ADVERTISEMENT
കെ എം ഷാജി(KM Shaji)യുടെ തെരഞ്ഞെടുപ്പ് ഫണ്ട് കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രാഥമിക അന്വേഷണം തുടങ്ങി. ഫണ്ട് സംബന്ധിച്ച വിജിലൻസിന്റെ കണ്ടെത്തലുകളെ തുടർന്നാണ് അന്വേഷണം. കെ.എം ഷാജി നടത്തിയ ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങൾ ചൂണ്ടിക്കാട്ടി വിജിലൻസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഷാജിയുടെ അഴിക്കോട്ടെ വസതിയിൽ നിന്നും പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. എന്നാൽ ഇത് കള്ളപ്പണമാണെന്ന വിജിലൻസ് നിലപാട് അംഗീകരിച്ച കോടതി ഷാജിയുടെ നിലപാട് തളളിയിരുന്നു.
പിന്നീട് ഈ പണം കണ്ടുകെട്ടാൻ സംസ്ഥാന സർക്കാറും ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും നടപടികൾ ആരംഭിച്ചിരിക്കുന്നത്. പ്രധാനമായും മൂന്ന് ചട്ടലംഘനങ്ങളാണ് വിജിലൻസ് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പാർട്ടിനകത്ത് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിബന്ധന അനുസരിച്ച് 10000ൽ കുറവ് തുക മാത്രമേ തെരഞ്ഞെടുപ്പ് ഫണ്ടായി നേരിട്ട് കൈപ്പറ്റാൻ പാടുള്ളു.
അതിന് മുകളിലുള്ള തുക അക്കൗണ്ട് വഴിയേ നൽകാൻ പാടുള്ളൂ. എന്നാൽ പിടിച്ചെടുത്ത തുക തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് കാണിക്കാൻ ഷാജി കോടതിയിൽ സമർപ്പിച്ച റസീറ്റുകൾ 10000,15000,20000 രൂപയുടെതാണ്. മറ്റൊരു കാര്യം ഈ പിടിച്ചെടുത്ത തുക ഷാജി തിരഞ്ഞെടുപ് കമ്മീഷന് നൽകിയ വരവ്ചെലവ് കണക്കുകളുടെ ലെഡ്ജറിൽ കാണിച്ചിട്ടില്ല എന്നതാണ്.
ഈ ലെഡ്ജറിൻ്റെ പകർപ്പും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. മൂന്നാമത്തെ പ്രശ്നം തിരഞ്ഞെടുപ്പ് കാലത്ത് ഇത്രയും തുക വീട്ടിൽ സൂക്ഷിച്ചു എന്നതാണ്. ഇതും ഗുരുതരമായ ചട്ടലംഘനമാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യങ്ങളൊക്കെ വളരെ ഗൗരവമായാണ് എടുത്തിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.