പദ്ധതിക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. വൈവിധ്യവും നൂതനുവുമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി സര്‍ക്കാര്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോവുകയാണെന്നും മന്ത്രി അറിയിച്ചു.

ഗ്രാമപഞ്ചായത്തില്‍ ഒരേ സമയം ഇരുപത് പ്രവൃത്തി മാത്രമേ ഏറ്റെടുക്കാവൂ എന്നതായിരുന്നു കേന്ദ്രത്തിന്റെ മുന്‍ നിര്‍ദേശം. ആവശ്യപ്പെടുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരു വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ എന്ന തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്തക്ക് തന്നെ എതിരായിരുന്നു ഈ നിബന്ധന. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പഞ്ചായത്ത് ഘടനയല്ല കേരളത്തിലേത്. ഇതര സംസ്ഥാനങ്ങളിലെ ഒരു ഗ്രാമ പഞ്ചായത്തിന്റെ അത്രയും ജനസംഖ്യ കേരളത്തിലെ ഒരു വാര്‍ഡില്‍ മാത്രമുണ്ട്. ഇത്തരത്തിലുള്ള 13 മുതല്‍ 23 വരെ വാര്‍ഡുകള്‍ ഉള്ളവയാണ് കേരളത്തിലെ ഗ്രാമ പഞ്ചായത്തുകള്‍. ഒരേ സമയം ഒരു വാര്‍ഡില്‍ തന്നെ ഏറെ പ്രവൃത്തികള്‍ നടത്തിയാണ് തൊഴിലാളികളുടെ തൊഴില്‍ ഡിമാന്റ് കേരളം നിലവില്‍ നിര്‍വഹിക്കുന്നത്. അതിനാല്‍ തന്നെ പല വാര്‍ഡിലും ഒരു പ്രവൃത്തി പോലും നടത്താനാകില്ലെന്ന സ്ഥിതി വന്നിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയത്.

തൊഴിലുറപ്പ് പദ്ധതി സാമഗ്രികള്‍ ഉപയോഗിച്ചതിന്റെ (മെറ്റീരിയല്‍ കോമ്പണന്റ്) കുടിശിക ലഭ്യമാകാത്ത പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. എല്ലാ വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്കും വെന്‍ഡേഴ്‌സിനും ഇനിയും പണം നല്‍കാനായിട്ടില്ല. കേന്ദ്രത്തിന്റെ സോഫ്റ്റ്വെയറായ പിഎഫ്എംഎസിന്റെ ഐഡി വെന്‍ഡേഴ്‌സിന് ലഭിക്കുന്നതിനുള്ള കാലതാമസമാണ് ഇതിന് കാരണം. തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച തുക നല്‍കുന്നതിന് കൃത്യമായ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്രം, പൂര്‍ണമായും കേന്ദ്രസഹായത്തോടെ നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുള്ള സോഷ്യല്‍ ഓഡിറ്റ് നടത്തിപ്പിന് പണം തരാത്ത സാഹചര്യവുമുണ്ട്. 19 കോടി നല്‍കേണ്ട സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ആകെ അനുവദിച്ചത് 2.96കോടി മാത്രമാണ്. ഒട്ടും മുന്നോട്ടുപോകാനാകാത്ത പ്രതിസന്ധി വന്നപ്പോള്‍ മൂന്ന് കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് അഡ്വാന്‍സായി അനുവദിച്ച് നല്‍കിയത്. വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ഓണറേറിയം കുടിശികയാകുന്ന സ്ഥിതി ഉള്‍പ്പെടെ ഇതിന്റെ ഫലമായി സൃഷ്ടിക്കപ്പെടുകയാണ്. തൊഴിലുപകരണത്തിന് മൂര്‍ച്ച കൂട്ടാനുള്ള ഫണ്ട് ഇല്ലാതാക്കിയതും പ്രതിഷേധാര്‍ഹമാണ്. എന്‍എംഎംഎസ് ആപ്പിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ മൂലം തൊഴിലാളികള്‍ ജോലിക്കെത്തിയാലും ഹാജര്‍ രേഖപ്പെടുത്താനാകാതെ, കൂലി നഷ്ടമാകുന്ന സ്ഥിതിയും നിലവിലുണ്ട്. പലപ്പോഴും ആപ്പ് ശരിയായി പ്രവര്‍ത്തിക്കാത്തതും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്. ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും കേന്ദ്രസര്‍ക്കാരില്‍ നിരന്തര ഇടപെടല്‍ കേരളം നടത്തിവരുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം പത്തരക്കോടി തൊഴില്‍ ദിനങ്ങള്‍ സാധ്യമാക്കിയ കേരളത്തിന് ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ആറ് കോടി തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് ലഭിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസം കൊണ്ട് തന്നെ 4,77,44,000 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കേന്ദ്രം അനുവദിച്ചതിന്റെ 80% മാണ് ഇത്. കഴിഞ്ഞ രണ്ട് വര്‍ഷവും 10 കോടിയിലധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. 2021- 22 വര്‍ഷം കേരളത്തില്‍ തൊഴില്‍ കാര്‍ഡ് എടുത്തിരുന്ന 40,83,420 കുടുംബങ്ങളില്‍ തൊഴില്‍ ആവശ്യപ്പെട്ട 16,45,183 കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു. ഇതില്‍5,12,823 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ ലഭിച്ചു. 2021-22ല്‍ 10,59,66,005 തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News