World Bank: ഖരമാലിന്യ പരിപാലന പദ്ധതി; തൃപ്തി അറിയിച്ച് ലോകബാങ്ക്

ഖരമാലിന്യ പരിപാലന രംഗത്തെ കേരളത്തിന്റെ(Kerala) ഇടപെടലുകളില്‍ സംതൃപ്തി അറിയിച്ച് ലോകബാങ്ക്(World Bank) സംഘം. ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന കേരളാ ഖരമാലിന്യ പരിപാലന പദ്ധതി (KSWMP) പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷുമായി(M B Rajesh) ലോകബാങ്ക് സംഘം ചര്‍ച്ച നടത്തി. മാലിന്യമുക്ത കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമായി ഏറ്റെടുക്കുകയാണെന്ന് മന്ത്രി ലോകബാങ്ക് സംഘത്തെ അറിയിച്ചു. സമയബന്ധിതമായി ഖരമാലിന്യ പരിപാലന പദ്ധതി സംസ്ഥാനം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണത്തില്‍ കേരളത്തിനുള്ള സഹായം തുടര്‍ന്നും ഉറപ്പാക്കുമെന്ന് ലോകബാങ്ക് സംഘം വ്യക്തമാക്കി.

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സമയബന്ധിതമായി കൈവരിക്കാനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി ലോകബാങ്ക് സംഘത്തോട് പറഞ്ഞു. നവീനവും ഫലപ്രദവുമായ മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ലോകബാങ്കില്‍ നിന്ന് തുടര്‍ന്നും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നഗരവികസന പദ്ധതികളില്‍ കേരള സര്‍ക്കാരുമായി സഹകരിക്കാനുള്ള സന്നദ്ധത സംഘം മന്ത്രിയെ അറിയിച്ചു. ലോകബാങ്ക് സംഘത്തലവനും സീനിയര്‍ അര്‍ബന്‍ എക്കണോമിസ്റ്റുമായ സിയു ജെറി ചെന്‍, സീനിയര്‍ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് തിയറി മാര്‍ട്ടിന്‍, നഗരകാര്യ എഞ്ചിനീയറിംഗ് വിദഗ്ധന്‍ പൂനം അലുവാലിയ ഖാനിജോ, അര്‍ബന്‍ കണ്‍സള്‍ട്ടന്റ് റിദ്ദിമാന്‍ സാഹാ, തദ്ദേശ സ്വയം ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, KSWMP ഡെപ്യൂട്ടി ഡയറക്ടര്‍ യു വി ജോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ദക്ഷിണേഷ്യയിലെ തന്നെ ലോകബാങ്കിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്ടുകളിലൊന്നാണ് കേരളത്തിലേത്. നഗരങ്ങള്‍ കൂടുതല്‍ വൃത്തിയുള്ളതും ആരോഗ്യപ്രദവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 30 കോടി ഡോളര്‍ (2300കോടി രൂപ) ചിലവഴിച്ച് 87 മുന്‍സിപ്പാലിറ്റികളിലും 6 കോര്‍പറേഷനുകളിലും ആറ് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ 10.5 കോടി ഡോളര്‍ വീതം ലോകബാങ്കും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ടറല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കും നല്‍കും. ബാക്കി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമാണ്. ശുചിത്വമിഷന്‍, ഹരിതകേരള മിഷന്‍, ക്ലീന്‍ കേരളാ കമ്പനി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2027 ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News